ടോക്കിയോ: ഒറ്റപ്പെടലുകൾ മനുഷ്യനെ സംബന്ധിച്ചടത്തോളം ദുഷ്‌കരമായ അവസ്ഥയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ ആരും ആഗ്രഹിക്കില്ല. സന്തോഷങ്ങളും സങ്കടങ്ങളും മനുഷ്യർ സാധാരണ പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇതിനൊന്നിനും സാധിക്കാതെ വരുന്ന അവസ്ഥ ദയനീയമാണ്. അത്തരത്തിലുളള ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നരാണ് ജപ്പാനിലെ ഇച്ചിനോനോ എന്ന ഗ്രാമത്തിലെ ജനങ്ങൾ.
ഇവിടത്തെ ജനസംഖ്യ 60ലും താഴെയാണ്. അതിൽ 90 ശതമാനവും വൃദ്ധരാണ്. ഇച്ചിനോനോയിൽ എത്തുന്നവർ കാണുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. ഗ്രാമത്തിൽ പലയിടങ്ങളിലായി മനുഷ്യരൂപങ്ങളായ അനേകം പാവകളെ കാണാം. ഗ്രാമത്തിൽ നിന്നും താമസം മാറിപോയവരെ ഓർക്കുന്ന തരത്തിലുളളതാണ് ഈ പാവകൾ. ഇതിനുപിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.
സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇച്ചിനോനോയിൽ ഉളള യുവാക്കൾ മുഴുവനായി വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റുളള നഗരങ്ങളിലേക്കും ചേക്കേറുകയാണ്. അതിനാൽ തന്നെ ഗ്രാമത്തിൽ ഇപ്പോൾ പ്രായമായ ചുരുക്കം ആളുകൾ മാത്രമാണ് താമസിക്കുന്നത്. അങ്ങനെ ഒറ്റപ്പെട്ടുപോയവർ അവരുടെ ഏകാന്തത അകറ്റുന്നതിനാണ് പഴയ തുണികളിൽ മനുഷ്യരൂപങ്ങൾ തയ്യാറാക്കി പലയിടങ്ങളിലായി സ്ഥാപിക്കാൻ തുടങ്ങിയത്.
അത് വെറും പാവകളല്ല. കുട്ടികൾ പാർക്കുകളിൽ കളിക്കുന്നതായിട്ടും യുവാക്കൾ പലയിടങ്ങളിലായി നിൽക്കുന്നതായിട്ടുമുളള പാവകളാണ് ഗ്രാമത്തിൽ കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ഗ്രാമത്തിലെ പാവകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. ഊഞ്ഞാലിൽ ഇരിക്കുന്ന പെൺകുട്ടിയുടെ രൂപം, സ്‌കൂട്ടറിൽ യാത്ര ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ആൺകുട്ടി. ചുവന്ന ഹെൽമറ്റ് അണിഞ്ഞിരിക്കുന്ന യുവതി അങ്ങനെ പലവിധത്തിലുളള പാവകളാണ് ഇവിടെയുളളത്. ചിലപ്പോൾ പാവകളുടെ എണ്ണത്തെക്കാൾ ജനസംഖ്യ ഇവിടെയുണ്ടെന്ന് ഗ്രാമത്തിലെ മുതിർന്ന വ്യക്തിയായ ഹിസായോ യമാസാക്കി പറഞ്ഞു.
നിലവിൽ ജപ്പാനിലെ പ്രായമായവരുടെ ജനസംഖ്യ റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുകയാണ്. രാജ്യത്തെ 36.25 മില്ല്യൺ ആളുകളും 65 വയസിന് മുകളിലുളളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |