കൊച്ചി: മധുരമൂറും രുചികൾ സമ്മാനിച്ച് ഒരു മാമ്പഴക്കാലംകൂടി കടന്നുപോകുന്നു. ജില്ലയിൽ ഇക്കുറി വിറ്രഴിച്ചത് കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി മാമ്പഴം! നീലൻ മാങ്ങയുടെ വില്പന പൊടിപൊടിച്ചു. തൊട്ടുപിന്നിൽ ബംഗരപ്പള്ളിയുമുണ്ട്. ഉത്പാദനം ഇരട്ടിയാവുകയും വില ഇടിഞ്ഞതുമാണ് മാമ്പഴ വില്പന ഉയർത്തിയത്. കൊച്ചിക്കാർക്ക് ഏറെ പ്രിയമുള്ള നീലന് കിലോ 35 രൂപയാണ് എറണാകുളം മാർക്കറ്റിലെ വില. ബംഗരപ്പള്ളിക്ക് 45 രൂപയും. സീസൺ കഴിയാറായതിനാൽ വില ഉയർന്നേക്കും.
രാജ്യത്ത് ആദ്യം മാവുകൾ പൂക്കുന്നത് കേരളത്തിലാണ്. നവംബർ, ഡിസംബർ മാസത്തിൽ പൂവിടുകയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുപ്പ്. കാലാവസ്ഥയിലെ മാറ്റം കാരണം കേരളത്തിൽ വിളവെടുപ്പ് അയൽ സംസ്ഥാനങ്ങൾക്ക് ഒപ്പമായി. മികച്ച കാലാവസ്ഥ ലഭിച്ചതിനാൽ തമിഴ്നാട്ടിലടക്കം നല്ല വിളവ് ലഭിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഏതാണ്ട് ഒരേസമയം മാമ്പഴങ്ങൾ മാർക്കറ്റിലേക്ക് എത്തുന്ന സ്ഥിതി കർഷകരെ വെട്ടിലാക്കി. ഇതോടെ ഉപഭോക്താക്കൾക്ക് കോളടിച്ചു.
അൽഫോൺസ, ബംഗനാപ്പള്ളി, സിന്ദൂരം, തോത്താപുരി, കാലാപാടി, മല്ലിക, നാട്ടശാല, ബംഗ്ലോറ, പ്രിയൂർ, ഹിമപ്രശാന്ത് എന്നിവയ്ക്കെല്ലാം വിലകുറഞ്ഞു. പൊതുവെ ഭേദപ്പെട്ട വില ലഭിച്ചിരുന്ന നാട്ടുമാങ്ങകളായ ചന്ത്രക്കാരൻ, മൂവാണ്ടൻ, നീലം, നാടൻ പ്രിയൂർ, കർപ്പൂരം, കോട്ടൂർക്കോണം, വരിക്ക, നാട്ടുമാങ്ങ, കിളിച്ചുണ്ടൻ, ഒട്ടുമാങ്ങ തുടങ്ങിയെല്ലാം വിലയിടിവിൽ അടിതെറ്റിവീണു. എറണാകുളം മാർക്കറ്റിൽ ഈ സീസണിൽ പ്രതിദിനം രണ്ട് മുതൽ മൂന്ന് ലോഡ് വരെ മാമ്പഴം എത്തി. പോയ വർഷങ്ങളിൽ ഒരു ലോഡ് വന്നിടത്താണിത്.
കർഷകർക്ക് കണ്ണീർ
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിളവ് ഇരട്ടിയായിട്ടും കർഷകർക്ക് ഇക്കുറി കണ്ണീർ നനവുള്ള മാമ്പഴക്കാലമാണ്. വിളവിൽ നിശ്ചിത ശതമാനം മാമ്പഴങ്ങൾ ജ്യൂസ് കമ്പനികൾ വാങ്ങുകയാണ് പതിവ്. ഇക്കുറി ജ്യൂസ് കമ്പനികൾ കർഷകരെ കൈവിട്ടു. പാക്കറ്റ് ജ്യൂസ് വില്പന ഇടിഞ്ഞതാണ് കാരണം. ഇതോടെ കർഷകർക്ക് മാമ്പഴം മാർക്കറ്രുകളിലേക്ക് എത്തിക്കേണ്ടിവന്നു. കിലോയ്ക്ക് 10 രൂപയിൽ താഴെ മാത്രമാണ് തമിഴ്നാട്ടിലെ കർഷകർക്ക് ലഭിച്ചത്.
ഈ സീസണിൽ മാമ്പഴ വില്പന ഇരട്ടിയിലധികമാണ് നടന്നത്. ഉത്പാദനം ഇരട്ടിയാവുകയും വിലകുറയുകയും ചെയ്തതാണ് ഇത് കാരണം
യഹിയ യാക്കൂബ്
പ്രസിഡന്റ്
ഫ്രൂട്ട് മർച്ചന്റ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |