ജിദ്ദ: പ്രവാസി മലയാളിയും ഒഐസിസിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന യുവാവ് നാട്ടില്‍ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറം കാളികാവ് സ്വദേശി ഷിബു (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ന് വാണിയമ്പലത്തിനടുത്ത് വെള്ളാംബ്രത്ത് വെച്ചാണ് ട്രെയിന്‍ തട്ടിയത്. പാലക്കാട് ഷൊര്‍ണൂരില്‍ നിന്ന് മലപ്പുറം നിലമ്പൂരിലേക്ക് വരികയായിരുന്ന ട്രെയിന്‍ ആണ് ഷിബുവിനെ തട്ടിയത്. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് ഷിബു ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. നേരത്തേ ജിദ്ദ കാര്‍ ഹറാജിലും ശേഷം ജിദ്ദക്കടുത്ത് റാബഖിലുള്ള കിങ് അബ്ദുള്ള എക്കൊണോമിക് സിറ്റിയില്‍ ഐ.ടി വിഭാഗത്തിലും ജോലിചെയ്തിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും പുതിയ വിസയില്‍ ജിദ്ദയില്‍ തിരിച്ചെത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് വീണ്ടും നാട്ടിലേക്ക് മടങ്ങിയത്. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേന്‍ റീജിയണല്‍ കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗം, ഹറാജ് ഏരിയ പ്രസിഡന്റ്, കാളികാവ് പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ ഷിബു പ്രവര്‍ത്തിച്ചിരുന്നു.
നാട്ടില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിതാവ്: വീരാന്‍ കുട്ടി കൂരി, മാതാവ്: സുബൈദ, ഭാര്യ: നജ്‌ല, മക്കള്‍: അസ്ഹര്‍ അലി, അര്‍ഹാന്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഷിബു കൂരിയുടെ നിര്യാണത്തില്‍ ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി, കോണ്‍ഗ്രസ് കാളികാവ് മണ്ഡലം കമ്മിറ്റി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |