ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി അംഗീകരിച്ചു. കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യയുമായാണ് വിസ്‌മയയുടെ ഭർത്താവായ കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് കെ ബിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹൈക്കോടതിയിലെ ക്രിമിനൽ അപ്പീൽ വേഗത്തിൽ തീരുമാനമാകും. അതുവരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നായിരുന്നു കിരണിന്റെ ഹർജിയിലെ ആവശ്യം. നിലവിൽ പരോളിലാണ് കിരൺ. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പത്ത് വർഷം തടവുശിക്ഷയും 12 ലക്ഷം രൂപ പിഴയും വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ ഹർജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നിരുന്നില്ല. കിരൺ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് വാദം.
2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺ കുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വീട്ടിൽ വച്ചുള്ള ആക്രമണങ്ങൾക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് കിരൺ കുമാർ പ്രശ്നം ഉണ്ടാക്കിയെന്ന് സാക്ഷിമൊഴികളുണ്ട്. സ്ത്രീധന തർക്കം സംബന്ധിച്ച ഫോൺ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |