ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കംപ്ലീറ്റ് ആക്‌ടറെന്ന് പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നൽകുന്ന ചടങ്ങിലായിരുന്നു പ്രശംസ. ഇന്നലെ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ലാലിന് ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്‌കാരം നൽകി. ആർദ്രത മുതൽ തീവ്രം വരെയുള്ള വികാരങ്ങളെ ലാൽ അനായാസമായി അവതരിപ്പിച്ചുവെന്നും മുർമു കൂട്ടിച്ചേർത്തു.
നൂറുകണക്കിന് പേർ വിഗ്യാൻ ഭവനിലും, ലോകമെമ്പാടുമുള്ള മലയാളികൾ ടി.വിയിലൂടെയും സാമൂഹികമാദ്ധ്യമങ്ങളിലൂടെയും ചടങ്ങിന് സാക്ഷിയായി. സ്വർണ കമലവും 10 ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. മുണ്ടും കുർത്തയും ധരിച്ച് മലയാള തനിമയിലാണ് മോഹൻലാലെത്തിയത്. ഒപ്പം ഭാര്യ സുചിത്രയും സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. ലാലിനെ കണ്ടതും സദസിൽ വൻ കൈയ്യടിയുയർന്നു. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ലാലിനെ ചേർത്തണച്ചു. മികച്ച നടിയായ റാണി മുഖർജി ഹസ്‌തദാനം നൽകി.
ബോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും പ്രമുഖർ മോഹൻലാലിനെ അഭിനന്ദിച്ചു. ഇതിനിടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രസംഗം തുടങ്ങിയത് ഏറ്റവുമധികം കൈയടി നൽകേണ്ടത് മോഹൻലാലിനാണെന്ന് പറഞ്ഞപ്പോൾ പിറന്നത് മിനിട്ടുകൾ നീണ്ടു കൈയ്യടി. 'നിങ്ങളൊരു ഉഗ്രൻ ആക്‌ടറാണെന്ന്" മലയാളത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. യഥാർത്ഥ ഇതിഹാസമെന്നും ലാലിനെ കേന്ദ്രമന്ത്രി പ്രകീർത്തിച്ചു.
'ലാലേട്ടൻ"എന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു വിശേഷിപ്പിച്ചത്. ലാലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' മുതൽ ആരംഭിച്ച സിനിമാ പ്രയാണം സംബന്ധിച്ച ഹ്രസ്വ ചിത്രവും പ്രദർശിപ്പിച്ചു. 2023 ലെ പുരസ്‌കാരമാണ് വിതരണം ചെയ്‌തത്.
'സിനിമ എന്റെ ആത്മാവിന്റെ സ്‌പന്ദനം"
പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രസംഗിച്ചപ്പോൾ ലാലിന്റെ കണ്ണുകൾ നിറഞ്ഞു. മലയാള സിനിമയിലെ മഹാരഥന്മാരുടെ അനുഗ്രഹമാണ് പുരസ്‌കാരലബ്ധിയെന്ന് അദ്ദേഹം പറഞ്ഞു. അവർക്കും മലയാള സിനിമാവ്യവസായത്തിനും പ്രേക്ഷകർക്കും പുരസ്‌കാരം സമർപ്പിക്കുന്നു. സിനിമയിൽ പരിമളം പരത്തി കടന്നുപോയ, ഇപ്പോഴും പ്രചോദനമായ ആ മഹദ്‌വ്യക്തികൾക്കുള്ള ബഹുമതിയാകട്ടെ ഈ നിമിഷമെന്ന് ലാൽ പറഞ്ഞു. മൺമറഞ്ഞുപോയവരെ ഓർത്ത് കുമാരനാശാന്റെ വീണപൂവിലെ രണ്ടുവരി കവിതയും ചൊല്ലി. 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിതു". അതേസമയം ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ലെന്നും തത്കാലം സിനിമയാണ് ജീവിത മാർഗമെന്നും ലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |