ന്യൂഡൽഹി: വീടിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. പാതി വഴിയിൽ നിന്നു പോകുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്‌ടുകളെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്രസർക്കാർ പുനരുജ്ജീവന ഫണ്ട് രൂപീകരിക്കണം. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളുടെ ഭവന നിർമ്മാണ പദ്ധതികൾ പാതിവഴിയിൽ നിലച്ചത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ചിലയിടങ്ങളിൽ പണി ആരംഭിച്ചിട്ടു പോലുമില്ല. ഒരു വീടല്ലെങ്കിൽ ഫ്ളാറ്റ് ആഗ്രഹിച്ച് പണം മുടക്കിയവരാണ് പെട്ടു പോകുന്നത്. വീടിനുള്ള അവകാശം കമ്പനിയുമായുള്ള കരാർ പ്രകാരമുള്ളത് മാത്രമല്ല. മൗലികാവകാശവുമാണ്. വീട് വാങ്ങുന്നവർ ഇന്ത്യയുടെ നഗര വികസനത്തിന്റെ നട്ടെല്ലാണ്. അവരെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്രത്തെ കോടതി ഓർമ്മിപ്പിച്ചു.
വീട് സുരക്ഷിത ഇടം
വീട് തലയ്‌ക്ക് മുകളിലുള്ള മേൽക്കൂര മാത്രമല്ല. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും സാക്ഷാത്കാരമാണ്. കുടുംബത്തിന് സുരക്ഷിതമായ ഇടവും, ലോകത്തിലെ ആശങ്കകളിൽ നിന്നുള്ള അഭയ കേന്ദ്രവുമാണ്. അവരുടെ താത്പര്യം സംരക്ഷിക്കാതെ നിശബ്‌ദനായ കാഴ്ചക്കാരനായി നിൽക്കാൻ സർക്കാരിന് കഴിയില്ല. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയെ പല്ലു കാെഴിഞ്ഞ സിംഹമായി പരുവപ്പെടുത്താൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ട്രൈബ്യൂണലുകൾ സ്ഥാപിച്ചും റിയൽ എസ്റ്റേറ്റ് രംഗത്തെ മോശം പ്രവണതകൾക്ക് തടയിടണം. മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കാൻ ഉത്തരവിടുമെന്നും കോടതി സൂചന നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |