ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്ടിനെ മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യത്തെ തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടോസിനിടെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നൽകാതിരുന്നത് വഴി പാകിസ്ഥാൻ നായകന് നാണക്കേട് ഒഴിവാക്കാൻ ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഐസിസിയുടെ വിലയിരുത്തൽ.
എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകരുതെന്ന് ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്ട് പാക് ക്യാപ്ടൻ സൽമാൻ ആഗയ്ക്ക് നിർദ്ദേശം നൽകിയെന്നും പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ആരോപിച്ചിരുന്നു. അതേസമയം പാകിസ്ഥാന്റെ അടുത്ത മത്സരത്തിലും പൈക്രോഫ്ട് തന്നെയായിരിക്കും മാച്ച് റഫറി.
ആൻഡി പൈക്രോഫ്ടിനെ ടൂർണമെന്റിൽ നിന്ന് മാറ്റിയില്ലെങ്കിൽ തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് നൽകിയ പരാതിയിലാണ് അറിയിച്ചത്. മത്സരശേഷവും പാകിസ്ഥാൻ താരം ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ കാത്തിരുന്നു. എന്നാൽ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളെ അവഗണിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് പോയി വാതിൽ അടച്ചു.
മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെ തുടർന്ന് ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനവും പുനഃപരിശോധിക്കേണ്ടി വരുന്നു. ഹസ്തദാന വിവാദത്തിൽ ഐസിസിയുടെ ഉപരോധം ഒഴിവാക്കാൻ പാകിസ്ഥാൻ ടൂർണമെന്റ് ബഹിഷ്ക്കരിക്കുന്നത് ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യുഎഇക്കെതിരായ വരാനിരിക്കുന്ന മത്സരം പാകിസ്ഥാൻ ബഹിഷ്‌കരിച്ചാൽ, ഇന്ത്യയ്‌ക്കൊപ്പം യുഎഇയും സൂപ്പർ ഫോറിലേക്ക് മുന്നേറും. എന്നാൽ പാകിസ്ഥാൻ ഈ മത്സരം കളിച്ചാൽ വിജയിക്കുന്ന ടീം ഇന്ത്യയുമായി സൂപ്പർ ഫോറിലേക്ക് കടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |