ലാഹോര്‍: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിയില്‍ കടുത്ത നിരാശയിലാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍. മികച്ച തുടക്കം കിട്ടിയ ശേഷം ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും മികച്ച ബൗളിംഗ് പ്രകടനമാണ് പാക് താരങ്ങള്‍ പുറത്തെടുത്തത്. 147 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 20 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. മത്സരത്തില്‍ എല്ലാ പാക് ബൗളര്‍മാരും സാമാന്യം നല്ലരീതിയില്‍ പന്തെറിഞ്ഞെങ്കിലും പേസര്‍ ഹാരിസ് റൗഫ് കണക്കിന് തല്ല് വാങ്ങിയിരുന്നു.
ഫൈനലിലെ തോല്‍വിക്ക് കാരണം റൗഫ് ആണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. 3.4 ഓവറില്‍ 50 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനും കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരത്തിനെതിരെ ആരാധകര്‍ തിരിഞ്ഞത്. അയാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നല്ലെന്നും ഫൈനലില്‍ ഇന്ത്യക്ക് വേണ്ടിയാണ് റൗഫ് കളിച്ചതെന്നും ആരാധകര്‍ ആരോപിക്കുന്നു. പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത രോഷപ്രകടനമാണ് ആരാധകര്‍ നടത്തുന്നത്.
ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയ റൗഫ് രണ്ടാം സ്‌പെല്‍ എറിയാന്‍ എത്തുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ 84ന് നാല് എന്ന നിലയിലായിരുന്നു. 36 പന്തുകളില്‍ 64 റണ്‍സ് എന്നതായിരുന്നു അവശേഷിച്ച വിജയലക്ഷ്യം. റൗഫ് എറിഞ്ഞ 15ാം ഓവറില്‍ ശിവം ദൂബെയും തിലക് വര്‍മ്മയും ചേര്‍ന്ന് 17 റണ്‍സ് അടിച്ചെടുത്തു. പിന്നീട് അവസാന മൂന്ന് ഓവറുകളില്‍ 30 റണ്‍സ് വേണമെന്നിരിക്കെ ഹാരിസ് റൗഫ് എറിഞ്ഞ 18ാം ഓവറില്‍ ഇന്ത്യ 13 റണ്‍സ് നേടി.
മത്സരത്തിലെ അവസാന ഓവര്‍ എറിയാനെത്തിയതും റൗഫ് ആയിരുന്നു. ഇന്ത്യക്ക് ഈ ഓവറില്‍ വിജയിക്കാന്‍ 10 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ ആദ്യ നാല് പന്തുകളില്‍ നിന്ന് ഹാരിസ് റൗഫ് 13 റണ്‍സ് വഴങ്ങിയതോടെ ഇന്ത്യ കിരീടം നേടുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ റൗഫിനെതിരെ തിരിഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |