ലോക ചെസിൽ ഇന്ത്യൻ കൗമാരത്തിന്റെ പടയോട്ടം വിളിച്ചറിയിച്ച വർഷമായിരുന്നു 2024. ലോക ചാമ്പ്യനായ ഡി. ഗുകേഷും ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ പുരുഷ വനിതാ ടീമിലെ കൗമാരം കടക്കാത്ത പ്രതിഭകളുമൊക്കെ ചേർന്ന് ഇന്ത്യൻ ചെസിൽ വിരിയിച്ച നവ വസന്തത്തിന്റെ ഒടുവിലെ കണ്ണിയാണ് ജോർജിയയിലെ ബാത്തുമിയിൽ വനിതാ ലോകകപ്പിന്റെ ഫൈനലിൽ കിരീടമണിഞ്ഞ 19കാരി ദിവ്യ ദേശ്മുഖ്.
ലോകകപ്പിൽ തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള ഗ്രാൻഡ്മാസ്റ്റർമാരെ മലർത്തിയടിച്ച് ഫൈനലിലെത്തിയതോടെതന്നെ ഇന്റർനാഷണൽ മാസ്റ്റർ മാത്രമായ ദിവ്യ ചരിത്രനായികയായി മാറിയിരുന്നു. വനിതാ ലോകകപ്പിന്റെ ഫൈനലിൽ കളിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരിയാണ് നാഗ്പ്പൂരുകാരിയായ ദിവ്യ. പിന്നാലെയാണ് 38കാരിയായ ഹംപി ഫൈനലിൽ കടന്നത്. ഫൈനൽ ടൈബ്രേക്കറിൽ ഹംപിയെ തറപറ്റിച്ചതോടെ ലോകകപ്പ് കിരീടത്തോടൊപ്പം ഗ്രാൻഡ് മാസ്റ്റർ പട്ടവും നേരിട്ട് ദിവ്യയിലേക്കെത്തി.
കഴിഞ്ഞ വർഷം നടന്ന ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണവും വ്യക്തിഗതസ്വർണവും നേടിയ ദിവ്യ അട്ടിമറികളിലൂടെയാണ് ലോകകപ്പിലെ മിന്നുംതാരമായത്. ഇതുവരെ ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക് എത്തിയിട്ടില്ലാത്ത ഈ കൗമാരക്കാരി തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള താരങ്ങളെയാണ് ബാത്തുമിയിൽ മറികടന്നത്. സെമിവരെയുള്ള ആറ് റൗണ്ടുകളിൽ രണ്ടുതവണ ടൈബ്രേക്കറിൽ വിജയം നേടി. നാലാം റൗണ്ടിൽ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ സു ജിനെറെയും ക്വാർട്ടർ ഫൈനലിൽ തന്റെ ഇരട്ടി പ്രായമുള്ള ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഹരികയേയുമാണ് ടൈബ്രേക്കറിൽ കീഴടക്കിയത്. സെമിയിൽ മുൻ ലോക ചാമ്പ്യനായ ചൈനീസ് താരം ടാൻ സോംഗ്ഇയെയാണ് കീഴടക്കിയത്. സെമിയുടെ ആദ്യ ഗെയിമിൽ സമനില വഴങ്ങിയ ദിവ്യ മൂന്നാം സീഡായിരുന്ന ചൈനീസ് താരത്തെ രണ്ടാം ഗെയിമിൽ 101 നീക്കങ്ങൾ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ അടിയറവ് പറയിക്കുകയായിരുന്നു.
ഇതോടെയാണ് ദിവ്യ തന്റെ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോമും അടുത്തവർഷം നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മത്സരിക്കാനുള്ള യോഗ്യതയും സ്വന്തമാക്കിയത്. മൂന്ന് നോമുകളാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്ക് വേണ്ടതെങ്കിലും ലോകകപ്പ് നേട്ടത്തോടെ ഫിഡെ നിയമപ്രകാരം നേരിട്ട് ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തി. കാഷ്‌പ്രൈസായി ദിവ്യയ്ക്ക് ലഭിക്കുന്നത് 43 ലക്ഷത്തിലധികം രൂപയാണ്. ഹംപിക്ക് 30 ലക്ഷത്തിലധികം രൂപ ലഭിക്കും.
സ്ത്രീകളും പുരുഷന്മാരും വെവ്വേറെ മത്സരിക്കുന്നത്?
നമ്മൾ എല്ലാവരും ചിന്തിക്കുന്ന ഒന്നാണ്, ചെസ്സ് ഒരു ശാരീരിക കായിക വിനോദമല്ല. എന്നിട്ടും സ്ത്രീകളും പുരുഷന്മാരും എന്തിനാണ് വ്യത്യസ്ത ഇനങ്ങളിലായി മത്സരിക്കുന്നത്? പ്രൊഫഷണൽ ചെസിൽ സ്ത്രീകളുടെ പ്രാതിനിധ്യം ചരിത്രപരമായി കുറഞ്ഞതാണ് ഇതിന് പ്രധാനപ്പെട്ട കാരണമായി കണക്കാക്കുന്നത്. സ്ത്രീകൾക്ക് മത്സരിക്കാനും ചെസ് വഴി മുൻനിരയിൽ എത്തിക്കുന്നതിന് വേണ്ടിയുമാണ് വനിതാ ഗ്രാൻഡ്മാസ്റ്റർ പോലുള്ള പ്രത്യേക ടൂർണമെന്റുകളും കിരീടങ്ങളും അവതരിപ്പിച്ചത്. എന്നാൽ 'ഓപ്പൺ' ടൂർണമെന്റുകളിൽ (പുരുഷന്മാർ ഉൾപ്പെടെ) മത്സരിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ വനിതാ വിഭാഗങ്ങളിൽ പുരുഷന്മാർ മത്സരിക്കുന്നത് അപൂർവമാണ്.
ചെസിന്റെ പേരിന് പിന്നിൽ?
ചെസിന്റെ ഉത്ഭവം ഇന്ത്യ, പേർഷ്യ, അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണെന്നാണ് കരുതുന്നത്. ഇന്ത്യയിൽ പുരാതനകാലം മുതൽ ചതുരംഗം എന്ന പേരിൽ ഈ കളി പ്രസിദ്ധമായിരുന്നു. ചതുരംഗം എന്നത് പുരാണഭാരതത്തിലെ സൈന്യത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. നാല് തരം അംഗങ്ങൾ അഥവാ സേനാവിഭാഗങ്ങൾ എന്നാണ് അതിനർത്ഥം. പേർഷ്യനിലെ ഷാ-മത്ത് എന്നതിൽ ഉത്ഭവിച്ചതാണെന്നാണ് കരുതുന്നത്. (ഷാ ചക്രവർത്തി അഥവാ പേർഷ്യൻ രാജാവ്) എന്നാൽ ഈ കളിയുടെ പേർഷ്യൻ പേരായ ഷത്രഞ്ജ് സംസ്‌കൃതത്തിലെ ചതുരംഗത്തിൽ നിന്നാണ് ഉൽഭവിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |