രണ്ടാം ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചു
ആർ.സി.ബി Vs പഞ്ചാബ് കിംഗ്സ് ഫൈനൽ നാളെ രാത്രി 7.30ന്
അഹമ്മദാബാദ് : മുംബയ് ഇന്ത്യൻസിനെ രണ്ടാം ക്വാളിഫയറിൽ അഞ്ചു വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിംഗ്സ് ഐ.പി.എൽ ഫൈനലിലെത്തി. ഇന്നലെ പഞ്ചാബിനെതിരായ രണ്ടാം ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ നേടിയത് 203 റൺസാണ്. നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ (87 നോട്ടൗട്ട്) മികവിൽ പഞ്ചാബ് ഒരോവർ ബാക്കിനിൽക്കേ വിജയിക്കുകയായിരുന്നു.
നാളെ നടക്കുന്ന ഫൈനലിൽ പഞ്ചാബ് ആർ.സി.ബിയെ നേരിടും. ഇരുവർക്കും ആദ്യ കിരീടം നേടാനുള്ള അവസരമാണിത്. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ഐ.പി.എൽ ഫൈനലിലെത്തുന്നത്.
ഓപ്പണർ രോഹിത് ശർമ്മയെ (8) മൂന്നാം ഓവറിൽ നഷ്ടമായശേഷം ജോണി ബെയർസ്റ്റോ (38),
തിലക് വർമ്മ(44), സൂര്യകുമാർ യാദവ് (44),നമാൻ ധിർ(37) എന്നിവരുടെ പ്രയത്നത്തിലൂടെയാണ് മുംബയ് 200 കടന്നത്.
അപ്രതീക്ഷിതമായെത്തിയ മഴ രണ്ടാം ക്വാളിഫയർ വൈകിപ്പിച്ചത് രണ്ടേകാൽ മണിക്കൂറാണ്. രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടങ്ങേണ്ടിയിരുന്ന മത്സരം ഒൻപതേ മുക്കാലോടെയാണ് തുടങ്ങാനായത്. ഓവറുകൾ വെട്ടിക്കുറയ്ക്കാതെയാണ് മത്സരം ആരംഭിച്ചത് .അഹമ്മദാബാദിൽ ഇന്ന് മഴയുണ്ടാവില്ലെന്നായിരുന്നു കാലാവസ്ഥ പ്രവചനം. എന്നാൽ മത്സരത്തിനായെത്തിയ കളിക്കാർക്കൊപ്പം മഴയുമെത്തി. മത്സരത്തിന് മുമ്പുള്ള ടീമുകളുടെ പരിശീലനം മഴ തടസപ്പെടുത്തുകയും ചെയ്തു.
ടോസ് നേടിയ പഞ്ചാബ് മുംബയ്‌യെ ബാറ്റിംഗിന് വിട്ടു. സ്റ്റോയ്നിസാണ് രോഹിതിനെ പുറത്താക്കിയത്. തുടർന്ന് ക്രീസിലൊരുമിച്ച ബെയർസ്റ്റോയും സൂര്യയും ചേർന്ന് 7 ഓവറിൽ 70 റൺസിലെത്തിച്ചു. ബെയർസ്റ്റോയെ പുറത്താക്കി വിജയകമാർ വൈശാഖ് പിടിമുറുക്കാൻ ശ്രമിച്ചെങ്കിലും സൂര്യയും തിലകും ചേർന്ന് റൺറേറ്റ് താഴാതെ നോക്കി.13.5-ാംഓവറിൽ ടീം സ്കോർ 142 ൽ നിൽക്കുമ്പോഴാണ് ചഹലിന്റെ പന്തിൽ നെഹാൽ വധേരയ്ക്ക് ക്യാച്ച് നൽകി സൂര്യ പുറത്തായത്. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ഇതേ സ്കോറിൽതന്നെ തിലകിനെ ജാമീസൺ പുറത്താക്കി. തുടർന്ന് നമാൻ ധിറും നായകൻ ഹാർദിക് പാണ്ഡ്യയും ക്രീസിൽ ഒരുമിച്ചു.ടീം സ്കോർ 180ൽ വച്ച് ഹാർദിക്കും 197ൽ വച്ച് നമാനും പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |