കോഴിക്കോട് : സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയോട് തോറ്റ് ഗോകുലം കേരള എ.എഫ്.സി. കപ്പിന് യോഗ്യത നേടാതെ പുറത്തായി. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന യോഗ്യത മത്സരത്തിൽ 3-1നാണ് ഒഡിഷയുടെ വിജയം. സൂപ്പർ കപ്പും എ.എഫ്.സി യോഗ്യതയും നേടി ഒഡിഷ കേരളം വിടുമ്പോൾ സ്വന്തം മൈതാനത്ത് തുടർച്ചയായ നാലാം തോൽവിയാണ് ഗോകുലം നേരിട്ടത്. ഒഡിഷയ്ക്കായി സൂപ്പർ സ്ട്രൈക്കർ ഡിയാഗോ മൗറീഷ്യോ ഹാട്രിക്ക് നേടി. അഫ്ഗാൻ താരം ഫർഷാദ് നൂറാണ് ഗോകുലത്തിന്റെ ആശ്വാസ ഗോൾ നേടിയത്.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച സൂപ്പർ കപ്പ് ചാമ്പ്യന്മാർ ലീഡെടുത്തു. ഡിയാഗോ മൗറീഷ്യോയുടെ ഗോളടി മികവ് 18ാം മിനിട്ടിൽ ഗോകുലം അറിഞ്ഞു. സപാനിഷ് മിഡ്ഫീൽഡർ വിക്റ്റർ റോഡ്രിഗ്സ് റൊമേരോയുടെ പാസിൽ നിന്നാണ് ബ്രസീലിയൻ സ്ട്രൈക്കർ ഗോൾ കുറിച്ചത്. 32 മിനിട്ടിൽ മൗറീഷ്യോ തകർപ്പൻ ഗോളിലൂടെ ലീഡ് ഉയർത്തി. ഗോകുലം പ്രതിരോധതാരങ്ങളെ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് മുന്നേറിയ മൗറീഷ്യോയുടെ ഷോട്ടിന് ഗോകുലം ഗോളി ഷിബിൻരാജിന് മറുപടി ഉണ്ടായില്ല. സ്കോർ 2-0. നാല് മിനിട്ടിനകം ഗോകുലം ഒരു ഗോൾ മടക്കി. 36ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ താഹിർ സമാന്റെ അസിസ്റ്റിൽ നിന്ന് അഫ്ഗാൻ താരം ഫർഷാദ് നൂർ ഗോകുലത്തിന്റെ ഗോൾ കുറിച്ചു. തിരിച്ചടികളോടെയായിരുന്നു ഗോകുലത്തിന്റെ തുടക്കം. മികച്ച ഫോമിലുള്ള സൗരവ് 16ാം മിനിട്ടിൽ പരിക്കേറ്റ് പുറത്തായി. ആദ്യ 20 മിനിട്ടിൽ ഗോകുലത്തിന് 4 മഞ്ഞക്കാർഡ് ലഭിച്ചതും ഗോകുലത്തിന് തിരിച്ചടിയായി.
രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ഒഡീഷയ്ക്കായി മൗറീഷ്യോ 53ാം മിനിട്ടിൽ പെനാൾട്ടിയിലൂടെ വലകുലുക്കി. 51ാം മിനിട്ടിൽ മൗറീഷ്യോയെ പവൻകുമാർ ബോക്സിൽ ഫൗൾ ചെയ്തതിനാണ് ഒഡീഷയ്ക്ക് അനുകൂലമായി പെനാൾട്ടി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |