നഗരപ്രദേശങ്ങളിലെ റോഡരികുകളിലും വൻകിട നിർമാണ കമ്പനികളുടെ പരിസരങ്ങളിലും വലിയ പാർക്കുകളിലും മാൻ ഹോളുകൾ കാണാറുണ്ട്. ലോഹങ്ങൾ വൃത്താകൃതിയിൽ സജീകരിച്ചാണ് മാൻ ഹോളുകൾ മൂടാറുളളത്. അടുത്തിടെ തുറന്നുകിടന്ന മാൻ ഹോളുകളിൽ അബദ്ധത്തിൽ വീണ് ഒട്ടനവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, മാൻ ഹോളുകളിൽ കുടുങ്ങിപ്പോയവരെ സാഹസികമായി രക്ഷപ്പെടുത്തിയ വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്.
നഗരവികസനത്തിൽ മാൻ ഹോളുകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. നഗരങ്ങളിലുണ്ടാകുന്ന മാലിന്യങ്ങൾ, ഇലക്ട്രിക് കേബിളുകളുടെ ക്രമീകരണങ്ങൾ എന്നിവ മാൻ ഹോളുകൾ വഴിയാണ് സാധാരണയായി ബന്ധിപ്പിക്കാറുളളത്. ഒരു നഗരവാസിയുടെ വീട്ടിലേക്ക് പൈപ്പ് മുഖേന ശുദ്ധജലം എത്തുന്നത് മുതൽ മഴ സമയത്ത് മലിനജലം ഒഴുകിപ്പോകുന്നതുവരെ മാൻ ഹോളുകൾ കൃത്യമായി സജീകരിച്ചതുകൊണ്ടാണ്. അതിനാൽത്തന്നെ പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ആവശ്യസ്ഥലങ്ങളിൽ മാൻ ഹോളുകൾ സ്ഥാപിക്കുന്നത്.
മാൻ ഹോളുകൾ മൂടി വച്ചിരിക്കുന്നത് വൃത്താകൃതിയിലുളള ലോഹഭാഗം കൊണ്ടാണ്. എന്തുകൊണ്ട് മാൻ ഹോളിന്റെ മൂടി ചതുരാകൃതിയിൽ ആയിക്കൂടേയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പരിശോധിക്കാം. ഇത് മേൽ മൂടി രൂപകൽപ്പന ചെയ്യുന്നവരുടെ തീരുമാനമല്ല. കൃത്യമായ പ്രായോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാൻ ഹോളുകളുടെ മേൽ മൂടി വൃത്താകൃതിയിൽ തയ്യാറാക്കുന്നത്. പ്രധാനമായും വൃത്താകൃതിയിലുളള മേൽ മൂടി ഒരിക്കലും മാൻ ഹോളിലേക്ക് വീഴില്ല. അതിനാൽത്തന്നെ മാൻ ഹോളുകൾ ബ്ലോക്കാകാനുളള സാദ്ധ്യത വളരെ കുറവാണ്. കൂടാതെ ഇവ എളുപ്പത്തിൽ തുറക്കാൻ സഹായിക്കുന്നു.
ഒരുപക്ഷേ മാൻ ഹോളുകളുടെ മേൽ മൂടി ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ ആണ് നിർമിക്കുന്നതെങ്കിൽ കുഴിയിലേക്ക് ഏതെങ്കിലും സാഹചര്യത്തിൽ വീണുപോയാൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടും. അതിനാൽ തന്നെ സുരക്ഷിതമായി മാൻ ഹോളുകൾ മൂടാൻ വൃത്താകൃതിയിലുളള മൂടികളാണ് നല്ലത്. മറ്റൊരു ഘടകം വൃത്താകൃതിയിലുളള ലോഹമൂടികൾ രൂപകൽപ്പന ചെയ്യാൻ എളുപ്പമാണ്. അധികം ആയാസകരമല്ലാത്ത നിർമാണ പ്രവൃത്തിയിലൂടെ ഇത്തരം മൂടികൾ നിർമിക്കാവുന്നതാണ്. മാത്രവുമല്ല ഇവ മാൻ ഹോളുകളിൽ കൃത്യമായി ഘടിപ്പിക്കാനും സാധിക്കും.
അറ്റക്കുറ്റപണികൾക്കായി മാൻ ഹോളുകൾ തുറക്കേണ്ട ആവശ്യം വന്നാൽ എളുപ്പത്തിൽ പ്രവർത്തനങ്ങൾ ചെയ്യാനും മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനും വൃത്താകൃതിയിലുളള മൂടികളാണ് കൂടുതൽ അനുയോജ്യമാകുന്നത്. എളുപ്പത്തിനും സുലഭമായി വൃത്താകൃതിയിലുളള ലോഹഭാഗങ്ങൾ കിട്ടുമെന്നതുകൊണ്ടല്ല, ബലവും ഒരു ഘടകമാണ്. തിരക്കേറിയ റോഡുകളിലും ആളുകൾ നടക്കുന്ന പാതകളിലും ഭാരവും മർദ്ദവും ക്രമീകരിക്കേണ്ട ആവശ്യമുണ്ട്. അതേസമയം, ചതുരാകൃതിയിലുളള ലോഹഭാഗം ഉപയോഗിച്ചാണ് മാൻ ഹോളുകൾ അടയ്ക്കുന്നതെങ്കിൽ അവയ്ക്ക് മർദ്ദം ക്രമീകരിക്കാൻ സാധിക്കാതെ വരും. കൂടാതെ വൃത്താകൃതിയിലുളള മേൽമൂടികൾ അറ്റക്കുറ്റപണികൾ ചെയ്യുന്നത് ചതുരാകൃതിയിലുളള മേൽമൂടികളിൽ അറ്റക്കുറ്റപണികൾ ചെയ്യുന്നതിനേക്കാൾ എളുപ്പമാണ്. ഇവർക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ മേൽമൂടികൾ മാറ്റാനും സാധിക്കും.
ചില അവസരങ്ങളിൽ മാൻ ഹോളുകളുടെ മൂടികൾ ചതുരാകൃതിയിലും തയ്യാറാക്കാറുണ്ട്. അതിന് ആ പ്രദേശത്തിന് അനുസൃതമായ കാരണങ്ങളും ഉണ്ടാകും. ഒരുപക്ഷെ മാൻ ഹോളുകളുടെ മൂടികൾ ചതുരാകൃതിയിലാണ് ഘടിപ്പിക്കുന്നതെങ്കിൽ പരിണിതഫലമായി ഉണ്ടാകുന്ന അപകടങ്ങൾ തടയാനുളള മുൻകരുതലുകളും എടുക്കും. ആഴം കുറവുളള മാൻ ഹോളുകൾ മറയ്ക്കാനാണ് ചതുരാകൃതിയിലുളള മേൽ മൂടികൾ ഉപയോഗിക്കുന്നത്. മുംബയ് പോലുളള തീരപ്രദേശമേഖലകളിൽ മാൻ ഹോളുകൾ മൂടാനായി വൃത്താകൃതിയിലുളള ലോഹഭാഗങ്ങളാണ് ഉപയോഗിക്കുന്നത്.
അടുത്തകാലങ്ങളിൽ മുംബയ് പോലുളള സ്ഥലങ്ങളിൽ നിന്ന് വലിയ തോതിൽ മാൻ ഹോളുകളുടെ ഇരുമ്പ് മൂടികൾ മോഷണം പോകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. മോഷണമുതൽ ആക്രികടകളിലാണ് വിൽക്കാനായി കൊണ്ടുവരുന്നതെന്നും അന്വേഷണസംഘം കടത്തിയിരുന്നു. ഇതോടെ നഗരത്തിലുടനീളം മൂടിയില്ലാത്ത മാൻഹോളുകളായിരുന്നു കാണപ്പെട്ടിരുന്നു. ഒരു ഇരുമ്പ് മൂടിക്ക് അന്ന് 1200 രൂപയാണ് മോഷ്ടാക്കൾക്ക് ആക്രികടകളിൽ നിന്ന് പ്രതിഫലമായി ലഭിച്ചിരുന്നത്. ഇതോടെ അധികൃതർ മാൻ ഹോളുകളുടെ മൂടികൾക്ക് സെൻസർ ഘടിപ്പിക്കാനുളള തീരുമാനത്തിൽ എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |