1 മിനിട്ട് 44.93 സെക്കൻഡ്
പൊസ്നാൻ : പോളണ്ടിൽ നടന്ന ചെസ്ളാവ സൈബുൾകീഗോ മെമ്മോറിയൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിലെ സ്വന്തം ദേശീയ റെക്കാഡ് തിരുത്തിയെഴുതി മലയാളി താരം മുഹമ്മദ് അഫ്സൽ. 1 മിനിട്ട് 44.93 സെക്കൻഡ് സമയത്തിലാണ് പോളണ്ടിൽ അഫ്സൽ ഓടിയെത്തിയത്. 1 മിനിട്ട് 45 സെക്കൻഡിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് അഫ്സൽ.
കഴിഞ്ഞ മേയ്‌യിൽ ദുബായ്‌യിൽ നടന്ന യു.എ.ഇ ഗ്രാൻപ്രീ അത്‌ലറ്റിക് മീറ്റിലാണ് അഫ്സൽ 800 മീറ്ററിലെ ദേശീയ റെക്കാഡ് ആദ്യം സ്വന്തം പേരിലെഴുതിയത്. 1 മിനിട്ട് 45.61 സെക്കൻഡിൽ ഓടിയെത്തി 2018ലെ ഗോഹട്ടി ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സിൽ ജിൻസൺ കുറിച്ചിരുന്ന 1 മിനിട്ട് 45.65 സെക്കൻഡിന്റെ റെക്കാഡാണ് അന്ന് പഴങ്കഥയാക്കിയത്. രണ്ടുമാസം തികയും മുന്നേ ഈ സമയവും അഫ്സൽ മറികടന്നിരിക്കുകയാണ്.
സെപ്തംബറിലെ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള ശ്രമമായാണ് അഫ്സൽ യൂറോപ്യൻ പര്യടനം നടത്തുന്നത്. 1 മിനിട്ട് 44.90 സെക്കൻഡാണ് ടോക്യോയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക്. യോഗ്യതാമാർക്ക് കടന്നില്ലെങ്കിലും അന്താരാഷ്ട്ര റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ അഫ്സലിന് മത്സരിക്കാൻ അവസരം ലഭിച്ചേക്കാം.2025 ആഗസ്റ്റ് 25ന് .800 മീറ്ററിലെ ലോകറാങ്കിംഗിൽ ആദ്യ 56 സ്ഥാനങ്ങളിലുള്ളവർക്ക് ലോക ചാമ്പ്യൻഷിപ്പിലേക്ക് എൻട്രി ലഭിക്കും. 51-ാം സ്ഥാനത്താണ് അഫ്സൽ ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |