അഹമ്മദാബാദ്: സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ശക്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 83 റണ്‍സിനാണ് സിഎസ്‌കെയുടെ വിജയം. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ മറുപടി 18.3 ഓവറില്‍ 147 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. പ്ലേ ഓഫിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയെങ്കിലും തുടര്‍ച്ചയായി രണ്ടാം മത്സരവും തോറ്റതോടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ലീഗ് ഘട്ടം അവസാനിപ്പിക്കാനുള്ള ഗുജറാത്തിന്റെ സാദ്ധ്യതകള്‍ തുലാസിലായിരിക്കുകയാണ്. ചെന്നൈ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.
231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന് മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ 13(9) വിക്കറ്റ് നഷ്ടമായി. തകര്‍പ്പന്‍ ഫോമിലുള്ള സായ് സുധര്‍ശന്‍ 41(28) റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‌ലര്‍ 5(7), ഷെര്‍ഫെയ്ന്‍ റുതുര്‍ഫോഡ് 0(4) എന്നിവര്‍ നിരാശപ്പെടുത്തി. ഷാരൂഖ് ഖാന്‍ 19(15), രാഹുല്‍ തെവാത്തിയ 14(10), റാഷിദ് ഖാന്‍ 12(8), ജെറാള്‍ഡ് കോട്‌സിയ 5(5) അര്‍ഷദ് ഖാന്‍ 20(14), സായ് കിഷോര്‍ 3(7) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സംഭാവന.
മുഹമ്മദ് സിറാജ് മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി അഫ്ഗാന്റെ ചൈനമാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റുകളും ഖലീല്‍ അഹമ്മദ്, മതീഷ പതിരന എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് ആണ് നേടിയത്. യുവതാരങ്ങളുടെ മിന്നും പ്രകടനമാണ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെന്നൈക്ക് മിന്നും സ്‌കോര്‍ സമ്മാനിച്ചത്. 23 പന്തില്‍ 57 റണ്‍സ് നേടിയ ഡിവാള്‍ഡ് ബ്രെവിസ് ആണ് ടോപ് സ്‌കോറര്‍. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ പായിച്ചത്. ഓപ്പണര്‍മാരായ ഡിവോണ്‍ കോണ്‍വേ 52(35), ആയുഷ് മാത്രെ 34(17), ഉര്‍വില്‍ പട്ടേല്‍ 37(19) എന്നിവരും തിളങ്ങി.
രവീന്ദ്ര ജഡേജ 21*(18) റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദൂബെ 17(8) റണ്‍സ് നേടി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍, രവി ശ്രീനിവാസന്‍ സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |