SignIn
Kerala Kaumudi Online
Friday, 25 July 2025 1.31 AM IST

വിജയത്തിന്റെ എഡ്ജിൽ

Increase Font Size Decrease Font Size Print Page
cricket

എഡ്ജ് ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യമായി ടെസ്റ്റ് ജയം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം

ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 336 റൺസ് ജയം

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 271 റൺസിന് ആൾഔട്ട് , ആകാശ്ദീപിന് 6 വിക്കറ്റ്

പരമ്പര 1-1ന് സമനിലയിൽ, ശുഭ്മാൻ ഗിൽ മാൻ ഒഫ് ദ മാച്ച്

ബർമിംഗ്ഹാം : എഡ്ജ് ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചരിത്രത്തിലെ ആദ്യ വിജയം നേടിയ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശക്തമായ തിരിച്ചടിനൽകി അഞ്ചുമത്സരപരമ്പര 1-1ന് സമനിലയിലാക്കി. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ 608 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ടിനെ 271ൽ ആൾഔട്ടാക്കിയ ഇന്ത്യ 336 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ആഘോഷിച്ചത്. 99 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ്ദീപാണ് രണ്ടാം ഇന്നിംഗ്സിൽ ആതിഥേയരെ അരിഞ്ഞിട്ടത്.

ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിയും (269) രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും(161) നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ അവിസ്മരണീയ പ്രകടനമാണ് എഡ്ജ്ബാസ്റ്റണിലെ ഇന്ത്യൻ പ്രകടനത്തിന് അടിത്തറയായത്.

ഗില്ലിനൊപ്പം യശസ്വി ജയ്സ്വാളും (87), രവീന്ദ്ര ജഡേജയും (89), വാഷിംഗ്ടൺ സുന്ദറും (42)കരുൺ നായരും (31), റിഷഭ് പന്തും (25) തിളങ്ങിയപ്പോൾ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 587 റൺസ് എന്ന ഈ ഗ്രൗണ്ടിലെ തങ്ങളുടെ റെക്കാഡ് സ്കോറിലെത്തി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒരു ഘട്ടത്തിൽ 84/5എന്ന നിലയിൽ പതറിയെങ്കിലും ആറാം വിക്കറ്റിൽ 303 റൺസ് കൂട്ടിച്ചേർത്ത ജാമീ സ്മിത്തും (184*) ഹാരി ബ്രൂക്ക്സും (158) ചേർന്ന് 407വരെ എത്തിച്ചു. സിറാജ് ആറുവിക്കറ്റ് വീഴ്ത്തി.

180 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഗിൽ, കെ.എൽ രാഹുൽ(55), റിഷഭ് പന്ത് (65), ജഡേജ (69*)എന്നിവരുടെ അതിവേഗ സ്കോറിംഗിന്റെ ബലത്തിൽ 427/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. ഇതോടെയാണ് ഇംഗ്ളണ്ടിന് 608 റൺസ് വിജയലക്ഷ്യമായി കുറിക്കപ്പെട്ടത്.

അവസാനദിവസത്തിന്റെ ആദ്യ രണ്ട് മണിക്കൂറോളം മഴകാരണം നഷ്ടപ്പെട്ടിരുന്നു.72/3 എന്ന നിലയിലാണ് അവസാനദിവസംമഴ തോർന്നപ്പോൾ ഇംഗ്ളണ്ട് ബാറ്റിംഗിനിറങ്ങിയത്. കളി ആരംഭിച്ച് നാലാം ഓവറിൽ ഒല്ലീ പോപ്പിനെയും (24), ഒല്ലീ പോപ്പിനെയും (23) ആകാശ് ദീപ് പുറത്താക്കിയതോടെ ഇന്ത്യയുടെ ആവേശം വർദ്ധിച്ചു. ഒല്ലീ പോപ്പിനെ ആകാശ് ദീപ് ബൗൾഡാക്കിയപ്പോൾ ഹാരി ബ്രൂക്ക് എൽ.ബിയിൽ കുരുങ്ങിയാണ് പുറത്തായത്.മത്സരത്തിൽ ആകാശ്ദീപിന്റെ നാലാം വിക്കറ്റായിരുന്നു ബ്രൂക്കിന്റേത്. കഴിഞ്ഞദിവസം ജോ റൂട്ടിനെയും ബെൻ ഡക്കറ്റിനെയും ആകാശ് ബൗൾഡാക്കിയിരുന്നു.

കഴിഞ്ഞ ഇന്നിംഗ്സിൽ സെഞ്ച്വറിയുമായി ഗംഭീരചെറുത്തുനിൽപ്പ് നടത്തിയ ബ്രൂക്ക് മടങ്ങിയതോടെ ഇംഗ്ളണ്ട് 83/5 എന്ന നിലയിലായി.

എന്നാൽ ആറാം വിക്കറ്റിൽ ഒരുമിച്ച ജാമീ സ്മിത്തും നായകൻ ബെൻ സ്റ്റോക്സും ചേർന്ന് ചെറുത്തുനിൽക്കാൻ തുടങ്ങി. 73 പന്തുകൾ നേരിട്ട് ആറുഫോറുകളടക്കം 33 റൺസ് നേടിയ ഇംഗ്ളീഷ് നായകനെ വാഷിംഗ്ടൺ സുന്ദർ എൽ.ബിയിൽ കുരുക്കിയതോടെ 153/6 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു.

ലഞ്ചിന് ശേഷം ക്രിസ് വോക്സിനെക്കൂട്ടിയെത്തിയ സ്മിത്ത് കഴിഞ്ഞ ഇന്നിംഗ്സിലേതുപോലൊരു പ്രകടനത്തിന് കളമൊരുക്കി. നേരിട്ട 73-ാമത്തെ പന്തിൽ സ്മിത്ത് അർദ്ധസെഞ്ച്വറി തികച്ചു. എന്നാൽ 32 പന്തുകളിൽ ഏഴു റൺസ് നേടിയ വോക്സിനെ ടീം സ്കോർ 199ൽ വച്ച് പ്രസിദ്ധ് കൃഷ്ണ മടക്കി അയച്ചു. സിറാജിനായിരുന്നു ക്യാച്ച്. എന്നിട്ടും തളരാതെ പൊരുതിയ സ്മിത്ത് ടീമിനെ 226ലെത്തിച്ചപ്പോഴാണ് വീണത്.99 പന്തുകൾ നേരിട്ട് ഒൻപത് ഫോറും നാലുസിക്സുമടിച്ച സ്മിത്തിനെയും ആകാശ് ദീപ് തന്നെയാണ് പുറത്താക്കിയത്. വാഷിംഗ്ടൺ സുന്ദറിനായിരുന്നു ക്യാച്ച്. പിന്നീട് ബ്രണ്ടൻ കാഴ്സ് പൊരുതവേ ജോഷ് ടംഗിനെ ടീം സ്കോർ 246ൽ വച്ച് ജഡേജ സിറാജിന്റെ കയ്യിലെത്തിച്ചു.കാഴ്സിനെ ഗില്ലിന്റെ കയ്യിലെത്തിച്ച് ആകാശ്ദീപാണ് ഇംഗ്ളണ്ടിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചത്.

336

വിദേശ മണ്ണിൽ റൺ മാർജിനിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. വെസ്റ്റ് ഇൻഡീസിനെതിരെ ആന്റിഗ്വയിൽ 2019ൽ നേടിയ 318 റൺസിന്റെ മാർജിനാണ് മറികടന്നത്.

6/99

ആകാശ് ദീപ് കരിയറിൽ ആദ്യമായാണ് ടെസ്റ്റിന്റെ ഒരിന്നിംഗ്സിൽ അഞ്ചോ അതിലേറെയോ വിക്കറ്റുകൾ വീഴ്ത്തുന്നത്.

10/187

ആകാശ് ദീപ് കരിയറിൽ ആദ്യമായാണ് ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി 10 വിക്കറ്റുകൾ വീഴ്ത്തുന്നത്.എഡ്ജ്ബാസ്റ്റണിലെ ആദ്യഇന്നിംഗ്സിൽ നാലുവിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്.

430

റൺസാണ് രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി ശുഭ്മാൻ ഗിൽ നേടിയത്. ഒരു ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററാണ് ഗിൽ.1971ൽ വിൻഡീസിനെതിരെ 344 റൺസ് നേടിയിരുന്ന സുനിൽ ഗാവസ്കറുടെ റെക്കാഡാണ് ഗിൽ മറികടന്നത്.

ഈ വിജയം വേറേ ലെവൽ

1. ആദ്യ ടെസ്റ്റിലെ തോൽവിയുടെ സമ്മർദ്ദത്തിൽ നിന്ന് ശുഭ്മാൻ ഗില്ലും കൂട്ടരും നേടിയ ഈ വിജയത്തിന് ത്രില്ല് അൽപ്പം കൂടും.

2. ആദ്യടെസ്റ്റിൽ അവസാന ദിവസം കയ്യിലിരുന്ന ജയം കൊണ്ടുകളയുകയായിരുന്നു. ആ മത്സരത്തിൽ അൽപ്പമെങ്കിലും നന്നായി പന്തെറിഞ്ഞ ബുംറയ്ക്ക് വിശ്രമം നൽകാനുള്ള തീരുമാനത്തിൽ ഒരു മാറ്റവും വരുത്താതെ വലിയ വെല്ലുവിളിയാണ് കോച്ച് ഗംഭീർ ഏറ്റെടുത്തത്.

3. ലഭിച്ച അവസരം ആകാശ്ദീപും സിറാജും നന്നായി ഉപയോഗപ്പെടുത്തി. വാഷിംഗ്ടൺ സുന്ദറും മാന്യമായി കളിച്ചു. നിതീഷ് കുമാർ റെഡ്ഡി മാത്രമാണ് നിരാശപ്പെടുത്തിയത്.

4. നാലാം ദിവസം ഡിക്ളയർ ചെയ്യാൻ വൈകിച്ചതിന്റെ പേരിലും വിമർശനം ഉയർന്നിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിലേതുപോലെ ഇംഗ്ളീഷുകാർ ചേസ് ചെയ്ത് ജയിക്കാതിരിക്കാൻ പരമാവധി സ്കോർ ഉയർത്തുകയായിരുന്നു.

5. അവസാനദിവസം മഴയുണ്ടാകുമെന്ന് പ്രവചനമുണ്ടായിട്ടും നാലാം ദിനം ഡിക്ളയർ ചെയ്യാൻ ഇന്ത്യ തയ്യാറായില്ല. മഴ തുടക്കത്തിൽ പെയ്തപ്പോൾ വിജയിക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു.

1692

റൺസാണ് നാല് ഇന്നിംഗ്സുകളിൽ നിന്നുമായി ഇരുടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത്. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്റ്റിൽ ഇത്രയും റൺസ് പിറക്കുന്നത് ആദ്യമാണ്.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.