ഓവൽ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നിർണായകമായ അഞ്ചാം (അവസാന) ടെസ്റ്റിന് ഇന്ന് തുടക്കം. കെന്നിംഗ്ടൺ ഓവലിൽ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 മുതൽ മത്സരം ആരംഭിക്കും. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. അഞ്ചാം ടെസ്റ്റ് സമനിലയായാൽ പോലും | ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റിൽ ജയിച്ചാൽ മാത്രമേ പരമ്പര സമനിലയാക്കി മുഖം രക്ഷിക്കാനാകൂ. പിച്ച് പരിശോധിക്കാനെത്തിയ ഇന്ത്യൻ പരിശീലക സംഘത്തെ ഗ്രൗണ്ട്സ്‌മാൻമാർ തടഞ്ഞതിനെ തുടർന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ഓവലിലെ ക്യൂറേറ്റർ ലീ ഫോർട്ടിസും തമ്മിൽ ഇടഞ്ഞതിനെ തുടർന്നുള്ള വിവാദങ്ങൾ അലയടിക്കുന്ന അന്തരീക്ഷത്തിലാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്.അതേസമയം ഇന്നലെ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെ പിച്ചിനരികിൽ നിൽക്കുകയായിരുന്ന ഗംഭീർ, ക്യാപ്ടൻ ശുഭ്‌മാൻ ഗിൽ,ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്ക്, ചീഫ് സെലക്‌ടർ അജിത് അഗാർക്കർ എന്നിവരുടെ സമീപത്തേക്ക് എത്തി ഫോർട്ടിസ് എന്തോ സംസാരിച്ചിരുന്നു. എന്നാൽ തികച്ചും സമാധാനപരമായിട്ടായിരുന്നു എല്ലാവരും ഇടപെട്ടത്.
സ്റ്റോക്സില്ല,
പോപ്പ് നയിക്കും
പരിക്കേറ്റ ക്യാപ്ടൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെ നാലാം ടെസ്റ്റിൽ കളിച്ച നാല് പേരില്ലാതെയാണ് ഇംഗ്ലണ്ട് ഓവലിൽ പോരിനിറങ്ങുന്നത്.
സ്റ്റോക്സിൻ്റെ അഭാവത്തിൽ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിൻ്റ ക്യാപ്ടൻ.
പതിവ് പോലെ മത്സരത്തിന് തലേന്ന് തന്നെ ഇംഗ്ലണ്ട് പതിനൊന്നംഗ ടീമിനെ പ്രഖ്യാപിച്ചു.
വലത്തേ തോളിലെ പരിക്കാണ് സ്റ്റോക്സിന് തിരിച്ചടിയായത്. ജോലിഭാരം കുറയ്ക്കാനായി ജോഫ്ര ആർച്ചർക്കും ബ്രൈഡൻ കാർസിനും വിശ്രമം അനുവദിച്ചപ്പോൾ 8 വർഷത്തിന് ശേഷം ഇംഗ്ലണ്ട് ടീമിൽ അവസരം കിട്ടിയ ലിയാം ഡോസണെ ഒഴിവാക്കി.
ഓവലിലെ പിച്ചിനെപ്പറ്റി നന്നായി അറിയാവുന്ന സറെ ബൗളർമാരായ ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ നോട്ടിംഗ്ഹാംപ്ഷെയർ പേസർ ജോഷ് ടംഗ് എന്നിവരും ബാറ്റർ ജേക്കബ് ബെഥേലുമാണ് അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഇടം നേടിയത്,
ടീം: ക്രോളി, ഡെക്കറ്റ്, പോപ്പ്, റൂട്ട്, ബ്രൂക്ക്, ബെഥേൽ, സ്മിത്ത്, വോക്സ്, അറ്റ്കിൻസ്റ്റൺ, ഓവർട്ടൺ, ടംഗ്'
ബുംറ കളിച്ചേക്കില്ല
പരിക്കേറ്റ റിഷഭ് പന്തിന് പകരം ധ്രുവ് ജൂറെലാവും അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ.
പേസ് കന്തമുന ജസ്പ്രീത് ബുംറയും ഓവലിൽ കളിക്കില്ലെന്നാണ് വിവരം. ബി.സി സി.ഐയുടെ മെഡിക്കൽ ടീമിൻ്റെ നിർദ്ദേശ പ്രകാരമാണ് ബുംറയ്ക്ക് അഞ്ചാം ടെസ്റ്റിൽ വിശ്രമം അനുവദിക്കുന്നത്. മാഞ്ചസ്‌റ്ററിൽ ബുംറ 33 ഓവറോളം എറിഞ്ഞിരുന്നു. ബുംറയ്‌ക്ക് പകരം ആകാശ് ദീപ് ടീമിൽ തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ കിട്ടിയ അവസരം മുതലാക്കാനാകാതെ പോയ അൻഷുൽ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്‌ണയ്ക്കോ, ആദ്യമായി അർഷ്‌ദീപിനോ നറുക്ക് വീണേക്കാം. ബൗളിംഗിൽ നിരാശപ്പെടുത്തുന്ന ഷർദുലിന് വീണ്ടും അവസരം കിട്ടുമോയെന്ന് കണ്ടറിയണം. സ്പിന്നർ കുൽദീപിന് അവസരം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.
സാധ്യത ടീം- യശ്വസി, രാഹുൽ,സായി, ഗിൽ, സുന്ദർ,ജഡേജ,ജൂറേൽ,ഷർദുൽ/കുൽദീപ്/അർഷ്‌ദീപ്,ആകാശ് ദീപ്,പ്രസിദ്ധ്,സിറാജ്.
നോട്ട് ദ പോയിന്റ്
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് അവാസനമായി ഇന്ത്യ ഓവലിൽ ഇന്ത്യ കലിച്ചത്.അന്ന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റു
2000ത്തിന് ശേഷം ഓവലിൽ ഇന്ത്യ കളിച്ചത് 7 ടെസ്റ്റുകൾ. ജയിച്ചത് ഒരെണ്ണത്തിൽ മാത്രം
722 -റൺസ് 4 സെഞ്ച്വറിയുൾപ്പെടെ ഇന്ത്യൻ ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ ഈ പരമ്പരയിൽ നേടിക്കഴിഞ്ഞു. ഒരു സീരിസിൽഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ക്ലൈഡ് വാൽക്കോട്ടിന്റെ (5) റെക്കാഡിനൊപ്പമെത്താൻ ഗില്ലിന് ഒരു സെഞ്ച്വറി കൂടി മതി.
പോപ്പ് അവസാനം നയിച്ച നാല് ടെസ്റ്റ് മത്സരങ്ങളിൽ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു.
2023ന് ശേഷം ഓവലിൽ നടന്ന 22ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് സീമേഴ്‌സ് നേടിയത് 617 വിക്കറ്റുകളാണ്.സ്‌പിന്നർമാർക്ക് നേടാനായത് 79 വിക്കറ്റ് മാത്രം.
അഭിഷേക് @1
ദുബായ്: ട്വന്റി-20 റാങ്കിംഗിൽ ബാറ്റർമാരിൽ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനെ പിന്തള്ളി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാമത്. ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ തരമാണ് അഭിഷേക്. വിൻഡീസിനെതിരെ കളിക്കാതിരുന്ന ഹെഡ് രണ്ടാമതായി. ഇന്ത്യൻ താരങ്ങളായ തിലക് വർമ്മ മൂന്നാമതും സൂര്യകുമാർ യാദവ് ആറാമതുമുണ്ട്.
ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയും ബൗളർമാരിൽ ജസ്‌പ്രീത് ബുംറയും ഒന്നാമതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |