രാജവെമ്പാലയും അണലിയും പോലെ ഒരു കൊത്തിന് ജീവനെടുക്കാൻ സാധിക്കുന്ന നിരവധി പാമ്പുകളുണ്ട്. അതിനാൽത്തന്നെ ഇവയെ ഏറെ സൂക്ഷിക്കേണ്ടതാണ്. എന്നാൽ ജീവൻ പണയംവച്ചും കോമാളിത്തരങ്ങൾ കാണിക്കുന്ന ചിലരുണ്ട്. അത്തരത്തിലൊരാളുടെ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പാമ്പിനെ കൈത്തണ്ടയിൽ ചുറ്റി ബൈക്കിൽ സഞ്ചരിക്കുന്ന യുവാവാണ് വീഡിയോയിലുള്ളത്. 'just.see0810' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. ആരാണ് പാമ്പിനെ കൈയിൽ ചുറ്റിയതെന്നോ, എവിടെയുള്ള സംഭവമാണെന്നോ വ്യക്തമല്ല. എന്നിരുന്നാലും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മദ്ധ്യപ്രദേശിനെ സൂചിപ്പിക്കുന്നു.
പാമ്പ് കൈയിൽ ചുറ്റിപ്പിടിച്ചിട്ടും യാതൊരു പേടിയുമില്ലാതെ, വളരെ ആത്മവിശ്വാസത്തോടെയാണ് ആ മനുഷ്യൻ വണ്ടിയോടിക്കുന്നത്. 'പിശാച് എന്നെ അച്ഛാ എന്ന് വിളിക്കുന്നു'- എന്ന വാചകവും ബൈക്കിന് പിന്നിൽ എഴുതിയിട്ടുണ്ട്.
ഇയാളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വീഡിയോയുടെ താഴെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. ആ മനുഷ്യൻ എത്ര അശ്രദ്ധമായാണ് പാമ്പിനെ കൈകാര്യം ചെയ്തിരിക്കുന്നത്, അയാൾ ഒരു പാമ്പ് പിടുത്തക്കാരനോ മന്ത്രവാദിയോ ആയിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
'ഇത്രയും വിചിത്രമായ കാര്യങ്ങൾ എങ്ങനെയാണ് ആളുകൾ ചെയ്യുന്നത്. ഒരു പാമ്പിനെ കൈയിൽ ചുറ്റിപ്പിടിച്ചിരിക്കുമ്പോൾ ആ മനുഷ്യൻ എങ്ങനെ ശാന്തമായി ബൈക്ക് ഓടിക്കുന്നു? ഇത് വെറും ഭ്രാന്താണ്.'- എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |