തിരുവനന്തപുരം : സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ മേഖലാ ഡയറക്ടറും കാര്യവട്ടം എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാളുമായ ഡോ.ജി കിഷോർ ഇന്ന് സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നു. കേരളം ആതിഥ്യം വഹിച്ച രണ്ട് ദേശീയ ഗെയിംസുകളുടെ സംഘാടനത്തിലും സുപ്രധാന പദവികൾ വഹിച്ച കിഷോർ കാര്യവട്ടം, ഗ്വാളിയർ എൻ.സി.പി.ഇകളിൽ അദ്ധ്യാപകനായിരുന്നു. 1992ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇദ്ദേഹം ഡൽഹിയിലും കൊൽക്കത്ത,ബാംഗ്ലൂർ റീജിയണൽ സെന്ററുകളിലും ഡയറക്ടറായിരുന്നു. 2010ലാണ് ഡയറക്ടറായി കാര്യവട്ടത്തേക്ക് തിരിച്ചെത്തിയത്. തുടർന്ന് പ്രിൻസിപ്പാളുമായി.
1994ൽ ഡെപ്യൂട്ടേഷനിൽ സംസ്ഥാന കായിക വകുപ്പിൽ അഡിഷണൽ ഡയറക്ടറായി. യൂത്ത് വെൽഫെയർ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരുന്നു.സംസ്ഥാനത്ത് ആദ്യമായി ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമിന് തുടക്കമിട്ടതും സ്പോർട്സ് ബിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും കേരളോത്സവത്തിനും സാങ്കേതിക സഹായങ്ങൾ നൽകിയതും ഇക്കാലയളവിലാണ്. 2006-ൽ സ്പോർട്സ് ഡയറക്ടറും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായി ഡെപ്യൂട്ടേഷനിൽ വീണ്ടും കേരളത്തിലേക്കെത്തി. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കരിക്കുലം കമ്മിറ്റിയിൽ പങ്കാളിയായതും സ്പോർട്സ് കമ്മിഷനിൽ ഭാഗഭാക്കായതും ഈ കാലയളവിലാണ്. 1987 ദേശീയ ഗെയിംസിന്റെ ഭാഗമായ ഭാരതീയം പരിപാടിയുടെ ചുക്കാൻ പിടിച്ച ജി.കിഷോർ 2015 ദേശീയ ഗെയിംസിന്റെ വേദികൾ തിരഞ്ഞെടുത്ത് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിൽ സജീവപങ്കാളിത്തം വഹിക്കുകയും ഗെയിംസിന്റെ ടെക്നിക്കൽ കമ്മറ്റി അംഗമായി പ്രവർത്തിക്കുകയും ചെയ്തു.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവയുൾപ്പെട്ട പുതിയ റീജിയണിന്റെ ഡയറക്ടറുമായി. ഒന്നര പതിറ്റാണ്ടിനുള്ളിൽ കായിക വിദ്യാഭ്യാസത്തിൽ ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ സൗകര്യങ്ങളുള്ള ഇന്ത്യയിലെ മികച്ച അക്കാഡമിക് സ്ഥാപനമാക്കി എൽ.എൻ.സി.പി .ഇയെ മാറ്റാനായി. അതോടൊപ്പം തന്നെ നിരവധി ദേശീയ ക്യാമ്പുകളുടെ വേദിയും നാഷണൽ എക്സലൻസ് സെന്ററുമായി. 10 ട്രെയിനിംഗ് സെന്ററുകളാണ് ഇപ്പോഴുള്ളത്. ഇതിൽ മയിലാടുതുറൈയിലെയും ആന്ത്രോത്ത് ദ്വീപിലെയും സെന്ററുകൾ ആരംഭിക്കാനായി. ഗോൾഫ് ക്ലബ് ഏറ്റെടുത്ത് ഗോൾഫ് അക്കാഡമിയാക്കി. നിരവധി 'ഖേലോ ഇന്ത്യ" സെന്ററുകൾ ആരംഭിച്ചു . ജി.വി രാജാ സ്കൂളിനും പിന്തുണ നൽകുന്ന പദ്ധതി തയ്യാറാക്കി.
നിലവിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കംപാരറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വൈസ് പ്രസിഡന്റും ഇന്റർനാഷണൽ കൗൺസിൽ ഒഫ് സ്പോർട്സ് സയൻസ് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് ബോർഡ് മെംബറുമാണ്. ഔദ്യോഗികകൃത്യനിർവഹണത്തിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര കായിക മേളകളിൽ പങ്കെടുക്കുകയും വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഡയക്ടറും പ്രിൻസിപ്പാളും ചുമതലയേൽക്കുന്നത് വരെ ഡോ.ജി.കിഷോർ താത്കാലിക ചുമതലയിൽ തുടരുമെന്ന് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |