കാൺപൂർ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ കളി മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. രാവിലെ തുടങ്ങിയ ചാറ്റൽ മഴ പിന്നീട് കരുത്താർജ്ജിക്കുകയായിരുന്നു. 11.15 ഓടെ മഴകുറഞ്ഞതിന് പിന്നാലെ മൂന്ന് സൂപ്പർ സോപ്പറുകൾ ഉപയോഗിച്ച് ഗ്രൗണ്ടിലെ വെള്ളം മാറ്റാൻ ഗ്രൗണ്ട്‌സ്മാൻമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വെളിച്ചക്കുറവുമുണ്ടായിരുന്നു. അവസാന സെക്ഷനെങ്കിലും മത്സരം നടന്നേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും മഴ തുടരുകയും കാലാവസ്ഥയിൽ പുരോഗതിയുണ്ടാകാതാവുകയും ചെയ്തതോടെ 2.15ഓടെ രണ്ടാംദിവസത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
കാൺപൂരിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. അതേ സമയം നാളെയും ചൊവ്വാഴ്ചയും ഇവിടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഗ്രീൻ പാർക്ക് സ്റ്റേഡിയം വേദിയാകുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴയും വെളിച്ചക്കുറവും മൂലം 35 ഓവറേ മത്സരം നടന്നുള്ളൂ. ടോസ നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തിട്ടുണ്ട്.
ആദ്യമത്സരത്തിൽ 280 റൺസിന്റെ വിജയം നേടിയ ഇന്ത്യ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |