
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സഹപ്രവര്‍ത്തകനോട് പക മൂത്ത് യുവതി നടത്തിയത് കടുത്ത പ്രയോഗം. സംഭവത്തില്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ റോബോട്ടിക് എഞ്ചിനീയറായ റെനെ ജോഷില്‍ഡ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനോട് കടുത്ത പ്രണയം തോന്നിയ യുവതി വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇതിന് യുവാവിന് താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവാവിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് കുടുക്കാന്‍ ആണ് ശ്രമിച്ചത്.
യുവാവിനോട് പ്രതികാരം ചെയ്യാന്‍ 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഇവര്‍ അയച്ചത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്.അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനാപകടം നടന്ന ബി.ജെ മെഡിക്കല്‍ കോളേജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തി.
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടെ പ്രണയമോ വിവാഹാഭ്യര്‍ത്ഥനയോ യുവാവ് അംഗീകരിച്ചിരുന്നില്ല. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ നിരവധി വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയക്കുകയായിരുന്നുവെന്ന് പൊലീസ് ജോയന്റ് കമ്മീഷണര്‍ ശരത് സിംഗാള്‍ പറഞ്ഞു. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു ഭീഷണി സന്ദേശങ്ങള്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |