രണ്ട് ഇന്നിംഗ്സുകളിലുമായി നേടിയ സെഞ്ച്വറികളുടെ എണ്ണം അഞ്ച്. ആകെ അടിച്ചുകൂട്ടിയത് 835 റൺസ്. ആദ്യ ഇന്നിംഗ്സിൽ മുൻ നിര പേസർക്ക് അഞ്ചുവിക്കറ്റ് നേട്ടം.ആറ് റൺസിന്റേതായിരുന്നെങ്കിലും ഒന്നാം ഇന്നിംഗ്സിൽ ലീഡ്....എന്നിട്ടും ലീഡ്സിൽ ഇംഗ്ളണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ചുവിക്കറ്റിന് തോൽക്കേണ്ടിവന്നതിന്റെ ആഘാതത്തിലാണ് പുതിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ ഇന്ത്യ. വിരാട് കൊഹ്‌ലിയുടെയും രോഹിത് ശർമ്മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ നായകനായി അരങ്ങേറ്റത്തിനിറങ്ങിയ ശുഭ്മാൻ ഗില്ലിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് ഹെഡിംഗ്‌ലിയിൽ കിട്ടിയത്. എന്നാൽ കളി തീർന്നപ്പോൾ ജയിച്ചത് ഇംഗ്ളണ്ട്. ആറ് റൺസിന് ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷം 371 റൺസ് എന്ന കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ളണ്ടുകാർ അവസാനദിവസം മാത്രം 352 റൺസാണടിച്ചത്. ആൾഔട്ടാക്കാൻ ഒരു ദിവസത്തിൽ കൂടുതൽ കിട്ടിയിട്ടും ഇന്ത്യയ്ക്ക് ആകെ വീഴ്ത്താനായത് അഞ്ചുവിക്കറ്റുകളാണ്. ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഒറ്റ വിക്കറ്റുപോലും നേടാനായില്ല.
ക്യാപ്ടൻസിയിലെ അരങ്ങേറ്റംതന്നെ ശുഭ്മാൻ ഗില്ലിന് നാണക്കേടാക്കിമാറിയതിന് പലകാരണങ്ങളുണ്ട്. പത്തോളം ക്യാച്ചുകൾ കൈവിട്ടതും നമ്മുടെ പേസർമാർ ഇംഗ്ളീഷ് ബാറ്റർമാർക്ക് ഒരു ഘട്ടത്തിൽ പോലും ഭീഷണിയാകാതിരുന്നതും തന്നെയാണ് മുഖ്യകാരണങ്ങൾ. പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്റെ കസേരയ്ക്ക് നന്നായി ആട്ടമുണ്ടാക്കുന്നതാണ് ഈ തോൽവി. ഗംഭീറിന് കീഴിൽ അവസാനമായി കളിച്ച ഒൻപത് ടെസ്റ്റുകളിൽ ഏഴാമത്തെ തോൽവിയാണിത്. അടുത്തകാലത്തൊന്നും ടെസ്റ്റിൽ ഇന്ത്യ ഇങ്ങനെ തുടർച്ചയായി നാണംകെട്ടിട്ടില്ല. സമീപകാലത്ത് എല്ലാ ഫോർമാറ്റുകളിലും മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കി ഇംഗ്ളണ്ടിലേക്കുള്ള ടീമിനെ എടുത്ത അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിക്കും ഈ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
നമ്മൾ നന്നായി കളിച്ചു. അവർ ഒന്നായി നേടി
1. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി സെഞ്ച്വറിയടിച്ചു. രണ്ടാം ഇന്നിംഗ്സിൽ പന്ത് വീണ്ടുമടിച്ചു സെഞ്ച്വറി. ഒപ്പം കെ.എൽ രാഹുലും. പക്ഷേ ഇന്ത്യയ്ക്ക് ടീം സ്കോർ ഇതിനുമേലേക്ക് എത്തിക്കാനാകുമായിരുന്നു. അതിന് കഴിയാതിരുന്നതോടെ മത്സരം സമനിലയിലെങ്കിലുമെത്തിക്കാൻ പറ്റിയില്ല.
2. ആദ്യ ഇന്നിംഗ്സിൽ 430/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 471ൽ അവസാനിച്ചത്. 41 റൺസിനിടെ നഷ്ടമായത് അവസാന ഏഴുവിക്കറ്റുകൾ. രണ്ടാം ഇന്നിംഗ്സിൽ 333/4 എന്ന നിലയിൽ നിന്ന് 364ൽ ആൾഔട്ടാകേണ്ടിവന്നു. 31 റൺസ് എടുക്കുന്നതിനിടെ ആറുവിക്കറ്റുകൾ കൈമോശം വന്നു.
3. മറുവശത്ത് ഇംഗ്ളണ്ട് 349/6 എന്ന നിലയിൽ നിന്ന് ആദ്യ ഇന്നിംഗ്സിൽ 465 റൺസ് വരെയെത്തി. രണ്ടാം ഇന്നിംഗ്സിൽ 253/4ൽനിന്നാണ് ജയത്തിലേക്ക് കയറിയത്. ഇന്ത്യൻ താരങ്ങൾ വ്യക്തഗതസ്കോറിംഗിൽ അഭിരമിച്ചപ്പോൾ ഇംഗ്ളണ്ടുകാർ കൂട്ടായി പരിശ്രമിച്ചതാണ് വിജയത്തിന് കാരണമായത്.
4. ആദ്യ ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയ്ക്ക് പിന്തുണനൽകാൻ സഹപേസർമാർ ബുദ്ധിമുട്ടി. രണ്ടാം ഇന്നിംഗ്സിൽ ബുംറയും ബുദ്ധിമുട്ടിലായി. സിറാജ്,ശാർദൂൽ താക്കൂർ എന്നിവർക്ക് മത്സരത്തിൽ തങ്ങളുടെ സാന്നിദ്ധ്യം തെളിയിക്കാനായില്ല. ആറൗണ്ടർ/സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഉണ്ടായിരുന്ന ജഡേജയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും കാര്യമായി ഒന്നുംചെയ്യാനായില്ല.
10
ക്യാച്ചുകളെങ്കിലും ഈ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ കൈവിട്ടു. നാലുക്യാച്ചുകൾ മിസാക്കിയ യശസ്വി ജയ്സ്വാൾ തീർത്തും നിരാശപ്പെടുത്തി. ഇന്ത്യയുടെ വിജയസാദ്ധ്യതയെത്തന്നെയാണ് ഫീൽഡർമാർ കൈവിട്ടുകളഞ്ഞത്. വൈറ്റ് ബാൾ ഫോർമാറ്റിൽ മികച്ച ഫീൽഡിംഗ് കാഴ്ചവയ്ക്കുന്ന ഇന്ത്യൻ ടീമിന് റെഡ്ബാൾ ഫോർമാറ്റിലും ആ മികവ് കാട്ടാനാകാത്തത് തിരിച്ചടിതന്നെയാണ്.
സെലക്ഷനിലെ പ്രശ്നങ്ങൾ
ഇംഗ്ളണ്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീം സെലക്ട് ചെയ്യുന്നതിൽ അഗാർക്കർക്കും കൂട്ടർക്കും പിഴച്ചുവോയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. സായ് സുദർശന് അരങ്ങേറ്റത്തിന് അവസരം നൽകിയവർ ശ്രേയസ് അയ്യരെ ടീമിലേ എടുക്കാതിരുന്നത് തിരിച്ചടിച്ചു. കരുൺ നായർക്ക് എട്ടുവർഷത്തിന് ശേഷം ലഭിച്ച അവസരം പ്രയോജനപ്പെടുത്താനായില്ല. ബാറ്റിംഗിൽ കുറച്ചുകൂടി മികവ് കാട്ടുമായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ ഒരു പേസർക്ക് പകരം കളത്തിലിറക്കാനുള്ള ധൈര്യവും കാട്ടിയില്ല.
ലീഡ്സിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അഞ്ച് സെഞ്ച്വറികൾ നേടാൻ കഴിഞ്ഞതും ഒരു അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയതും അഭിമാനാർഹമായ തന്നെയാണ്. പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽ ശക്തമായി തിരിച്ചുവരാൻ ശ്രമിക്കും.
-ഗൗതം ഗംഭീർ
ഇന്ത്യൻ കോച്ച്
രണ്ടാം ടെസ്റ്റ് ജൂലായ് 2 മുതൽ ബർമിംഗ്ഹാമിൽ
രണ്ടാം ടെസ്റ്റിന്
ബുംറയുണ്ടോ ?
ആദ്യ ടെസ്റ്റിൽ അൽപ്പമെങ്കിലും പിടിച്ചുനിന്ന പേസർ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ടെസ്റ്റിൽ കളിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ. വർക്ക് ലോഡ് മാനേജ്ചെയ്യാൻ ബുംറയെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കൂവെന്ന് നേരത്തേതന്നെ കോച്ച് ഗംഭീർ വ്യക്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകി മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിൽ വിശ്രമം നൽകി അഞ്ചാം ടെസ്റ്റിലും കളിപ്പിക്കാനായിരുന്നു പ്ളാൻ. എന്നാൽ ആദ്യ കളി തോറ്റതോടെ ബുംറയില്ലാതെ എങ്ങനെ ബൗളിംഗ് എന്ന ആശങ്കയിലാണ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |