മാഡ്രിഡ്: പോർച്ചുഗൽ ഫുട്ബാൾ ടീമിന്റേയും ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന്റേയും സ്ട്രൈക്കർ ഡിയോഗോ ജോട്ടയും സഹോദരനും സ്പെയ്നിൽ നടന്ന കാറപകടത്തിൽ മരിച്ചു .28 വയസേ ഉണ്ടായിരുന്നുള്ളൂ ജോട്ടയ്ക്ക്. സഹോദരൻ ആന്ദ്രെയും ഫുട്ബാൾ താരമായിരുന്നു. വടക്കുപടിഞ്ഞാറൻ സ്‌പെയിനിലെ സമോറ നഗരത്തിൽഇവർ സഞ്ചരിച്ചിരുന്ന ലംബോർഗിനി കാർ അപകടത്തിൽപെട്ട് കത്തിയമരുകയായിരുന്നു.
ഇക്കഴിഞ്ഞ യുവേഫ നേഷൻസ് ലീഗിൽ കിരീടം നേടിയ പോർച്ചുഗീസ് ടീമിലും ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ടീമിലും ജോട്ട കളിച്ചിരുന്നു. മേയ് 25ന് പ്രിമിയർ ലീഗ് സീസണിലെ അവസാനമത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെയാണ് ലിവർപൂളിന്റെ കുപ്പായത്തിൽ അവസാനമത്സരം കളിച്ചത്. ഏപ്രിൽ മൂന്നിന് എവർട്ടനെതിരെയാണ് ലിവർപൂളിനായി അവസാന ഗോൾ നേടിയത്. ജൂൺ ഒൻപതിന് സ്പെയ്നിന് എതിരായ നേഷൻസ് ലീഗ് ഫൈനലിലാണ് അവസാനമായി പോർച്ചുഗലിന്റെ കുപ്പായമണിഞ്ഞത്.
1996ൽ പോർട്ടോയിൽ ജനിച്ച ജോട്ട പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കരിയർ ആരംഭിച്ചത്. 2016ൽ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. അടുത്ത വർഷം പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടണിലെത്തി. 2020-ലാണ് ലിവർപൂളിലെത്തുന്നത്. ക്ലബ്ബിനായി 182 മത്സരങ്ങളിൽ നിന്നായി 65 ഗോളുകൾ നേടിയിട്ടുണ്ട്. 2019ൽ പോർച്ചുഗലിന്റെ കുപ്പായത്തിൽ അരങ്ങേറിയ താരം 49 മത്സരങ്ങളിൽ 14 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി.
വിവാഹം കഴിഞ്ഞ്
10-ാം നാൾ മരണം
ദീർഘകാല പ്രണയിനിയായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് 10-ാം ദിവസമാണ് താരത്തിന്റെ മരണം. ഇവർക്ക് മൂന്ന് മക്കളുണ്ട്. ജൂൺ 22നായിരുന്നു ഇവരുടെ വിവാഹം. 15 വർഷം മുമ്പ് പോർട്ടോയിൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഇവർ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ജോട്ടയുടെ ഫുട്ബാൾ യാത്രയിൽ നിഴലായി റൂത്ത് പിന്തുടർന്നു. യുവേഫ നേഷൻസ് ലീഗ് കിരീടനേട്ടത്തിന് ശേഷമാണ് വിവാഹം ഔദ്യോഗികമായി നടത്തിയത്. ജോട്ട മരണപ്പെടുന്നത് തൊട്ടുമുമ്പ് ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്ന കുറിപ്പോടെ റൂത്ത് തന്റെ ഇൻസ്റ്റഗ്രാമിൽ വിവാഹവീഡിയോ പങ്കുവച്ചിരുന്നു. മക്കളുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.
അപകടം ടയർ പൊട്ടി
ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോർഗിനി കാറിന്റെ ടയർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പൊട്ടി റോഡിൽ നിന്ന് തെന്നിമാറി മതിലിലടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് സ്പാനിഷ് പൊലീസ് പറയുന്നത്. ജോട്ടയും ആന്ദ്രേയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |