ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് സെമി ഫൈനലിൽ അമേരിക്കൻ താരം എമ്മ നവാരോയും ബെലറൂസുകാരി അര്യാന സബലേങ്കയും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ 26-ാം സീഡ് സ്പാനിഷ് താരം പൗളോ ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് 13-ാം സീഡായ എമ്മ തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. സ്കോർ 6-2,7-5. പാരീസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവായ ചൈനീസ് താരം ക്വിൻവിൻ ഷെംഗിനെ
6-1,6-2ന് ക്വാർട്ടറിൽ കീഴടക്കിയാണ് സബലേങ്ക സെമിയിലെത്തിയത്. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവാണ് സബലേങ്ക.
പുരുഷ വിഭാഗം സിംഗിൾസിൽ നാലാം സീഡ് ജർമ്മൻ താരം അലക്സിസ് സ്വരേവിനെ അട്ടിമറിച്ച് 12-ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് സെമിയിലെത്തി. നാലുസെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 7-6(7/2),3-6,6-4,7-6(7/3) എന്ന സ്കോറിനായിരുന്നു ഫ്രിറ്റ്സിന്റെ ജയം. മൂന്ന് മണിക്കൂറും 26 മിനിട്ടും പൊരുതിയ ശേഷമാണ് സ്വരേവ് കീഴടങ്ങിയത്. സെമിയിൽ അമേരിക്കൻ താരം ഫ്രാൻസെസ് ടിയാഫോയെയാണ് ഫ്രിറ്റ്സ് നേരിടേണ്ടത്. ക്വാർട്ടർ ഫൈനലിൽ ഒൻപതാം സീഡ് ഗ്രിഗോർ ഡിമിത്രോവ് മത്സരത്തിനിടെ പിൻമാറിയതോടെ ടിയാഫോയുടെ സെമി പ്രവേശനം എളുപ്പമായിരുന്നു. 3-6,7-6(7/5),6-3,4-1 എന്ന സ്കോറിന് ടിയാഫോ മുന്നിട്ടുനിൽക്കവേയാണ് ഡിമിത്രോവ് പിൻമാറിയത്.
ബൊപ്പണ്ണ സഖ്യം
സെമിയിൽ പുറത്ത്
യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഇന്തോനേഷ്യയുടെ അൽദില സുത്യാദി സഖ്യം സെമിയിൽ പുറത്തായി. അമേരിക്കയുടെ ടെയ്‌ലർ ടൗൺസെൻഡ് - ഡൊണാൾഡ് യംഗ് സഖ്യമാണ് സെമിയിൽ 6-3,6-4ന് തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |