പ്രാഥമികറൗണ്ടിലെ അവസാന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചതോടെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കിയ പഞ്ചാബ് കിംഗ്സ് ഒന്നാം ക്വാളിഫയറിലേക്ക് . കഴിഞ്ഞരാത്രി ജയ്പുരിൽ നടന്ന മത്സരത്തിൽ മുംബയ് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം ഒൻപത് പന്തുകളും ഏഴ് വിക്കറ്റുകളും അവശേഷിക്കവേയാണ് പഞ്ചാബ് മറികടന്നത്. അർദ്ധസെഞ്ച്വറികൾ നേടിയ ജോഷ് ഇംഗിലിസും(73) പ്രിയാംശ് ആര്യയും (62) ചേർന്നാണ് പഞ്ചാബിന്റെ വിജയത്തിന് അടിത്തറയിട്ടത്.
പവർഫുൾ സീസൺ
സീസണിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങളാണ് പഞ്ചാബ് നേടിയത്. നാലുകളികളിൽ തോൽവി വഴങ്ങി. കൊൽക്കത്തയുമായുള്ള ഒരു മത്സരം മഴമൂലം പോയിന്റ് പങ്കുവച്ച് പിരിഞ്ഞു. രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്,ആർ.സി.ബി, ഡൽഹി ക്യാപ്പിറ്റൽസ് എന്നിവരോടാണ് തോറ്റത്.
2014
ലാണ് ഇതിനുമുമ്പ് ആദ്യമായും അവസാനമായും പഞ്ചാബ് പ്ളേ ഓഫിൽ ഇടംപിടിച്ചത്. ആ സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമതായ പഞ്ചാബ് ഫൈനലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി.
കുതിപ്പിന് പിന്നിൽ
കഴിഞ്ഞസീസണിൽ കൊൽക്കത്തയെ ജേതാക്കളാക്കിയ നായകൻ ശ്രേയസ് അയ്യരുടെ വരവ് പഞ്ചാബിന് പുതിയ
ഉൗർജ്ജം പകർന്നു.
ഒന്നോരണ്ടോ കളിക്കാരെ മാത്രം ആശ്രയിച്ചുകളിക്കുന്നതിന് പകരം ടീം ഗെയിമിന് പ്രാധാന്യം നൽകിയ കോച്ച് റിക്കി പോണ്ടിംഗിന്റെ ശൈലി.
ബാറ്റിംഗിൽ പ്രിയാംശ് ആര്യ,നെഹാൽ വധേര,ശ്രേയസ് അയ്യർ,പ്രഭ്സിമ്രാൻ സിംഗ്,ജോഷ് ഇൻഗിലിസ് തുടങ്ങിയവരുടെ അവസരോചിത ഇടപെടലുകൾ.
ബൗളിംഗിൽ ഇന്ത്യൻ താരങ്ങളായ അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ, ഹർപ്രീത് ബ്രാർ തുടങ്ങിയവരുടെ സ്ഥിരതയാർന്ന പ്രകടനം.
ഇനി മുന്നിൽ
ആദ്യ ക്വാളിഫയറിൽ വിജയിച്ചാൽ നേരിട്ട് ഫൈനലിലെത്താം. തോറ്റാൽ രണ്ടാം ക്വാളിഫയറിൽ ജയിച്ച് ഫൈനലിലെത്തൻ അവസരമുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |