ന്യൂഡൽഹി: ജില്ലാ ജഡ്ജി ലെെംഗികമായി അതിക്രമം നടത്തിയെന്ന വനിതാ ജഡ്ജിയുടെ പരാതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലഹബാദ് ഹെെക്കോടതിയോട് റിപ്പോർട്ട് തേടി. ഉത്തർപ്രദേശ് ബാന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. ബാന്ദയിലെ ജില്ലാ ജഡ്ജിക്കും കൂട്ടാളികൾക്കും എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉടൻ മറുപടി നൽകാനും അലഹബാദ് ഹെെക്കോടതി രജിസ്‌ട്രാറോട് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിട്ടുണ്ട്.
തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വനിതാ ജഡ്ജി കത്തെഴുതിയത്. ഇത് കത്ത് സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയത്. ജഡ്ജി ലെെംഗികമായി അതിക്രമം നടത്തിയെന്നും രാത്രിയിൽ വന്നു കാണാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം നടത്തുന്ന ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെയുള്ള നടപടികളുടെ തൽസ്ഥിതി ആവശ്യപ്പെട്ട് ഇന്നലെ വെെകുന്നേരമാണ് ഹെെക്കോടതി രജിസ്‌ട്രാർ ജനറലിന് ചീഫ് ജസ്റ്റിസ് കത്തയച്ചത്.
'എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി എന്നെ മരിച്ചതിന് തുല്യമാക്കി മാറ്റി. ആത്മാവ് ഇല്ലാത്തതും നിർജീവവുമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഒരു പ്രയോജനവുമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. മാന്യമായ രീതിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ എന്നെ അനുവദിക്കണം' - വനിതാ ജഡ്ജിയുടെ കത്തിൽ പറയുന്നു.
ഡിസംബർ നാലിനാണ് വനിതാ ജഡ്ജി സുപ്രീംകോടതിയിൽ പരാതി നൽകിയത്. 2022ൽ അലഹബാദ് ഹെെക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്‌ട്രേറ്റർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് വനിതാ ജഡ്ജി ഹെെക്കോടതി ഇന്റേണൽ കംപ്ലയിന്റെ കമ്മിറ്റിക്ക് (ഐ സി സി) പരാതി നൽകുകയായിരുന്നു. ഈ വർഷം ജൂലായിലാണ് പരാതി നൽകിയത്.
ആയിരത്തോളം ഇമെയിലുകൾ ചെയ്ത ശേഷമാണ് ഐ സി സിയുടെ അന്വേഷണം ആരംഭിച്ചത്. ആ അന്വേഷണം കപടവും പ്രഹസനവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികൾ. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികൾ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും വനിതാ ജഡ്ജി കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |