കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികമേള കൊടിയിറങ്ങിയപ്പോൾ ശോഭകെടുത്തി പ്രതിഷേധവും കൈയാങ്കളിയും. പൊലീസും കായികതാരങ്ങളുമായി സംഘർഷമുണ്ടായത് കായികകേരളത്തിന് കളങ്കമായി. അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്‌കൂളുകളുടെ പോയിന്റിനെ ചൊല്ലി സംഘാടകരും സ്‌കൂൾ മാനേജ്‌മെന്റുകളും തമ്മിലുള്ള തർക്കം കായികതാരങ്ങളും ഏറ്റെടുത്തതോടെയാണ് പ്രതിഷേധം അണ പൊട്ടിയത്. പ്രധാനവേദിയായ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നവാമുകുന്ദാ എച്ച്.എസ്.എസ് തിരുനാവായയുടേയും മാർബേസിൽ കോതമംഗലത്തിന്റെയും താരങ്ങൾ കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ വേധിയിൽ നിന്നും വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയെയും കായികമന്ത്രി വി. അബ്ദുറഹ്മാനെയും പൊലീസ് സുരക്ഷിതമായി മാറ്റി. പ്രശ്‌നപരിഹാരം തേടി മാർബേസിൽ വിദ്യഭ്യാസവകുപ്പിന് പരാതി നൽകി.
84 പോയിന്റോടെ സ്‌കൂളുകളിൽ ഓവറോൾ കിരീടം മലപ്പുറം ഐഡിയൽ ഇ.എം.എച്ച്.എസ്.എസ് കടകശേരി സ്വന്തമാക്കിയിരുന്നു. ഇവർക്ക് സമാപന വേദിയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻസ് ട്രോഫി കൈമാറി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം 44 പോയിന്റുമായി നവാമുകുന്ദാ എച്ച്.എസ്.എസ് തിരുനാവായ്‌ക്കും മൂന്നാം സ്ഥാനം 43 പോയിന്റുമായി കോതമംഗലം മാർബേസിൽ സ്‌കൂളിനുമായിരുന്നു. എന്നാൽ ഓവറോൾ കണക്കിൽ സ്‌പോർട്‌സ് സ്‌കൂളിനെയും പരിഗണിച്ചതോടെ രണ്ടാം സ്ഥാനം തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂളായി. 55 പോയിന്റാണ് ജി.വി. രാജ സ്‌കൂളിനുണ്ടായിരുന്നത്.
നവാ മുകുന്ദയും മാർബേസിലും യഥാക്രമം മൂന്നും നാലും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇതേചൊല്ലിയാണ് പ്രതിഷേധവും കൈയ്യാങ്കളിയുമുണ്ടായത്. പോയിന്റ് പട്ടികയിൽ ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളുകളെ ഹോസ്റ്റൽ വിഭാഗത്തിലും മറ്റ് സ്‌കൂളുകളെ സ്‌കൂൾ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇന്നലെ മേള അവസാനിക്കും വരെ ഈ നിലയിലയായിരുന്നു പോയിന്റ് പട്ടിക പുതുക്കിയത്. ഇത് നിലനിൽക്കെയാണ് സ്‌കൂൾസ് വിഭാഗത്തിലേക്ക് ജി.വി രാജയെ കൂടിച്ചേർത്തത്.
ട്രോഫി വാങ്ങാൻ വിളിച്ചപ്പോഴാണ് തങ്ങൾ പോലും ഇക്കാര്യം അറിയുന്നതെന്നും രണ്ടാം സ്ഥാനത്തിനായി വാങ്ങിയ കിരീടം തിരികെ നൽകാൻ തയ്യാറാണെന്നും ജി.വി രാജ സന്നദ്ധത അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതുവരെ കുത്തിയിരിക്കുമെന്ന് നവാ മുകുന്ദയും മാർബേസിലും നിലപാടെടുത്തു. നിലവിലെ സ്ഥിതിതുടർന്നാൽ കായികതാരങ്ങളെ ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌സ് മീറ്റിലേക്ക് പറഞ്ഞയിക്കില്ലെന്ന് മാർബേസിൽ സ്‌കൂളിലെ കായികവിഭാഗം മേധാവി ഷിബി മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. കായികതാരങ്ങളെ മർദ്ദിച്ചിട്ടില്ലെന്നും പ്രതിഷേധിച്ചവരെ നിയന്ത്രിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് കാര്യങ്ങൾ പരിഹരിക്കുമെന്നാണ് അവസാന തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |