സെന്റ് ലൂസിയ : വെസ്റ്റ് ഇൻഡീസ് ടീമിന്റെ വെടിക്കെട്ട് ബാറ്ററായ നിക്കോളാസ് പുരാൻ 29-ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. മികച്ച ഫോമിൽ നിൽക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പുരാൻ തന്റെ തീരുമാനമറിയിച്ചത്. ഐ.പി.എൽ ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരും.
ഏറെ ബുദ്ധിമുട്ടിയെങ്കിലും തനിക്ക് ഏറ്റവും ഉചിതമാണ് ഈ തീരുമാനമെന്ന് പുരാൻ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു. വെസ്റ്റിൻഡീസ് ജനതയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ നന്ദി പറഞ്ഞ പുരാൻ ക്രിക്കറ്റ് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരതമ്യേന പ്രതിഫലം കുറവായ വിൻഡീസ് ദേശീയ ടീമിന് പകരം ലോകത്തെ ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാകുകയാണ് താരത്തിന്റെ ലക്ഷ്യം. ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി 14 മത്സരങ്ങളിൽ അഞ്ച് അർദ്ധസെഞ്ച്വറികളടക്കം 524 റൺസ് നേടിയിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ (40) പറത്തിയതും പുരാനാണ്.
വൈറ്റ്‌ബാളിലെ തമ്പുരാൻ
ക്രിസ് ഗെയ്ലിന് ശേഷം വൈറ്റ്ബാൾ ഫോർമാറ്റുകളിൽ വിൻഡീസിന് ലഭിച്ച മികച്ച ബാറ്റർമാരിലൊരാളാണ് പുരാൻ.
ട്വന്റി-20യിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് .
2016ൽ ട്വന്റി-20 ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വിൻഡീസ് ബാറ്റിംഗിന്റെ നെടുംതൂണായി മാറി.
106 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 2275 റൺസാണ് സമ്പാദ്യം.
2019 ലാണ് ഏകദിനത്തിൽ അരങ്ങേറിയത്. 61 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളുമടക്കം1983 റൺസ് സമ്പാദ്യം നേടി.
ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |