പാരീസ്: മികച്ച ഫുട്‌ബോൾ താരത്തിനുള്ള വിഖ്യാത പുരസ്‌കാരമായ ബാലോൺ ഡി ഓർ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി. സിറ്റിയുടെ സ്‌പാനിഷ് മദ്ധ്യനിര താരമാണ് 28കാരനായ റോഡ്രി. റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗാം എന്നിവരെ പിന്നിലാക്കിയാണ് റോഡ്രിയുടെ പുരസ്‌കാര നേട്ടം. വനിതാ ബാലോൺ ഡി ഓർ പുരസ്‌കാരത്തിന് തുടർച്ചയായ രണ്ടാം തവണയും സ്‌പാനിഷ് താരം എയ്‌റ്റാന ബോൺമാറ്റി അർഹയായി.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീട വിജയത്തിൽ റോഡ്രിയുടെ അസാധാരണ പ്രകടനങ്ങൾ നിർണായകമായിരുന്നു. ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യഷിപ്പിലും മികച്ച താരമായി റോഡ്രി തിരഞ്ഞെടുക്കപ്പെട്ടു. 1990ൽ ലോതർ മത്തൗസിന് ശേഷം ബാലോൺ ഡി ഓർ നേടുന്ന ആദ്യത്തെ ഡിഫൻസീവ് മിഡ്ഫീൽഡറാണ് റോഡ്രി. ആൽഫ്രെഡോ ഡി സ്റ്റെഫാനോ (1957, 1959), ലൂയിസ് സുവാരസ് (1960) എന്നിവരുടെ പാത പിന്തുടർന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ സ്‌പാനിഷുകാരൻ കൂടിയാണ് റോഡ്രി.
ഫുട്‌ബോളിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലും കായികരംഗത്തെ ലിംഗവിവേചനത്തിനെതിരായ നിലപാടിനും ജെന്നിഫർ ഹെർമോസോ സോക്രട്ടീസ് പുരസ്‌കാരത്തിന് അർഹയായി. റയൽ മാഡ്രിഡ്, ഈ വർഷത്തെ മികച്ച പുരുഷ ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടിക്ക് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച വനിതാ ക്ളബായി ബാർസിലോണയും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |