ഇന്ത്യൻ ടീം മാഞ്ചസ്റ്ററിൽ പരിശീലനം തുടങ്ങി
മാഞ്ചസ്റ്റർ : ഇംഗ്ളണ്ടിനെതിരെ ഈ മാസം 23ന് തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം മത്സരവേദിയായ മാഞ്ചസ്റ്ററിലെത്തി ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. അഞ്ചുമത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തോറ്റതിന്റെ സമ്മർദ്ദത്തിലാണ് ഗൗതം ഗംഭീർ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘം.
ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് നാലാം ടെസ്റ്റിൽ ബാറ്ററായി കളിക്കാനിറങ്ങുമെന്നത് നൂറുശതമാനം ഉറപ്പാണെന്ന് ഇന്ത്യൻ ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡ്യുഷാറ്റെ അറിയിച്ചു. എന്നാൽ മത്സരത്തിൽ റിഷഭ് വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നകാര്യത്തിൽ ഇപ്പോൾ ഉറപ്പുപറയാൻ കഴിയില്ല. പരിക്കിൽ നിന്ന് അതിവേഗം റിഷഭ് മോചിതനായി വരികയാണെന്നും പറ്റുമെങ്കിൽ റിഷഭ് തന്നെ കീപ്പ് ചെയ്യുമെന്നും ഡ്യുഷാറ്റെ പറഞ്ഞു. ലോഡ്സിലെ ആദ്യ ഇന്നിംഗ്സിൽ ഡൈവ് ചെയ്ത് പന്ത് പിടിക്കാൻ ശ്രമിക്കവേയാണ് റിഷഭിന്റെ
വിരലിന് പരിക്കേറ്റത്. തുടർന്ന് വേദന സഹിക്കാതെ കളംവിട്ടു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ധ്രുവ് ജുറേലാണ് പിന്നീട ഇരു ഇന്നിംഗ്സുകളിലും വിക്കറ്റ് കീപ്പ് ചെയ്തത്. എന്നാൽ ഇരു ഇന്നിംഗ്സുകളിലും പന്ത് ബാറ്റിംഗിനെത്തി. ആദ്യ ഇന്നിംഗ്സിൽ 74 റൺസടിച്ച് റൺഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഒൻപത് റൺസേ നേടാനായുള്ളൂ.
അതേസമയം മാഞ്ചസ്റ്ററിൽ പേസർ ജസ്പ്രീത് ബുംറ കളിക്കുമോ എന്നതിൽ ഡ്യുഷാറ്റെ വ്യക്തമായ മറുപടി നൽകിയില്ല. അവസാന രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമേ ബുംറ കളിക്കൂവെന്ന് ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ അറിയിച്ചിട്ടുള്ളതായും ഏത് മത്സരത്തിലാണ് കളിപ്പിക്കേണ്ടതെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുമെന്നും ഡ്യുഷാറ്റേ പറഞ്ഞു. ഒന്നും മൂന്നും ടെസ്റ്റുകളിലാണ് ബുംറ കളിച്ചത്. ഈ മത്സരങ്ങളിൽ ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു.
പരമ്പരയിൽ ഇതുവരെ
1. ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ട് അഞ്ചുവിക്കറ്റിന് ജയിച്ചു.
2. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചത് 336 റൺസിന്
3. മൂന്നാം ടെസ്റ്റിൽ 22 റൺസിന് ഇന്ത്യൻ തോൽവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |