മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലുവിക്കറ്റിന്കീ ഴടക്കി മുംബയ് ഇന്ത്യൻസ്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ മുംബയ് 11 പന്തുകൾ ബാക്കിനിൽക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഓപ്പണർമാരായ അഭിഷേക് ശർമ്മ(40), ട്രാവിസ് ഹെഡ് (28),ഹെൻറിച്ച് ക്ളാസൻ (37), നിതീഷ് കുമാർ റെഡ്ഡി(19), അനികേത് വർമ്മ (18 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ഹൈദരാബാദിനെ 162ലെത്തിച്ചത്.7.3 ഓവറിൽ 59 റൺസാണ് അഭിഷേകും ഹെഡും കൂട്ടിച്ചേർത്തത്. ഹെഡിനെ സബ്സ്റ്റിറ്റ്യൂട്ട് ബാവയുടെ കയ്യിലെത്തിച്ച് ഹാർദിക് പാണ്ഡ്യയാണ് ഈ സഖ്യം പൊളിച്ചത്. പകരമിറങ്ങിയ ഇഷാൻ കിഷനെ(2) അടുത്ത ഓവറിൽ വിൽ ജാക്സിന്റെ പന്തിൽ റിക്കിൾട്ടൺ സ്റ്റംപ് ചെയ്തുവിട്ടു.12-ാം ഓവറിൽ ഹെഡിനെയും പുറത്താക്കിയത് ജാക്സാണ്.
ജാക്സ് മൂന്നോവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് ,ബുംറ.ബൗൾട്ട് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി റിക്കിൾട്ടൺ (31), രോഹിത് ശർമ്മ (26),വിൽ ജാക്സ് (36), സൂര്യകുമാർ യാദവ് (26), തിലക് വർമ്മ (21*), ഹാർദിക് പാണ്ഡ്യ (21) എന്നിവർ ചേർന്ന് വിജയം നേടിയെടുത്തു. സൺറൈസേഴ്സിന് വേണ്ടി നായകൻ പാറ്റ് കമ്മിൻസ് നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കൻ പേസർ ഇഷാൻ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഞായറാഴ്ച ചെന്നൈയ്ക്ക് എതിരെയാണ് മുംബയ് ഇന്ത്യൻസിന്റെ അടുത്ത മത്സരം. ബുധനാഴ്ച ഹൈദരാബാദിൽ വച്ച് സൺറൈസേഴ്സിന് എതിരെയാണ് മുംബയ്‌യുടെ അടുത്ത മത്സരവും.
ഈ സീസണിലെ ഏഴു മത്സരങ്ങളിൽ മുംബയ്‌യുടെ മൂന്നാം ജയമാണിത്. ആറുപോയിന്റുള്ള മുംബയ് ഇന്ത്യൻസ് ഏഴാം സ്ഥാനത്താണ്.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ സീസണിലെ അഞ്ചാം തോൽവി. നാലുപോയിന്റുള്ള സൺറൈസേഴ്സിന് പിന്നിൽ ചെന്നൈ സൂപ്പർ കിംഗ്സ് മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |