ഇന്ത്യ- ഇംഗ്ളണ്ട് ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച മുതൽ
പ്ളേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നത് തലവേദന
ലീഡ്സ് : ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റേയും ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റേയും ഉൗണിലും ഉറക്കത്തിലും ഇപ്പോൾ ഒരു ചിന്തയേ ഉണ്ടാവുകയുള്ളൂ. വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ളേയിംഗ് ഇലവൻ. 19 പേരായി വർദ്ധിപ്പിച്ച ഇന്ത്യൻ സംഘത്തിലെ മിക്കവരുടെയും സ്വപ്നം പ്ളേയിംഗ് ഇലവനിൽ ഇടം പിടിക്കുന്നതിനെപ്പറ്റിയായിരിക്കും.
വിരാട് കൊഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യപരമ്പര. ടെസ്റ്റ് ഫോർമാറ്റിലെ നായക പദവിയിൽ അധികം പരിചയമില്ലാത്ത പുതിയ നായകൻ. കഴിഞ്ഞ രണ്ട് പരമ്പരകളിൽ ദാരുണമായി തോറ്റതിന് പഴി കേൾക്കേണ്ടവന്ന പരിശീലകൻ. ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ അധികം പരിചയമില്ലാത്ത യുവതാരങ്ങളടങ്ങിയ ടീം... സമ്മർദ്ദമേറ്റാൻ നിരവധിയുണ്ട് ഘടകങ്ങൾ. ഏറ്റവും മികച്ച 11 പേരുമായി കളത്തിലിറങ്ങിയെങ്കിലേ ഈ വെല്ലുവിളികൾ മറികടക്കാനാകൂവെന്ന് ഗംഭീറിനും ഗില്ലിനുമറിയാം. പക്ഷേ ആ ഇലവനെ കണ്ടെത്തുകയാണ് അതിലും വലിയ വെല്ലുവിളി.
രോഹിതിനുപകരം ഒരു വലം കയ്യൻ ഓപ്പണറും വിരാടിന് പകരം ഒരു നാലാം നമ്പർ ബാറ്ററുമാണ് ഏറ്റവും അനിവാര്യം. കെ.എൽ രാഹുലിനെയാണ് ഓപ്പണിംഗിൽ യശസ്വിക്കൊപ്പം പരിഗണിക്കുന്നത്. ഇംഗ്ളണ്ട് ലയൺസിനെതിരായ സന്നാഹത്തിൽ രാഹുൽ ഓപ്പണറായിറങ്ങി സെഞ്ച്വറി നേടിയിരുന്നു. ഗിൽ ഫസ്റ്റ് ഡൗൺ പൊസിഷനിലിറങ്ങിയാൽ കരുൺ നായർ നാലാം നമ്പരാകും. ഈ പൊസിഷനിലാണ് കരുൺ രണ്ട് സന്നാഹങ്ങളിലും കളിച്ചത്. റിഷഭ് പന്ത്, ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരിലൂടെ സ്പെഷ്യലിസ്റ്റ് ബാറ്റർ ലൈനപ്പ് പൂർത്തിയാക്കിയാൽ രവീന്ദ്ര ജഡേജയ്ക്ക് ഇടം പ്രശ്നമാകും. ഇടംകയ്യൻ ചൈനാമാനായ കുൽദീപിനെ കളിപ്പിക്കാനാണ് തീരുമാനമെങ്കിലും ജഡേജ പുറത്തിരിക്കേണ്ടിവരും.
പേസ് ബൗളിംഗിൽ ജസ്പ്രീത് ബുംറയ്ക്ക് ഒപ്പം ആരൊക്കെ എന്നതാണ് ചോദ്യം.പേസർമാരായി ശാർദൂൽ താക്കൂർ,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അകാശ്ദീപ്,അർഷ്ദീപ് എന്നിവർ ടീമിലുള്ളപ്പോഴാണ് എ ടീമിന് വേണ്ടി കളിച്ച ഹർഷിത് റാണയെക്കൂടി ടീമിലേക്ക് ഉൾപ്പെടുത്തി സ്ക്വാഡിന്റെ വലിപ്പം വർദ്ധിപ്പിച്ചത്. മൂന്ന് പേസർമാരെയാകും ഇന്ത്യ കളിപ്പിക്കുക. അങ്ങനെയെങ്കിൽ ഇവരിൽ രണ്ടുപേർക്കേ അവസരമുണ്ടാകൂ. നാലുപേസർമാരുമായി ഇറങ്ങാനാണ് പ്ളാനെങ്കിൽ ബുംറയും മറ്റ് മൂന്നുപേരുമുണ്ടാകും. നിതീഷിനെ പേസറായി പരിഗണിച്ചാലും ബുംറയ്ക്കൊപ്പം സ്പെഷ്യലിസ്റ്റ് പേസറായി രണ്ടുപേരേയുണ്ടാകൂ.
ശാർദൂൽ സന്നാഹമത്സരത്തിൽ മികവ് കാട്ടിയിരുന്നു. അർഷ്ദീപ് ടെസ്റ്റിലെ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ്. സിറാജാണ് പരിചയസമ്പന്നൻ. ആകാശ്ദീപും പ്രസിദ്ധും മികച്ച ഫോമിലാണ്. ഇവരിൽ ആരൊക്കെ വേണമെന്നത് കോച്ചിന്റെയും ക്യാപ്ടന്റേയും കയ്യിലാണ്. അമ്മയുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് വന്ന ഗംഭീർ വീണ്ടും ടീമിനാെപ്പം ചേരാനിരിക്കുകയാണ്. മത്സരത്തിന് മുമ്പ് ലീഡ്സിലെ പിച്ച് പരിശോധിച്ച ശേഷമാകും പ്ളേയിംഗ് ഇലവനെ പ്രഖ്യാപിക്കുക.
ഇന്ത്യൻ സ്ക്വാഡ് : ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് ( വൈസ് ക്യാപ്ടൻ), രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ,നിതീഷ്കുമാർ റെഡ്ഡി, ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദ്ദൂൽ , ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അകാശ്ദീപ്,അർഷ്ദീപ്,കുൽദീപ് യാദവ്,ഹർഷിത് റാണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |