തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ റൺമഴ പെയ്ത രണ്ടാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 9 റൺസിന് കീഴടക്കി തുടർച്ചയായ രണ്ടാം ജയം നേടി തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് അഹമ്മദ് ഇമ്രാന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ
20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. മറുപടിക്കിറങ്ങിയ കാലിക്കറ്റ് ടീം പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ തൃശൂർ കെസിഎൽ രണ്ടാം സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് കുറിച്ചത്. 55 പന്തിൽ 11 പോറും 5 സിക്സും ഉൾപ്പെടെ 100 റൺസ് നേടിയ ഇമ്രാൻ തൃശൂരിനെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. വെറും 24 പന്തുകളിൽ അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൗളർമാരെയും ഇമ്രാൻ അതിർത്തി കടത്തി.തുടക്കത്തിൽ ഇബ്നുൾ അഫ്താബിന്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടെങ്കിലും കൂസാതെ അടിച്ചു തകർത്ത ഇമ്രാൻ 18-ാം ഓവറിലാണ് സെഞ്ച്വറി തികച്ചത്.
ഇമ്രാനൊപ്പം ഓപ്പണറായെത്തിയ ആനന്ദ് കൃഷ്ണൻ (7) തുടക്കത്തിലേ മടങ്ങിയെങ്കിലും ഷോൺ റോജർക്കൊപ്പം (35) ചേർന്ന് രണ്ടാം വിക്കറ്റിൽ ഇമ്രാൻ 75 റൺസ് കൂട്ടിച്ചേർത്ത് തൃശൂരിനെ 100 കടത്തി..
ഷോൺ റോജറെ മോനു കൃഷ്ണ ക്ലീൻ ബൗൾഡാക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ അക്ഷയ് മനോഹർ (22),അർജുൻ എ.കെ (പുറത്താകാതെ 24) എന്നിവരും തിളങ്ങി.കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.തൃശൂരുയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കാലിക്കറ്റിന് തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും അർദ്ധ സെഞ്ച്വറി നേടിയ സൽമാൻ നിസാറും (44 പന്തിൽ 77), എം. അജിനാസും (40 പന്തിൽ 58) പ്രതീക്ഷ നൽകി. 41/3 എന്ന നിലയിൽ ഒന്നിച്ച ഇരുവരും 4-ാം വിക്കറ്റിൽ 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അജിനാസിനെ പുറത്താക്കി സിബിൻ ഗണേഷാണ് കൂട്ടുകെട്ട് പൊളിച്ചത്.തുടർന്നും പൊരുതി നോക്കിയ സൽമാനെ അവസാന ഓവറിന്റെ രണ്ടാം പന്തിൽ ആനന്ദ് പുറത്താക്കിയതോടെ കാലിക്കറ്രിന്റെ വിജയപ്രതീക്ഷ അവസാനിച്ചു. തൃശൂരിനായി എം.ഡി നിധീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
കൊലമാസ് കൊച്ചി
തിരുവനന്തപുരം: കെ.സി.എല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചി 34 റൺസിനാണ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി.
കൊച്ചിയ്ക്ക് വേണ്ടി 3 ഓവറിൽ 17 റൺസ് മാത്രം നൽകി നാല് വിക്കറ്റ് വീഴത്തിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്. സാംസൺ സഹോദരൻമാരായ സാലിയും സഞ്ജുവും നിരാശപ്പെടുത്തിയെങ്കിലും ഇന്നിംഗ്സിന്റെ തുടക്കവും ഒടുക്കവും ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് കൂറ്റൻ സ്കോറാണ് കൊച്ചി നേടിയത്.
ഓപ്പണർ വിനൂപ് മനോഹരനും (31 പന്തിൽ 66), വാലറ്റത്ത് ആൽഫി ഫ്രാൻസിസുമാണ് (13 പന്തിൽ 31) വമ്പൻ അടികളിലൂടെ കൊച്ചിയുടെ സ്കോർ ഉയർത്തിയത്. വിപുൽ ശക്തി (11) ആയിരുന്നു വിനൂപിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്. വിപുലിനെ കാഴ്ചക്കാരനാക്കി തുടക്കം മുതൽ വിനൂപ് തകർത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ 21 പന്തിൽ 49 റൺസ് പിറന്നു.
വിപുലിനെ നാലാം ഓവറിൽ പുറത്താക്കി വിഘ്നേഷ് പുത്തൂരാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ മുഹമ്മദ് ഷാനു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ച് പന്തുകളിൽ നിന്ന് 15 റൺസുമായി മടങ്ങി. അക്ഷയ് ചന്ദ്രനായിരുന്നു വിക്കറ്റ്. പകരമെത്തിയ ക്യാപ്ടൻ സാലി സാംസൺ (6) ആദ്യ പന്തിൽ തന്നെ സിക്സുമായി തുടങ്ങിയെങ്കിലും രണ്ട് പന്തുകൾക്കപ്പുറം ആ ഓവറിൽ തന്നെ അക്ഷയ് ക്ലീൻ ബൗൾഡാക്കി.
കെ ജെ രാകേഷ് (12) സഞ്ജു സാംസൻ (13), നിഖിൽ തോട്ടത്ത് (9)എന്നിവരും കാര്യമായ സംഭാന നൽകാതെ മടങ്ങി. സഞ്ജുവിനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. തുടരെ വീണ വിക്കറ്റുകൾ കൊച്ചിയുടെ റൺറേറ്റിനെയും ബാധിച്ചു. പിന്നീട് വാലറ്റത്ത് തകർത്താടിയ ആൽഫി ഫ്രാൻസിസിന്റെ ഉജ്ജ്വല ഇന്നിംഗ്സാണ് കൊച്ചിയെ മികച്ച സ്കോറിൽ എത്തിച്ചത്. 13 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 31 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ് നായരും, അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ആലപ്പിയെ 4 വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫും മുഹമ്മദ് ആഷിഖും ചേർന്നാണ് തകർത്തത്.
അക്ഷയ് ചന്ദ്രനും (33), ജലജ് സക്സേനയും (16) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ആലപ്പിയ്ക്ക് നൽകിയത്. എന്നാൽ സ്കോർ 43ൽ നിൽക്കെ ജലജ് സക്സേനയെ ക്ലീൻ ബൗൾഡാക്കി കെ എം ആസിഫ് കൊച്ചിയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. 11 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനെ ആൽഫി ഫ്രാൻസിസും പിന്നാലെ അക്ഷയ് ചന്ദ്രനെ വിനൂപ് മനോഹരനും പുറത്താക്കിയതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.പിന്നീടെത്തിയവരിൽ അഭിഷേക് പി നായർ ഒഴികെ എല്ലാവരും നിരാശപ്പെടുത്തിയതോടെ ആലപ്പിയുടെ വെല്ലുവിളി 149റൺസിൽ അവസാനിച്ചു. 13 പന്തുകളിൽ നിന്ന് നാല് ഫോറടക്കം അഭിഷേക് 29 റൺസ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |