കൊല്ലം: കേരള ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന തേവള്ളി പൈനുംമുട്ടിൽ വീട്ടിൽ നജിമുദ്ദീൻ (72) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
സന്തോഷ് ട്രോഫി ജേതാവും മുൻ കേരള ഫുട്‌ബാൾ ടീം നായകനുമായ നജിമുദ്ദീൻ എട്ട് വർഷത്തോളം കേരളത്തിനായും രണ്ട് പതിറ്റാണ്ടോളം ട്രാവൻകൂർ ടൈറ്റാനിയത്തിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. റഷ്യയ്കക്കും ഹംഗറിക്കുമെതിരെ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവുമണിഞ്ഞിട്ടുണ്ട്.ടൈറ്റാനിയം ടീമിന്റെ പരിശീലകനുമായിരുന്നു.1975 ൽ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
1972ൽ കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബാളിലേക്ക് ചുവടുവച്ച നജിമുദ്ദീൻ 73ൽ ട്രാവൻകൂർ ടൈറ്റാനിയത്തിനായി കളത്തിലിറങ്ങിയതോടെയാണ് കരിയറിൽ വലിയ മാറ്റങ്ങൾ വന്നത്. പിന്നീടങ്ങോട്ടുള്ള പ്രകടനങ്ങൾ അദ്ദേഹത്തെ കേരളത്തിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റ താരമാക്കി മാറ്റി.
1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1975 ൽ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഗ്യാലപ്പ് പോളിലൂടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 1973ൽ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീട നേട്ടം കൈവരിച്ചപ്പോൾ നിർണായക പ്രകടനം കാഴ്ചവച്ചു. അന്ന് ഫൈനലിൽ ക്യാപ്ടൻ മണി ഹാട്രിക്കടിച്ചപ്പോൾ അതിൽ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് നജിമുദ്ദീൻ എന്ന 19കാരനായിരുന്നു.
1979 ൽ കേരള ടീം ക്യാപ്ടനായി. 1973 മുതൽ 1992 വരെയായിരുന്നു ടൈറ്റാനിയത്തിനായി കളത്തിലിറങ്ങിയത്. 1977ൽ ഇന്ത്യയ്ക്കുവേണ്ടി സൗഹൃദമത്സരവും കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകൾക്ക് എതിരേയായിരുന്നു ദേശീയ കുപ്പായത്തിൽ പന്തുതട്ടിയത്.
2009 ൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. ഭാര്യ: നസീം ബീഗം. മക്കൾ: സോഫിയ, സുമയ്യ, സാദിയ. മരുമക്കൾ.സുനിൽ സെയ്ദ് (ജിദ്ദ), ശിഹാബ് മുഹമ്മദ് അലി, റഷീദ്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |