മ്യൂണിക്കിൽ പാരീസിന്റെ പട്ടാഭിഷേകം
ഫ്രഞ്ച് ക്ളബ് പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടം
ഫൈനലിൽ ഇന്റർ മിലാനെ തോൽപ്പിച്ചത് 5-0ത്തിന്
പി.എസ്.ജിയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം
മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ സീസണിൽ ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ് ജർമ്മെയ്ന്റെ (പി.എസ്.ജി) ചുടുചുംബനം. കഴിഞ്ഞരാത്രി ജർമ്മനിയിലെ മ്യൂണിക്കിലെ അലിയൻസ് അരീനയിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനെ മലർത്തിയടിച്ചാണ് പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
ആദ്യ പകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിലായിരുന്ന പി.എസ്.ജി രണ്ടാം പകുതിയിൽ മൂന്നുഗോളുകൾ കൂടി നേടി ഇറ്റാലിയൻ ക്ളബിനെ അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിക്കുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിയ 19കാരനായ ഡിസീയേ ഡുവേ, ഓരോ ഗോളടിച്ച അഷ്റഫ് ഹക്കീമി, വീച്ച വരാട്ട്സ്കേലിയ,സെന്നി മയിലു എന്നിവർ ചേർന്നാണ് ഇന്ററിന്റെ വലനിറച്ചത്. രണ്ട് ഗോളുകൾക്കും നിരവധി ആക്രമണങ്ങൾക്കും വഴിയൊരുക്കിയ സെന്റർ ഫോർവേഡ് ഒസ്മാനേ ഡെംബലേയും പാരീസിന്റെ പട്ടാഭിഷേകത്തിൽ നിർണായകപങ്കുവഹിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ഇന്റർ മിലാനെ ഞെട്ടിക്കുന്ന രീതിയിലായിരുന്നു ഫ്രഞ്ച് ക്ളബിന്റെ ആക്രമണവേഗം. 12-ാം മിനിട്ടിൽ ഡുവേയുടെ ക്രോസിൽ നിന്ന് ഹക്കീമി വലകുലുക്കിയപ്പോൾ ഇന്റർ ഗോളി യാൻ സോമർ താനിനി നാലുഗോളുകൾകൂടി വഴങ്ങേണ്ടിവരുമെന്ന് നിനച്ചിട്ടുണ്ടാവില്ല. എന്നാൽ ഇറ്റാലിയൻ ക്ളബിന്റെ പ്രതിരോധത്തെ പരിഹസിക്കുന്ന വിധമുള്ള ഗോളുകൾ ഓരോന്നായി അടിച്ചുകൂട്ടി ഫ്രഞ്ച് പട അഞ്ചുഗോളിന്റെ ആഘോഷം നടത്തുകയിരുന്നു. രണ്ടാം പകുതിയിൽ ഡുവേ വീണ്ടും വലകുലുക്കിയതോടെ ഇറ്റലിക്കാരുടെ വീര്യം തീർന്നിരുന്നു. മയിലു അവസാന ഗോളടിക്കാനായി പന്തുമായെത്തുമ്പോൾ ഇറ്റാലിയൻ പ്രതിരോധത്തിന്റെ പൊടിപോലും തടുക്കാനായുണ്ടായിരുന്നില്ല.
ഗോളുകൾ ഇങ്ങനെ
1-0
12-ാം മിനിട്ട്
അഷ്റഫ് ഹക്കീമി
ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ വിറ്റീഞ്ഞ പന്ത് ഡൗവേയ്ക്ക് മറിച്ചുനൽകി. പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ ഡൗവേ ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹക്കീമിക്ക് സുന്ദരമായി ക്രോസ് ചെയ്തു. കിട്ടിയ അവസരം പാഴാക്കാതെ ഹക്കീമിയുടെ ഫിനിഷ്.
2-0
20-ാം മിനിട്ട്
ഡിസീയേ ഡുവേ
ചടുലമായൊരു കൗണ്ടർ അറ്റാക്കിൽ നിന്ന് പി.എസ്.ജി ഗോളടിച്ചത് കണ്ട് ഇറ്റാലിയൻ ക്ളബുകാർ ഞെട്ടിയ നിമിഷം. സ്വന്തം ബോക്സിലെ കോർണർ കിക്ക് നിർവീര്യമാക്കി കിട്ടിയ പന്ത് പാച്ചോ മുന്നിലേക്ക് എത്തിച്ചു. ഇടതുവിംഗിലൂടെ ഓടിക്കയറിയ ഡെംബലെ ബോക്സിന് മുന്നിൽ നിന്ന ഡുവേയ്ക്ക് തളികയിൽ വച്ചെന്നപോലെ മറിച്ചുനൽകി. തകർപ്പനൊരു ഹാഫ് വോളി ഷോട്ടിലൂടെ ഡുവേ വലകുലുക്കി.
3-0
63-ാം മിനിട്ട്
ഡിസീയേ ഡുവേ
ഡെംബലെ ഫ്ളിക് ചെയ്ത് നൽകിയ പന്ത് വിറ്റീഞ്ഞ വഴി കിട്ടിയ ഡുവേ ഗോളി സോമർ പൊസിഷൻ മനസലാക്കിയശേഷം ലോ ഷോട്ടിലൂടെ വലയിലേക്ക് കയറ്റിവിട്ട് തന്റെ രണ്ടാം ഗോളാക്കി.
4-0
73-ാം മിനിട്ട്
വീച്ച വരാട്ട്സ്കേലിയ
പി.എസ്.ജിയുടെ അതിവേഗ ആക്രമണത്തിൽ നിന്ന് പിറന്ന മറ്റൊരു ഗോൾ. ഡെംബലെ നൽകിയ പാസുമായി ഗോളി സോമറെ വെട്ടിച്ചോടി മറികടന്നാണ് വരാട്ട്സ്കേലിയ വലകുലുക്കിയത്.
5-0
84-ാം മിനിട്ട്
സെന്നി മയിലു
രണ്ട് മിനിട്ടുമുമ്പ് പകരക്കാരനായിറങ്ങിയ സെന്നി മയിലുവിന് ബ്രാക്കോള പന്തുനൽകുമ്പോൾ ഇറ്റാലിയൻ ഡിഫൻസൊക്കെ പി.എസ്.ജിയുടെ ഹാഫിലായിരുന്നു. പന്തുമായി ഓടിക്കയറി സോമറെയും വെട്ടിച്ച് വലയിലേക്ക് നിറയൊഴിച്ച് മയിലു ഇറ്റലിയുടെ മുറിവിൽ മുളകുപുരട്ടി.
ഡാ ഉവ്വേ, ഡുവേ
19-ാം വയസിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് സൂപ്പർ സ്റ്റാറായിരിക്കുകയാണ് പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ഡിസീയേ ഡുവേ.ഈ സീസണിന്റെ തുടക്കത്തിലാണ് ഡുവേ റെന്നെസിൽ നിന്ന് പി.എസ്.ജിയിലെത്തിയത്. ഫ്രഞ്ച് ദേശീയ ടീമിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.
15-ാം സ്ഥാനത്തുനിന്ന് കിരീടത്തിലേക്ക്
ഈ സീസണിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ ആദ്യ റൗണ്ടിൽ ഗ്രൂപ്പായി തിരിച്ചുള്ള മത്സരം ഒഴിവാക്കി പോയിന്റ്
നില അടിസ്ഥാനത്തിൽ മുന്നോട്ടുപോക്ക് നിശ്ചയിച്ചപ്പോൾ നേരിട്ട് പ്രീ ക്വാർട്ടറിൽ എത്താനാകാതിരുന്ന ടീമാണ് പി.എസ്.ജി. 36 ടീമുകളടങ്ങുന്ന ആദ്യ റൗണ്ടിൽ 15-ാം സ്ഥാനത്താണ് പി.എസ്.ജി ഫിനിഷ് ചെയ്തത്.
5-0
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാർജിനാണ് ഇന്ററിനെതിരെ പി.എസ്.ജി സ്വന്തമാക്കിയത്.
168
പാരീസ് എസ്.ജിയുടെ 168-ാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു ഈ ഫൈനൽ. കിരീടം നേടാൻ ഇത്രയും മത്സരങ്ങൾ കളിക്കേണ്ടിവരുന്ന ആദ്യ ടീമാണ് പി.എസ്.ജി.
2
പി.എസ്.ജിയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു ഇത്. 2020ലെ ഫൈനലിൽ ബയേൺ മ്യൂണിക്ക് 1-0 ത്തിന് പി.എസ്.ജിയെ തോൽപ്പിച്ചിരുന്നു.
2
യൂറോപ്യൻ ടോപ് ഡിവിഷൻ ജേതാക്കളാകുന്ന രണ്ടാമത്തെ ഫ്രഞ്ച് ക്ളബാണ് പി.എസ്.ജി. 1993ൽ മാഴ്സെ യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ജേതാക്കളായിരുന്നു. അന്ന് ഇറ്റാലിയൻ ക്ളബ് എ.സി മിലാനെയാണ് മാഴ്സെ കീഴടക്കിയത്.
2
കോച്ചെന്ന നിലയിൽ ലൂയിസ് എൻറിക്വെയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം. 2015ൽ ബാഴ്സലോണ കിരീടം നേടിയപ്പോൾ എൻറിക്വെയായിരുന്നു കോച്ച്.
3
സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ ഫ്രഞ്ച് ക്ളബായി പി.എസ്.ജി. ഫ്രഞ്ച് ലീഗ് വണ്ണിലും ഫ്രഞ്ച് കപ്പിലും മുത്തമിട്ട ശേഷമാണ് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. യൂറോപ്പിൽ സീസൺ ട്രെബിൾ നേടുന്ന ഒൻപതാമത്തെ ക്ളബാണ് പി.എസ്.ജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |