ഒരുകാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള കാൽപ്പന്തുകളങ്ങളെ ആരവങ്ങളിൽ ആറാടിച്ച പേരായിരുന്നു നജിമുദ്ദീൻ. അപാരവേഗവും സാങ്കേതികത്തികവും ഒത്തിണങ്ങിയ നജിമുദ്ദീന്റെ ചലനങ്ങൾ ഗാലറിയിൽ ആവേശത്തിരമാലകൾ സൃഷ്ടിച്ചു. നജിമുദ്ദീൻ- സേവ്യർ പയസ് ജോഡിയുടെ കേളീ മുഹൂർത്തങ്ങൾ കാണാൻ നാടുമുഴുവൻ ഒഴുകിയെത്തിയിരുന്ന കാലമുണ്ടായിരുന്നു.
1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുമ്പോൾ ഫൈനലിലെ ക്യാപ്ടൻ മണിയുടെ മൂന്ന് ഗോളുകളിൽ രണ്ടെണ്ണത്തിന് വഴിയൊരുക്കിയത് നജിമുദ്ദീനായിരുന്നു. സന്തോഷ്ട്രോഫി നേടിയ ടീമിൽ നിന്ന് നജിമുദ്ദീന്റെ നേതൃത്വത്തിൽ ഒരുകൂട്ടം താരങ്ങൾ ടൈറ്റാനിയത്തിലേക്ക് വന്നതോടെയാണ് കേള ഫുട്ബാളിൽ ടൈറ്റാനിയത്തിന്റെ തേരോട്ടം തുടങ്ങിയത്. കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുന്നതുപോലെയായിരുന്നു അക്കാലത്ത് ടൈറ്റാനിയവും പ്രിമിയർ ടയേഴ്സും തമ്മിലുള്ള മത്സരങ്ങൾ.
അക്കാലത്തെ സൂപ്പർ സ്റ്റാർ തന്നെയായിരുന്നു നജിമുദ്ദീനെന്ന് ഒപ്പം കളിച്ചിരുന്ന മുൻ ഫുട്ബാളർ സെൽവകുമാർ ഓർത്തെടുക്കുന്നു. നജിമുദ്ദീന് കാണികളെ തന്നിലേക്ക് ആകർഷിക്കുന്ന ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലുകളിൽ പന്തെത്തുമ്പോൾതന്നെ ഗാലറികളിൽ നിന്ന് ആരവമുയരാൻ തുടരും. വലതുവിംഗിലൂടെ അതിവേഗത്തിൽ കുതിച്ചുപായുന്ന ആ കാലുകളിൽ നിന്നുതിരുന്ന ഷോട്ടുകൾ എതിർ ഡിഫൻഡർമാരുടെയും ഗോളിമാരുടെയും നെഞ്ചിൽ ഇടിമിന്നലുകളായി മാറി. വലതുവിംഗിൽ നജിമുദ്ദീൻ ഒഴിച്ചിട്ടുപോയ സിംഹാസനത്തിന് ഇന്നുമൊരു അവകാശിയുണ്ടായിട്ടില്ലെന്ന് സെൽവകുമാർ സാക്ഷ്യപ്പെടുത്തുന്നു.
കൊൽക്കത്ത വിളിച്ചിട്ടും
പോകാത്ത നജ്മുദ്ദീൻ
ഇന്ത്യൻ ക്ളബ് ഫുട്ബാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് മുൻനിര ക്ളബുകൾ മാറിമാറി വിളിച്ചിട്ടും പോകാൻ കൂട്ടാക്കാത്ത അപൂർവ്വം ചിലകളിക്കാരിൽ ഒരാളായിരുന്നു നജിമുദ്ദീൻ. പ്രിമിയർ ടയേഴ്സിൽ നിന്ന് നജീബ് ഉൾപ്പടെയുള്ള താരങ്ങൾ കൊൽക്കത്തയിലേക്ക് ചേക്കേറിയപ്പോഴും ടൈറ്റാനിയത്തിലെ തന്റെ ജീവിതവും കളിയും നിറഞ്ഞ മനസോടെ ആസ്വദിക്കുകയായിരുന്നു അദ്ദേഹം. നജിമുദ്ദീൻ നെടുംതൂണായി നിലയുറപ്പിച്ച കാലമത്രയും ടൈറ്റാനിയം കേരള ഫുട്ബാളിലെ ഒറ്റക്കൊമ്പനായി തലയെടുത്തു വിലസുകയും ചെയ്തു. പിന്നീടാണ് കേരള പൊലീസ് ആ റോളിലേക്ക് കടന്നുവന്നത്.
കളിക്കളത്തിൽ നിന്ന് വിരമിച്ചശേഷം കുറച്ചുനാൾ പരിശീലകനായും നജിമുദ്ദീൻ ഫുട്ബാളിനൊപ്പമുണ്ടായിരുന്നു. ടൈറ്റാനനിയത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ജന്മനാടായ കൊല്ലത്തേക്ക് മാറിയത്. 2017ൽ തിരുവനന്തപുരത്തെ ജി.വി രാജ ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് വെറ്ററൻ താരങ്ങളുടെ പ്രദർശനമത്സരം നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ ആവേശത്തോടെ എത്തിയിരുന്നു. പന്തിനോടുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലെന്നാണ് അന്നുകണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്.
നജിമുദ്ദീന്റെ വിടവാങ്ങലോടെ കൊടിയിറങ്ങുന്നത് ഒരു കാലമാണ്. കളിക്കളങ്ങളെ കോരിത്തരിപ്പിച്ച,തനിക്കുശേഷം വന്ന തലമുറകൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ പുളകനിമിഷങ്ങൾ പകർന്നുനൽകിയ ഒരു ഇതിഹാസത്തിന്റെ പടിയിറക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |