ഒരു വർഷത്തിനിടെ ഓഹരി വില മൂന്ന് രൂപയിൽ നിന്ന് 2.36 ലക്ഷം രൂപയിലേക്ക്
കൊച്ചി: ഒരു ഓഹരിയ്ക്ക് 2.36 ലക്ഷം രൂപ വില കൈവരിച്ച് മുംബയ് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ എൽസിഡ് ചരിത്രം സൃഷ്‌ടിച്ചു. ഇന്നലെ മാത്രം കമ്പനിയുടെ ഓഹരി വിലയിൽ 77,227 രൂപയുടെ വർദ്ധനയുണ്ടായി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരിയാണിത്. ഈ വർഷം ജൂലായിൽ കമ്പനിയുടെ ഓഹരി വില മൂന്ന് രൂപ മാത്രമായിരുന്നു. ഏഷ്യൻ പെയിന്റ്സിൽ 8,500 കോടി രൂപയുടെ മൂല്യമുള്ള 2.95 ശതമാനം ഓഹരികൾ കൈവശമുള്ളതാണ് എൽസിഡിന് പ്രിയം വർദ്ധിപ്പിച്ചത്. ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ ഡീലിസ്‌റ്റ് ചെയ്യാൻ ഓഹരിയൊന്നിന് 1.61 ലക്ഷം രൂപ വാഗ്‌ദാനം ചെയ്തെങ്കിലും പ്രമേയം വാർഷിക പൊതുയോഗത്തിൽ പരാജയപ്പെട്ടതാണ് നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിച്ചത്. 1.2 ലക്ഷം രൂപ വിലയുള്ള എം.ആർ.എഫ് ഓഹരികളെയാണ് എൽസിഡ് പിന്നിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |