ന്യൂഡൽഹി: സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏർപ്പെടുത്തി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഒ.ബി.സി സംവരണം.
രജിസ്ട്രാർമാർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ നോൺ ജുഡീഷ്യൽ തസ്‌തികകളിലാണിത്. സംവരണം പൂർണമായി നടപ്പിലാകുമ്പോൾ കുറഞ്ഞത് 700 ജീവനക്കാർ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാകും. സുപ്രീംകോടതിയിൽ ആകെ 2577 നോൺ ജുഡിഷ്യൽ ജീവനക്കാരാണുള്ളത്.
അംഗപരിമിതർ, വിമുക്തഭടന്മാർ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിനും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും, പട്ടികവർഗത്തിന് 7.5 ശതമാനവും ക്വാട്ട കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. ചരിത്ര തീരുമാനങ്ങളെടുത്ത ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് പട്ടികജാതി വിഭാഗക്കാരനാണ്.
ചട്ടം 4എ ഭേദഗതി ചെയ്‌തു
നോൺ ജുഡിഷ്യൽ തസ്‌തികകളിൽ സുപ്രീംകോടതി നേരിട്ടാണ് നിയമനം നടത്തുന്നത്. സംവരണം കൊണ്ടുവരാൻ 1961ലെ സുപ്രീംകോർട്ട് ഓഫീസേഴ്സ് ആൻഡ് സെർവെന്റ്സ് (കണ്ടീഷൻസ് ഒഫ് സർവീസ് ആൻഡ് കണ്ടക്റ്റ്) റൂൾസിലെ 4എ ഭേദഗതി ചെയ്‌തു. കേന്ദ്രസർക്കാരിന്റെ സംവരണ ചട്ടങ്ങൾ സുപ്രീംകോടതിയും മാനദണ്ഡമാക്കുകയായിരുന്നു. ജീവനക്കാരുടെ സർവീസുമായി ബന്ധപ്പെട്ട്, ഭരണഘടനയിലെ അനുച്ഛേദം 146(2) ചീഫ് ജസ്റ്റിസിന് നൽകിയിരിക്കുന്ന അധികാരമാണ് പ്രയോഗിച്ചത്.
ജ. ഗവായ് സ്വീകരിച്ച
പരമോന്നത നിലപാട്
പിന്നാക്ക വിഭാഗത്തിന് സംവരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് ഒട്ടേറെ വിധികൾ പരമോന്നത കോടതിയിൽ നിന്നു വന്നിട്ടുണ്ട്. ചരിത്ര വിധികൾ പുറപ്പെടുവിക്കുന്ന സ്ഥാപനത്തിലും അത് നടപ്പിലാക്കേണ്ടതുണ്ട് എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സ്വീകരിച്ചത്. കോടതിയുടെ തത്വങ്ങൾ അവയുടെ പ്രയോഗത്തിലും പ്രതിഫലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
1956ൽ ഡോ.ബി.ആർ. അംബേദ്‌കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ദളിത് ജനവിഭാഗത്തിലെ അരലക്ഷത്തോളം പേർ ബുദ്ധമതത്തിൽ ചേർന്നപ്പോൾ ബി.ആർ. ഗവായിയുടെ പിതാവ് ആർ.എസ്.ഗവായിയും ആ ഒഴുക്കിനൊപ്പം ചേർന്നു. അതിനു ശേഷം കുടുംബം ബുദ്ധമതത്തിലും അംബേദ്‌കർ തത്വങ്ങളിലും അടിയുറച്ചു നിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |