ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് ലോഡ്സിൽ തുടക്കം
ലോഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സിൽ തുടക്കമാകും. ഇരുടീമും ഓരോ വിജയം നേടി അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-1ന് സമനിലയിലാണ്. ലോഡ്സിൽ ജയിച്ച് പരമ്പരയിൽ മുന്നിലെത്താനാണ് ഇരുടീമും ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും നേരത്തേ തന്നെ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് തങ്ങൾ മികച്ച ആത്‌മവിശ്വാസത്തിലാണെന്നുള്ള സന്ദേശം ഇംഗ്ലണ്ട് നൽകിക്കഴിഞ്ഞു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് ടീമിലെ മാറ്റം. ജോഷ് ടംഗിന് പകരമാണ് ആർച്ചർ എത്തിയത്. ഇന്ത്യൻ ടീമിൽ രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന സ്‌പീഡ് സ്റ്റാർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയേക്കും. പ്രസിദ്ധ് കൃഷ്ണയ്‌ക്ക് പകരമാകും ബുംറ എത്തുക.
ഇന്ത്യൻ സാധ്യതാ ടീം : ശുഭ്മാൻ ഗിൽ , പന്ത് , രാഹുൽ, ജയ്സ്വാൾ, കരുൺ നായർ,നിതീഷ്കുമാർ , ജഡേജ, സുന്ദർ,ബുംറ, സിറാജ്,അകാശ്ദീപ്,.
ഇംഗ്ലണ്ട് ടീം : ബെൻ ഡക്കറ്റ്,സാക്ക് ക്രാളി, ഒല്ലീ പോപ്പ്,ജോ റൂട്ട്,ഹാരി ബ്രൂക്ക്,ജാമീ സ്മിത്ത്, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്,ബ്രണ്ടൻ കാഴ്സ്, ജോഫ്ര ആർച്ചർ,ഷൊയ്ബ് ബഷീർ,
പരമ്പര ഇതുവരെ
ഒന്നാം ടെസ്റ്റ് - ഇംഗ്ലണ്ട് 5 വിക്കറ്റിന് ജയിച്ചു
രണ്ടാം ടെസ്റ്റ് - ഇന്ത്യ 336 റൺസിന് ജയിച്ചു
പേസ് പിച്ച്
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി പുല്ലുനിറഞ്ഞ പിച്ചാണ് ലോഡ്‌സിൽ ഒരുക്കിയിരിക്കുന്നത്. പേസും ബൗൺസും ഉള്ള പിച്ചാണ് മൂന്നാം ടെസ്റ്റിനായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ അടിച്ചു തകർക്കുന്ന ബാസ്ബോൾ ശൈലിക്ക് അനുകൂലമായ പിച്ചാണ് ഒന്നും രണ്ടും ടെസ്‌റ്റുകൾക്കായി ലീഡ്‌സിലും എഡ്‌ജ് ബാസ്റ്റണിലും ഒരുക്കിയിരുന്നത്. എന്നാൽ പിച്ചിന്റെ ആനുകൂല്യം മുതലാക്കി ഇന്ത്യൻ താരങ്ങളും ആദ്യടെസ്റ്റുകളിൽ നിറഞ്ഞാടിയിരുന്നു. ഇതിനെ തുടർന്നാണ് ലോഡ്‌സിൽ ബൗളിംഗിനെ തുണയ്‌ക്കുന്ന പിച്ചൊരുക്കിയതെന്നാണ് വിവരം.
ലൈവ്
ഉച്ചകഴിഞ്ഞ് 3.30 മുതൽ
സ്റ്റാർ സ്പോർട്സ് ചാനലുകൾ, ഹോട്ട് സ്റ്റാർ
ഇഗ സെമിയിൽ
ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസിൽ പോളിഷ് താരം ഇഗ സ്വിയാറ്റക് സെമിയിൽ എത്തി. ക്വാർട്ടറിൽ റഷ്യയുടെ ല്യുഡ്‌വിന സംസൊനോവയെ കീഴടക്കിയാണ് ഇഗ കരിയറിലെ കന്നി വിംബിൾഡൺ സെമി ഉറപ്പിച്ചത്. സ്കോർ 6-7,7-5. സ്വിസ് താരം ബെലിൻഡ ബെൻസിച്ചാണ് സെമിയിൽ ഇഗയുടെ എതിരാളി. ബെലിൻഡയും കരിയറിലാദ്യമായാണ് വിംബിൾഡൺ വനിതാ സിംഗിൾസ് സെമിയിൽ എത്തിയത്. ക്വാർട്ടറിൽ മിറ ആൻഡ്രീവയെ 7-6, 7-6നാണ് ബെലിൻഡ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |