യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് എസ്.ജിയും ഇന്റർ മിലാനും ഏറ്റുമുട്ടുന്നു
ഫൈനൽ വേദി മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയം
രാത്രി 12.30 മുതൽ സോണി സ്പോർട്സ് ചാനലിൽ ലൈവ്
മ്യൂണിക്ക് : യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ വമ്പനാരെന്നറിയാൻ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും കൊമ്പുകോർക്കുന്നു. ജർമ്മൻ നഗരമായ മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയമാണ് ജൂൺ ഒന്നിന് ഇന്ത്യൻ സമയം പുലർച്ചെ തുടങ്ങുന്ന മത്സരത്തിനുള്ള വേദി. തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കാനുള്ള ആഗ്രഹവുമായാണ് പാരീസ് എസ്.ജി ബയേണിലെത്തിയിരിക്കുന്നത്. മൂന്ന് തവണ യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരായിട്ടുള്ള ടീമാണ് ഇന്റർ മിലാൻ.
ഇംഗ്ളീഷ്,സ്പാനിഷ്,ജർമ്മൻ ലീഗുകളിലെ വമ്പൻ ക്ളബുകളെ മറികടന്നാണ് പാരീസും ഇന്ററും ഫൈനലിൽ എത്തിയിരിക്കുന്നത്. തുടർച്ചയായ നാലാം സീസണിലും ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരായാണ് പാരീസിന്റെ കുതിപ്പ്. ഈ സീസണിൽ ഫ്രഞ്ച് കപ്പിലും ജേതാക്കളായത് പാരീസാണ്. ഇറ്റാലിയൻ സെരി എയിലെ രണ്ടാം സ്ഥാനക്കാരാണ് ഇക്കുറി ഇന്റർ. ഈ സീസണിലെ ആദ്യ കിരീടമാണ് ഇറ്റാലിയൻ ക്ളബ് ലക്ഷ്യം വയ്ക്കുന്നത്.
നായകനായ അർജന്റീനിയൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ തുറുപ്പുചീട്ട്.സ്പാനിഷ് താരം ഫെറാൻ ടോറസ്, ഫ്രഞ്ച് താരം മാർക്കസ് തുറാം എന്നിവരാണ് അറ്റാക്കിംഗിലെ മറ്റ് കുന്തമുനകൾ. മദ്ധ്യനിരയിൽ ഡുംഫ്രീസ്,ബറേല,കലാനോഗ്ളു,മിഖിത്‌രായൻ, ഡിമാർക്കോ തുടങ്ങിയവർ അണിനിരക്കുന്നു. 37കാരനായ ഫ്രാൻസെസ്കോ അചെർബി, ബിസ്സെക്ക്, ബസ്തോണി എന്നിവരാണ് പ്രതിരോധത്തിലെ വിശ്വസ്തർ. സ്വിസ് ഗോളിയായ യാൻ സോമ്മർ ഈ സീസണിലുടനീളം ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്. സൈമൺ ഇൻസാഗിയാണ് ഇന്റർ കോച്ച്.
ഡിസിയെറേ ദൗവേ,ബാർകോള,വരാട്ഷേലിയ എന്നിവരാണ് പി.എസ്.ജിയുടെ മുൻനിരയിലിറങ്ങുക. ഫാബിയൻ റൂയിസ്,വിറ്റീഞ്ഞ, നെവസ് എന്നിവരടങ്ങുന്ന മദ്ധ്യനിരയും അഷ്റഫ് ഹക്കീമിയും മാർക്വിനോസും പച്ചോയും മെൻഡസുമടങ്ങുന്ന പ്രതിരോധവും പി.എസ്.ജിക്ക് കരുത്ത് പകരുന്നു. ഇറ്റാലിയൻ ഗോളി ഡോണറുമ്മയാണ് ക്ളബിന്റെ വല കാക്കുന്ന വിശ്വസ്തൻ.സ്പാനിഷ് ദേശീയ ടീമിന്റേയും ബാഴ്സലോണയുടേയും മുൻ കോച്ച് ലൂയിസ് എൻറിക്വേയാണ് പാരീസിന്റെ പരിശീലകൻ.
ഫൈനലിലേക്കുള്ള വഴി
ഇന്റർ മിലാൻ
പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ആറെണ്ണത്തിൽ വിജയിക്കുകയും ഓരോ തോൽവിയും സമനിലയും വഴങ്ങുകയും ചെയ്ത് പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി ഇന്റർ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് എത്തുകയായിരുന്നു.
ആഴ്സനൽ, ലെയ്പ്സിഗ്,ക്രെവ്ന സെസ്ദ,യംഗ് ബോയ്സ്,സ്പാർട്ട പ്രാഹ,മൊണാക്കോ എന്നിവർക്ക് എതിരെയായിരുന്നു ജയങ്ങൾ. ർ ലെവർകൂസനോട് തോൽക്കുകയും മാഞ്ചസ്റ്റർ സിറ്റിയോട് ഗോൾരഹിത സമനിലയിലാവുകയും ചെയ്തു.
ഡച്ച് ക്ളബ് ഫെയർനൂർദിനെതിരായ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ 2-0ത്തിനും രണ്ടാം പാദത്തിൽ 2-1നും ജയം.
ബയേൺ മ്യൂണിക്കിനെതിരായ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ 2-1ന് ജയം, രണ്ടാം പാദത്തിൽ 2-2ന് സമനില.
സെമിയിൽ ബാഴ്സലോണയുമായി ആദ്യപാദത്തിൽ 3-3ന് സമനില.രണ്ടാം പാദത്തിൽ 4-3ന്റെ ജയം.
14 മത്സരങ്ങൾ സീസണിൽ കളിച്ചു.
10 ജയം,3 സമനില,1 തോൽവി
26 ഗോളുകൾ അടിച്ചു
11 എണ്ണം വഴങ്ങി
പാരീസ് എസ്.ജി
പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ജയിക്കാനായത് നാലെണ്ണത്തിൽ മാത്രം.മൂന്ന് തോൽവികൾ.ഒരു സമനില. പോയിന്റ് പട്ടികയിൽ 15-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ പ്രീ ക്വാർട്ടറിലെത്താൻ പ്ളേഓഫിൽ കളിക്കേണ്ടിവന്നു.
പ്ളേഓഫിൽ ബ്രേസ്റ്റിനെ ആദ്യ പാദത്തിൽ 3-0ത്തിനും രണ്ടാം പാദത്തിൽ 7-0ത്തിനും തോൽപ്പിച്ച് പ്രീ ക്വാർട്ടറിലേക്ക് കടന്നു.
പ്രീ ക്വാർട്ടറിൽ ലിവർപൂളിനോട് ആദ്യ പാദത്തിൽ 1-0ത്തിന് തോറ്റു. രണ്ടാം പാദത്തിന്റെ അധികസമയത്ത് 1-0ത്തിന് മുന്നിലായതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലെത്തി 4-1ന് ജയം കണ്ടു.
ക്വാർട്ടറിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ ആദ്യ പാദത്തിൽ 3-1 ജയിച്ചതിനാൽ രണ്ടാം പാദത്തിൽ 3-2ന് തോറ്റിട്ടും സെമിയിലെത്തി.
സെമിയിൽ ആഴ്സനലിനെ ആദ്യപാദത്തിൽ 1-0ത്തിനും രണ്ടാം പാദത്തിൽ 2-1നും തോൽപ്പിച്ചു.
16 മത്സരങ്ങളാണ് സീസണിൽ കളിച്ചത്.
10 ജയങ്ങൾ,5 തോൽവി,1 സമനില
33 ഗോളുകൾ നേടി
15 എണ്ണം വഴങ്ങി
നേർക്കുനേർ
5 മത്സരങ്ങളിലാണ് ഇരു ക്ളബുകളും ഏറ്റുമുട്ടിയിട്ടുള്ളത്.
3 കളികളിലും വിജയം കണ്ടത് പാരീസ് എസ്.ജി
1 കളി സമനില, ഒരു ജയം ഇന്റർ മിലാന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |