ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ ജയം
മുംബയ്: ഒന്നുവിറച്ചെങ്കിലും പതറാതെ പൊരുതിയ കെ.എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്രിന്റെ തകർപ്പൻ വിജയം.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 35.4 ഓവറിൽ 188 റൺസിന് ഓൾഔട്ടാക്കി. അത്രവലുതല്ലാത്ത ലക്ഷ്യം പിന്തുടർന്ന് ബാറ്രിംഗിനിറങ്ങി 39/4 എന്നും പിന്നീട് 89/5 എന്ന നിലയിലും പ്രതിസന്ധിയിലായെങ്കിലും അർദ്ധ സെഞ്ച്വറി നേടി കളം നിറഞ്ഞ രാഹുലും (75), മികച്ച പിന്തുണ നൽകിയ ജഡേജയും (45) പ്രശ്നങ്ങളില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ബൗളിംഗിൽ 2 വിക്കറ്രുകൂടി വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്. മൂന്ന് മത്സരങ്ങളുൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
വാങ്കഡെയിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ (5) പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.
പകരമെത്തിയ നായകൻ സ്മിത്ത് (22), മിച്ചൽ മാർഷിനൊപ്പം പിടിച്ചു നിന്നതോടെ ഓസീസ് സ്കോർ ബോർഡ് വേഗം ചലിച്ചു. ഇരുവരും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. സ്മിത്തിനെ ഹാർദികിന്റെ പന്തിൽ വിക്കറ്റ് കീപ്പർ രാഹുൽ പറന്ന് കൈയിലൊതുക്കിയതോടെയാണ് കൂട്ടുകെട്ട് തകർന്നത്. തുടർന്നെത്തിയ ലബുഷെയ്നൊപ്പവും (15) മാർഷ് അർദ്ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ129ൽ വച്ച് മാർഷിനെ ജഡേജ വീഴ്ത്തിയതോടെ ഓസീസിന്റെ തകർച്ച തുടങ്ങുകയായിരുന്നു. അവരുടെ അവസാന അഞ്ച് വിക്കറ്രുകൾ വെറും 14 റൺസിനിടെയാണ് വീണത്. ജോഷ് ഇൻഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12),സ്റ്രോയിനിസ് എന്നിരെ പുറത്താക്കിയ ഷമി ഓസീസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഇന്ത്യയ്ക്കായി ഷമിയും സിറാജും മൂന്ന് വിക്കറ്റ് വീതവും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇഷാൻ കിഷൻ (3), വിരാട് കൊഹ്‌ലി (3), സൂര്യകുമാർ യാദ് (0), ശുഭ്മാൻ ഗില്ല് (20) എന്നിവരെ വേഗത്തിൽ നഷ്ടമായി. പിന്നീട് രാഹുലും ഹാർദിക്കും (25) അല്പനേരം പിടിച്ച് നിന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. എന്നാൽ ടീംസ്കോർ 83ൽ വച്ച് പാണ്ഡ്യയെ സ്റ്റോയിനിസ് ഗ്രീനിന്റെ കൈയിൽ എത്തിച്ച് കൂട്ടുകെട്ട് തകർത്തത് ഓസീസിന് പ്രതീക്ഷ നൽകി. ആറാമനായെത്തിയ ജഡേജ രാഹുലിനൊപ്പം ക്രീസിൽ ഉറച്ചു നിന്നതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. ഇരുവരും ആറാംവിക്കറ്റിൽ 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 91 പന്തിൽ 7 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് രാഹുലിന്റെ ഇന്നിംഗ്സ്.69 പന്ത് നേരിട്ട ജഡേജ 5 ഫോറടിച്ചു. ഓസീസിനായി സ്റ്രാർക്ക് 3 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |