വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം
കാർലോസ് അൽക്കാരസ്,സബലേങ്ക,എമ്മ റാഡുകാനു,പാവോലിനി, നവോമി ഒസാക്ക തുടങ്ങിയവർ ഇന്ന് കളത്തിൽ
ലണ്ടൻ : പുൽക്കോർട്ടിലെ ഏക ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ വിംബിൾഡണിന് ഇന്ന് ലണ്ടനിൽ തിരശീല ഉയരും. സീസണിലെ മൂന്നാമത്തെ ഗ്രാൻസ്ലാം ടൂർണമെന്റായ വിംബിൾഡണിലെആദ്യ റൗണ്ട് മത്സരങ്ങൾക്ക് നാളെ ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് തുടക്കമാകുന്നത്. മുൻനിര താരങ്ങളായ കാർലോസ് അൽക്കാരസ്, ഡാനിൽ മെദ്‌വദേവ്, അര്യാന സബലേങ്ക, എമ്മ റാഡുകാനു, ജാസ്മിൻ പാവോലിനി,നവോമി ഒസാക്ക തുടങ്ങിയവർ ആദ്യദിനം തന്നെ കോർട്ടിലിറങ്ങും.
ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ കിരീടമുയർത്തിയ കാർലോസ് അൽക്കാരസിന് ആദ്യ റൗണ്ടിൽ എതിരാളിയാകുന്നത് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാണ്. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് അൽക്കാരസ് ഇറങ്ങുന്നത്. സെന്റർ കോർട്ടിലെ ആദ്യ മത്സരമാണ് ലോക രണ്ടാം നമ്പർ താരം കൂടിയായ അൽക്കാരസിന്റേത്. ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം റണ്ണർ അപ്പും ലോക ഒന്നാം നമ്പർ താരവുമായ അര്യാന സബലേങ്ക ആദ്യ മത്സരത്തിൽ ഇന്ന് ഒന്നാം നമ്പർ കോർട്ടിൽ സീഡ് ചെയ്യപ്പെടാത്ത കനേഡിയൻ താരം കാഴ്സൺ ബ്രാൻസ്റ്റൈനെ നേരിടും. പരിക്കിന്റെ ഇടവേള കഴിഞ്ഞെത്തുന്ന ബ്രിട്ടീഷ് കൗമാര വനിതാ താരം എമ്മ റാഡുകാനുവിന് ആദ്യ റൗണ്ടിൽ എതിരാളി ബ്രിട്ടന്റെ തന്നെ മിമി ഷുവാണ്. അടുത്തിടെ കാർലോസ് അൽക്കാരസുമായി പ്രണയത്തിലാണെന്ന വാർത്തകളിലൂടെ എമ്മ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു.
വനിതാ വിഭാഗത്തിൽ നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് മാർട്ടിൻ കീസ് ആദ്യ റൗണ്ടിൽ റൊമേനിയയുടെ എലേന റൂസിനെ നേരിടും. കഴിഞ്ഞ വിംബിൾഡൺ ഫൈനലിൽ ബാർബോറ ക്രേസിക്കോവയോട് തോറ്റിരുന്ന ഇറ്റാലിയൻ താരം ജാസ്മിൻ പാവോലിനി ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിൽ ലാത്‌വിയൻ താരം സെവാസ്റ്റോവയെ നേരിടാൻ ഇറങ്ങും. മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയ്ക്ക് ആദ്യ എതിരാളി ഓസ്ട്രേലിയയുടെ താലിയ ഗിബ്സണാണ്. പുരുഷ സിംഗിൾസിൽ ഒൻപതാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്‌വദേവിന് ആദ്യ റൗണ്ടിൽ എതിരാളിയാകുന്നത് ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൺസിയാണ്.
ലോകത്തെ ഏറ്റവും പഴക്കമേറിയ ടെന്നിസ് ടൂർണമെന്റെുകളിലൊന്നാണ് വിംബിൾഡൺ.
സ്പാനിഷ് യുവതാരം കാർലോസ് അൽകാരസാണ് നിലവിലെ പുരുഷ സിംഗിൾസ് ചാമ്പ്യൻ.
കഴിഞ്ഞ ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനെയാണ് അൽക്കാരസ് കീഴടക്കിയത്.
2023ലെ ഫൈനലിലും നൊവാക്കിനെ തോൽപ്പിച്ച് അൽക്കാരസ് കിരീടമണിഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതും കാർലോസ് അൽകാരസാണ് .
ചെക്ക് താരം ബാർബറ ക്രെസിക്കോവയാണ് നിലവിലെ വനിതാ ചാമ്പ്യൻ.
ഇന്ത്യയിൽ നിന്ന് നാലുപേർ
നാല് ഇന്ത്യൻ താരങ്ങളാണ് ഇക്കുറി വിംബിൾഡണിൽ മത്സരിക്കുന്നത്.രോഹൻ ബൊപ്പണ്ണ,യുകി ബാംബ്രി,റിത്വിക് ബോലിപ്പള്ളി, ശ്രീറാം ബാലാജി എന്നിവർ ഡബിൾസിലാണ് ഇറങ്ങുന്നത്. ബെൽജിയൻ താരം സാൻഡർ ഗില്ലെയാണ് ബൊപ്പണ്ണയുടെ പങ്കാളി. യുകി അമേരിക്കയുടെ റോബർട്ട് ഗല്ലോവയോടൊപ്പം മത്സരിക്കും. റിത്വിക്കിന് റൊമേനിയയുടെ നിക്കോളാസ് ബാരിയെന്റോസും ശ്രീറാമിന് മിഗ്വേൽ വരേലയും പങ്കാളിയാകും.
567
കോടിയോളം രൂപയാണ് ഈ സീസൺ വിംബിൾഡണിലെ ആകെ പ്രൈസ്മണി. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനം വർദ്ധന. 34.7കോടി രൂപ വീതം പുരുഷ വനിതാ ജേതാക്കൾക്ക് ലഭിക്കും.
ടി.വി ലൈവ് : സ്റ്റാർ സ്പോർട്സ് ചാനലിലുംജിയോ ഹോട്ട്സ്റ്റാർ ആപ്പിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |