ന്യൂഡൽഹി : അഞ്ചുവർഷത്തെ ഇടവേളയ്‌ക്കുശേഷം പുനരാരംഭിച്ച കൈലാസ് - മാനസ സരോവർ യാത്രയുടെ നിർവൃതിയിൽ ഭക്തർ. ദിവസങ്ങളോളം മൗനവ്രതമെടുത്ത്, മനഃശുദ്ധിയോടെ പ്രപഞ്ചത്തിന്റെ പുണ്യകേന്ദ്രത്തിലേക്ക് മുക്തി തേടിയുള്ള യാത്ര. ഹിന്ദു, ബുദ്ധ - ജൈന വിശ്വാസികൾക്ക് ഒരുപോലെ പ്രാധാന്യമുള്ളതാണ് കൈലാസം. ഹിന്ദുക്കൾക്ക് ശിവന്റെ വാസസ്ഥലം. ബുദ്ധമതം പ്രപഞ്ചത്തിന്റെ കേന്ദ്രമായി മഹാശൈലത്തെ കാണുന്നു. ആദ്യ തീർത്ഥങ്കരനായ ഋഷഭദേവൻ മോക്ഷം നേടിയത് കൈലാസത്തിലാണെന്ന് ജൈനന്മാരുടെ വിശ്വാസം. ജൂൺ 13നാണ് ആദ്യസംഘം പുറപ്പെട്ടത്. സിക്കിമിലെ നഥുലാ പാസ് വഴി പോയ 39 പേരടങ്ങിയ സംഘം കഴിഞ്ഞ ഒന്നിന് മടങ്ങിയെത്തി. ഇന്നലെ ഉത്തരാഖണ്ഡിൽ നിന്നുള്ള ആദ്യസംഘം ബസിൽ തിരിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഫ്ളാഗ് ഓഫ് ചെയ്‌തു. ആത്മീയ ഉണർവാണ് ലക്ഷ്യമിടുന്നതെന്ന് ഭക്തർ പറഞ്ഞു.
താപനില വെല്ലുവിളി
ഉയർന്ന താപനില യാത്രയ്‌ക്ക് വെല്ലുവിളിയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കൈലാസ് മാനസരോവർ സ്ഥിതിചെയ്യുന്ന മേഖലയ്‌ക്ക് കടുത്ത ഭീഷണിയുയർത്തുന്നതായി പഠനങ്ങൾ വന്നിട്ടുണ്ട്. മഞ്ഞുപാളികൾ കൂടുതൽ ഉരുകാനും തടാകങ്ങളിൽ ജലനിരപ്പ് ഉയരാനും കാരണമാകും. മാത്രമല്ല,ഭൂമിയുടെ ഉപരിതലപാളിയുടെ കനം കുറയുന്നത് റോഡ്, റെയിൽ, തുരങ്കങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കും ഭീഷണിയാണ്.
അനുമതി 15 ബാച്ചുകൾക്ക്
5000 അപേക്ഷകളിൽ നിന്ന് 750 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരെ 15 ബാച്ചുകളിലായി കൊണ്ടുപോകും. 10 ബാച്ചുകൾ നാഥു ലാ പാസ് വഴിയും അഞ്ച് ബാച്ചുകൾ ലിപുലേഖ് പാസ് വഴിയും. ഓരോ ബാച്ചിനൊപ്പവും പാചകക്കാരും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ മെഡിക്കൽ ഓഫിസറുമുണ്ടാകും. കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിലൂടെയാണ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നത്. യാത്രയ്‌ക്ക് ആരോഗ്യപരമായി ക്ഷമതയുള്ളവരാണോ എന്ന് കണ്ടെത്താൻ കർശനമായ വൈദ്യപരിശോധനകൾക്ക് വിധേയരാക്കും.
നയതന്ത്ര ബന്ധം മെച്ചപ്പെട്ടു
2019ലാണ് ഒടുവിൽ യാത്ര നടന്നത്. 2020ൽ കൊവിഡ് ലോക്ക്ഡൗണും നിയന്ത്രണരേഖയിലെ സംഘർഷവും കാരണം യാത്ര നിറുത്തിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഡൽഹിയിലും ബീജിംഗിലും നടത്തിയ ചർച്ചകളെ തുടർന്നാണ് മഞ്ഞുരുകിയത്. നയതന്ത്രതലത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്ന് യാത്ര പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാവർഷവും ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് യാത്ര. 1981ലാണ് യാത്രാമാർഗം തുറന്നത്. ഓരോ വർഷവും അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം വ്യത്യസ്തമാണ്. 2015ൽ 999 പേരാണ് പോയത്. 2019ൽ 1364 തീർത്ഥാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |