തിരുവനന്തപുരം: യു.എസ്.എയിലെ ന്യൂയോർക്കിൽ നാഷണൽ ഫിസിക് കമ്മിറ്റി (എൻ.പി.സി) സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി കോട്ടയം സ്വദേശി സിദ്ധാർത്ഥ് ബാലകൃഷ്‌ണൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്തോ- അമേരിക്കൻ താരം എൻ.പി.സി മിസ്‌റ്റർ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് ചിട്ടയായ പരിശീലനം കൈമുതലാക്കി സിദ്ധാർത്ഥ് എൻ.പി.സി മിസ്റ്റർ യൂണിവേഴ്‌സായത്.
പ്രൊഫഷണൽ ബോഡി ബിൽഡിംഗ് സംഘടനയായ ഇന്റർനാഷണൽ ഫിറ്റ്‌നസ് ആൻഡ് ബോഡി ബിൽഡിംഗ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും പ്രൊ കാർഡും സിദ്ധാർത്ഥ് നേടി. ബോഡി ബിൽഡിംഗിലെ ഏറ്റവും വലിയ വേദിയായ മിസ്റ്റർ ഒളിമ്പിയ ആകുകയാണ് 35കാരനായ സിദ്ധാർത്ഥിന്റെ ലക്ഷ്യം.
വർഷങ്ങൾക്ക് മുൻപ് യു.എസിലേക്ക് കുടിയേരിയ കോട്ടയം നാഗമ്പടം സ്വദേശി ബാലു മേനോന്റെയും ഉമ മേനോന്റെയും മകനായ സിദ്ധാർത്ഥ് നിലവിൽ യു.എസ് ആർമിയിലണ്. രണ്ടര പതിറ്റാണ്ടായി യു.എസിലുള്ള സിദ്ധാർത്ഥ് 18 വയസിൽ തന്നെ അമേരിക്കൻ സൈന്യത്തിൽ ചേർന്നു. അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സൈന്യത്തിലെ ചിട്ടയായ ജീവിതം ബോഡി ബിൽഡിംഗ് പ്രൊഫഷണലിലേക്ക് വരാൻ സിദ്ധാർത്ഥിന് വഴികാട്ടിയായി. പരിശീലനത്തിനൊപ്പം കൃത്യമായ ഭക്ഷണക്രമവും അച്ചടക്കമുള്ള ജിവിതവുമാണ് ബോഡിബിൽഡിംഗ് രംഗത്ത് ഉന്നതിയിലേക്കുള്ള സിദ്ധാർത്ഥിന്റെ കുതിപ്പിന്ന് പിന്നിലെ ചാലക ശക്തി.
പരിശീലനം കുടുംബം
കൻസാസ് സിറ്റിയിലെ ജിമ്മിൽ മൂന്ന് സെക്ഷനുകളായാണ് സിദ്ധാർത്ഥിന്റെ പരിശീനം. മിസ്റ്റർ ഒളിമ്പിയയിൽ പങ്കെടുക്കാനായി പ്രമുഖ പരിശീലകൻ എരിയൽ ആൽബർട്ടോയ്‌ക്കൊപ്പം പരിശീലനത്തിലാണിപ്പോൾ. ദിവസം ആറ് തവണയായാണ് ഭക്ഷണം കഴിക്കുന്നത്.എന്നാൽ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾക്ക് മെനുവിൽ സ്ഥാനമില്ല. നന്നായി മലയാളം പറയുന്ന കേരള സംസ്കാരം ഏറെ ഇഷ്‌ടപ്പെടുന്ന സിദ്ധാർത്ഥിന് പക്ഷേ കൃത്യമായ ഡയറ്റ് പിന്തുടരുന്നതിനാൽ കേരളത്തിലെ ചില രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കാനാവില്ലെന്ന സങ്കടമുണ്ട്.
യു.എസ് പൗരയായ യോഗ അദ്ധ്യാപിക കോറിയാണ് സിദ്ധാർത്ഥിന്റെ ഭാര്യ. മകൾ ഹാർലി. പിതാവ് ബാലു മാദ്ധ്യമ പ്രവർത്തകനും മാതാവ് ഉമ സാമൂഹ്യ പ്രവർത്തകയുമാണ്.സഹോദരി സൂര്യ മേനോനും അമേരിക്കയിൽ സ്ഥിര താമസമാണ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി സിദ്ധാർത്ഥിന്റെ കുടുംബം യു.എസിലേക്ക് കുടിയേറിയിട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |