കോഴിക്കോട്: പ്രൈം വോളി ലീഗ് (പി.വി.എൽ) നാലാംസീസൺ താരലേത്തിൽ മിന്നിത്തിളങ്ങി ജെറോം വിനീതും ഷെമീമുദ്ദീനും വിനീത് കുമാറും. 22.5 ലക്ഷം രൂപ വീതം നേടിയാണ് മൂവരും വിലയേറിയ താരങ്ങളായത്.
കഴിഞ്ഞ മൂന്ന് സീസണിലും കാലിക്കറ്റ് ഹീറോസിന്റെ മിന്നും ജെറോം വിനീതിനെ ചെന്നൈ ബ്ലിറ്റ്‌സാണ് ഇക്കുറി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കലിക്കറ്റ് ഹീറോസിനെ കിരീടജേതാക്കളാക്കിയ ചെന്നൈ പുതുക്കോട്ട സ്വദേശിയായ ജെറോം ഇനി സ്വന്തം തട്ടകത്തിൽ കളിക്കും.കാലിക്കറ്റ് ഹീറോസാണ് മലയാളി താരം ഷമീമുദ്ദീനെ കൂടാരത്തിലെത്തിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീൻ. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് വിനിത് കുമാറിനെ സ്വന്തമാക്കിയത്.
14.75 ലക്ഷം രൂപയ്ക്ക് ജസ്‌ജോദ് സിംഗ്,6.5 ലക്ഷത്തിന് അമൽ.കെ. തോമസ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിന്റെ ഭാഗമായി. ഷമീമിനെ കൂടാതെ കാലിക്കറ്റ് ഹീറോസ് റൈറ്റ് ടു മാച്ചിലൂടെ മോഹൻ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോൾ ഇതേ തുകയ്ക്ക് സന്തോഷ് .എസിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തിൽ മികച്ച നീക്കവുമായി രംഗത്തെത്തിയ ബംഗളൂരു ടോർപിഡോസ് പി.വി ജിഷ്ണുവിനെ 14 ലക്ഷത്തിനാണ് നേടിയത്. 6.5 ലക്ഷത്തിന് ജോയെൽ ബെഞ്ചമിൻ ജെ, അഞ്ച് ലക്ഷം രൂപയ്ക്ക് ഐബിൻ ജോസ്, രോഹിത് കുമാർ എന്നിവരും ടീമിലെത്തി.
എം.അശ്വിൻരാജ്, സമീർ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചൈന്നെ സ്വന്തമാക്കിയ മറ്റ് രണ്ട് താരങ്ങൾ. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോൺ ടി ജോണിനെ നിലനിർത്തി. അംഗമുത്തു, ജി.എസ് അഖിൻ എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി.
ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡൽഹി തൂഫാൻസിന്റെ വലിയ നേട്ടം. ജോർജ് ആന്റണിയെ അഞ്ച് ലക്ഷത്തിനും മന്നത്ത് ചൗധരിയെ ആറര ലക്ഷത്തിനും സ്വന്തമാക്കി. പതിനാറ് ലക്ഷത്തിന് ശിഖർ സിംഗിനെ സ്വന്തമാക്കിയാണ് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് തിളങ്ങിയത്. അമൻ കുമാർ, ദീപു വേണുഗോപാൽ എന്നിവരെ യഥാക്രമം 11.5, 5.75 ലക്ഷം രൂപയ്ക്കും നേടി. മുംബൈ മിറ്റിയോഴ്‌സ് കാർത്തിക് എ, ലാഡ് ഓം വസന്ത് എന്നിവരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് കൂടാരത്തിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |