ദോഹ: ഒടുവിൽ ജാവലിൻ ത്രോയിലെ 90 മീറ്റർ കടമ്പയും ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര മറികടന്നിരിക്കുന്നു. നേട്ടങ്ങൾ നിന്ന് നേട്ടങ്ങളിലേക്ക് ജാവലിൻ പായിച്ച് ലോക വേദികളിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തുന്ന നീരജിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.ശനിയാഴ്‌ച രാത്രി ദോഹയിലെ സുഹെയിം ബിൻ ഹമാദ് സ്റ്റേഡിയം വേദിയായ ഡയമണ്ട് ലീഗ് പോരാട്ടത്തിലാണ് 90.23 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് നീരജ് ചരിത്രമെഴുതിയത്. ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം പിന്നീടുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ 25-ാമത്തെ താരവുമായി നീരജ്.
ദോഹയിൽ ആദ്യശ്രമത്തിൽ 88.44 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് തുടങ്ങിയത്. രണ്ടാം ശ്രമം ഫൗളായി.മൂന്നാം ശ്രമത്തിലാണ് ചരിത്രം കുറിച്ച ത്രോ (90.23 മീറ്റർ). ഈ റൗണ്ട് അവസാനിക്കുന്നത് വരെ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും അവസാന ശ്രമത്തിൽ (91.06 മീറ്റർ) ജർമ്മനിയുടെ ജൂലിയൻ വെബ്ബർ തകർപ്പൻ പ്രകടനത്തോടെ നീരജിനെ രണ്ടാം സ്ഥാനത്താക്കി. ഏഷൃക്കാരിൽ 90 മീറ്റർ പിന്നിടുന്ന മൂന്നാമത്തെ താരവുമാണ് നിലവിലെ ലോക ചാമ്പ്യനും സ്വർണമുൾപ്പെടെ രണ്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ നീരജ്. 2022ൽ സ്റ്റോക്ക്ഹോം ഡയമണ്ട് മീറ്റിൽ നീരജ് തന്നെ സ്ഥാപിച്ച 89.94 മീറ്ററിന്റെ റെക്കാഡ് തിരുത്തിയെഴുതാനും ഈ ഇരുപത്തിയേഴുകാരനായി.
വിവാദങ്ങൾക്കും പരിക്കിനും മേലെ
ഒളിമ്പക്സിന് ശേഷം പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും അതൊന്നും നീരജിന്റെ പ്രകടനത്തെ ബാധിച്ചില്ല. ബംഗളൂരുവിൽ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക്ക് ജാവലിൻ ത്രോ മത്സരത്തിൽ പാകിസ്ഥാന്റെ ഒളിമ്പിക്സ്സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിമർശനവും സൈബർ ആക്രമണവും കഴിഞ്ഞയിടെ നീരജ് നേരിട്ടിരുന്നു. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നീരജിനെതിരെയുള്ള ആക്രമണം. തന്റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നീരജിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശദീകരണം നൽകേണ്ടി വന്നിരുന്നു. വിവാദങ്ങൾക്കും പരിക്കിനും തന്നെ തളർത്താനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നീരജ്.
കൊള്ളാം കോച്ച്
പുതിയ പരിശീലകൻ ചെക്ക് റിപ്പബ്ലിക്കുകാരൻ യാൻ ഷെലസ്‌നിയുടെ ശിക്ഷണത്തിൽ നീരജിന്റെ ആദ്യ പ്രധാന മത്സരമായിരുന്നു ദോഹയിലേത്. ജാവലിൻത്രോയിൽ 1996ൽ ഷെലസ്‌നി കുറിച്ച 98.48 മീറ്ററിന്റെ റെക്കാഡ് ഇതുവരെ ആർക്കും തകർക്കാനായിട്ടില്ല. മൂന്ന് ഒളിമ്പിക്സ് മെഡലുകളും നേടിയ ഷെലസ്‌നി മൂന്ന് തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. ലോക ജൂനിയർ ലോക റെക്കാഡുകാരനായ നീരജ് ഷെലസ്‌നിയുടെ ശിക്ഷണത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കുമെന്നാണ് കായിക ലോകത്തിന്റെ പ്രതീക്ഷ.
അതിമനോഹരമായ നേട്ടം. ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ കടമ്പ കടന്ന് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. ഇത് അദ്ദേഹത്തിന്റെ സമർപ്പണത്തിന്റേയും അച്ചടക്കത്തിന്റെയും പ്രതിഫലമാണ്. രാജ്യം ഈ നേട്ടത്തിൽ ഏറെ ആഹ്ലാദിക്കന്നു. അഭിമാനിക്കുന്നു.
പ്രധാനമന്ത്രി
നരേന്ദ്ര മോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |