അറ്റ്‌ലാന്റ : അമേരിക്കയിൽ നടന്ന ക്ളബ് ലോകകപ്പ് ഫുട്ബാളിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ഏകപക്ഷീയമായ ഏക ഗോളിന് കീഴടക്കി പോർച്ചുഗീസ് ക്ളബ് ബെൻഫിക്ക. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ 13-ാം മിനിട്ടിൽ ആൻദ്രിയാസ് ഷീൽഡ്രൂപ്പ് നേടിയ ഗോളിനായിരുന്നു ബെൻഫിക്കയുടെ ജയം. ഗ്രൂപ്പ് സിയിൽ ഒന്നാമന്മാരായി ബെൻഫിക്കയും രണ്ടാമന്മാരായി ബയേണും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കിവീസ് ക്ളബ് ഓക്‌ലാൻഡ് സിറ്റിയോട് 1-1ന് സമനിലയിൽ പിരിഞ്ഞ അർജന്റീന ക്ളബ് ബൊക്ക ജൂനിയേഴ്സ് പുറത്തായി. മത്സരത്തിൽ 74ശതമാനം സമയവും പന്ത് കൈവശം വയ്ക്കുകയും വലയിലേക്കുള്ള 10 ഷോട്ടുകളടക്കം 41 ഷോട്ടുകൾ തൊടുക്കുകയും ചെയ്തിട്ടും ബൊക്കയ്ക്ക് ലോക റാങ്കിംഗിൽ 4971-ാം റാങ്കിലുള്ള ക്ളബിനോട് സമനിലവഴങ്ങേണ്ടിവന്നു. ഇതോടെ ഇരു ടീമുകളും പ്രീ ക്വാർട്ടർ കാണാതെ മടങ്ങി.
ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ടുണീഷ്യൻ ക്ളബ് ടി.എസ് ടുണിസിനെ 3-0ത്തിന് തോൽപ്പിച്ച് ഇംഗ്ളീഷ് ക്ളബ് ചെൽസി പ്രീ ക്വാർട്ടറിലെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ടോസിൻ അദെരാബിയോയും ലിയാം ഡെലാപ്പും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ടൈറിഖ് ജോർജും നേടിയ ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |