തന്റെ പ്രവചനം കൊണ്ട് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ വ്യക്തിയാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. അവരുടെ 90 ശതമാനം പ്രവചനവും യാഥാർത്ഥ്യമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ജപ്പാന്റെ പുതിയ ബാബ വാംഗ' എന്നറിയപ്പെടുന്നൊരാളുണ്ട്. മാംഗ കലാകാരിയായ റിയോ തത്സുകി. അവരുടെയും പല പ്രവചനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
2025ൽ ജപ്പാനിൽ വലിയൊരു ദുരന്തം വരുന്നുണ്ടെന്ന് അവർ പ്രവചിച്ചിരുന്നു. 2025 ജൂലായ് അഞ്ചിന് ജപ്പാനിനും ഫിലിപ്പീൻസിനും ഇടയിലുള്ള കടലിനടിയിൽ ഒരു വിള്ളൽ വീഴുകയും ഇത് തോഹോകു ഭൂകമ്പത്തേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമി ഉണ്ടാക്കുമെന്നുമായിരുന്നു അവരുടെ പ്രവചനം. ദുരന്തമുണ്ടാകുന്ന സമയമടക്കം പ്രവചിച്ചു. അത് ജപ്പാനിൽ മാത്രമല്ല ലോകമെമ്പാടും ഏറെ ചർച്ചയായി. ഇതിന്റെ ഫലമായി ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വൻ ഇടിവാണ് സംഭവിച്ചത്.
പേടിച്ചതുപോലെ ഒന്നും നടന്നില്ല. വളരെ സമാധാനപരമായി ആ ദിനം കടന്നുപോയി. എന്നാൽ ആഴ്ചകൾക്കിപ്പുറം ബാബ വാംഗയുടെ പ്രവചനം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. അതിനുകാരണമാകട്ടെ ജപ്പാനിൽ ഇന്നുണ്ടായ സുനാമിയും. ജപ്പാനിലെ ഹാക്കൈഡോയിൽ അപകട മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കാലാവസ്ഥാ ഏജൻസി ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫുകുഷിമ ആണവ നിലയത്തിൽ നിന്നുപോലും മുൻകരുതൽ എന്ന നിലയിൽ തൊഴിലാളികളെ ഒഴിപ്പിച്ചു.
ബാബ വാംഗ ഈ സംഭവത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും അവരുടെ മുൻ പ്രവചനത്തെ ബന്ധപ്പെടുത്തിയാണ് ഇക്കാര്യം ചർച്ചയാക്കുന്നത്. ദിവസമേ മാറിപ്പോയിട്ടുള്ളൂവെന്നും അവർ പറഞ്ഞത് സംഭവിക്കുന്നുവെന്നൊക്കെയാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |