കൊച്ചി ബ്ളൂ ടൈഗേഴ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് തൃശൂർ ടൈറ്റാൻസ്
കൊച്ചി 188/7,തൃശൂർ 189/5
സഞ്ജു സാംസൺ 46 പന്തുകളിൽ 89 റൺസ്
അജ്നാസിന് ഹാട്രിക് ഉൾപ്പടെ അഞ്ചുവിക്കറ്റ്
അഹമ്മദ് ഇമ്രാന്റെ 40 പന്തുകളിൽ 72 റൺസ്
തിരുവനന്തപുരം : ആദ്യം സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ട്. പിന്നാലെ ഹാട്രിക്കും സഞ്ജുവിന്റേത് ഉൾപ്പടെ അഞ്ചുവിക്കറ്റുമായി അജ്നാസിന്റെ ബൗളിംഗ് വിസ്മയം. തീർന്നില്ല ചേസിംഗിൽ ആരവം തീർത്ത അർദ്ധസെഞ്ച്വറിയുമായി അഹമ്മദ് ഇമ്രാൻ(72). ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആറാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത സിജോമോൻ ജോസഫിന്റേയും (42*), എ.കെ അർജുന്റേയും (31*) വിജയഇന്നിംഗ്സ്. മത്സരത്തിന്റെ അവസാന പന്ത് സ്ട്രെയ്റ്റ് ബൗണ്ടറിയിലേക്ക് പറത്തി തൃശൂരിന്റെ തലൈവൻ സിജോമോൻ ജോസഫാണ് വിജയറൺ നേടിയത്.
ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ളൂ ടൈഗേഴ്സ് 46 പന്തുകളിൽ നാലുഫോറും ഒൻപത് സിക്സുമടക്കം പായിച്ച സഞ്ജുവിന്റെ മികവിൽ 188/7 എന്ന സ്കോറിലേക്കെത്തി. കഴിഞ്ഞദിവസം കൊല്ലം സെയ്‌ലേഴ്സിനെതിരെ സെഞ്ച്വറി നേടിയതിന്റെ തുടർച്ചയെന്നോണം ഓപ്പണറായിറങ്ങി ബാറ്റുവീശിയ സഞ്ജു 18-ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നു. രണ്ടാം ഓവറിൽ വിനൂപ് മനോഹരനും (5),11-ാം ഓവറിൽ ഷാനുവും (24),14-ാം ഓവറിൽ നിഖിലും (14),16-ാം ഓവറിൽ സലിയും (16) പുറത്തായെങ്കിലും സഞ്ജു ടീമിനെ മുന്നോട്ടുനയിച്ചു. ഷാനുവിനെയും സലിയേയും പുറത്താക്കിയിരുന്ന അജ്നാസ് 18-ാംഓവറിലെ അടുത്തടുത്ത പന്തുകളിൽ സഞ്ജു ജെറിൻ മുഹമ്മദ് ആഷിഖ് എന്നിവരെ പുറത്താക്കി ഹാട്രിക് തികച്ചത്.അജ്നാസാണ് പ്ളേയർ ഒഫ് ദ മാച്ചും.
മറുപടിക്കിറങ്ങിയ തൃശൂരിനായി അഹമ്മദ് ഇമ്രാൻ തുടക്കം മുതൽ അടി തുടങ്ങിയെങ്കിലും മറുവശത്ത് ആനന്ദ് കൃഷ്ണൻ(7), ഷോൺ റോജർ (8),വിഷ്ണു മേനോൻ(3) എന്നിവർ മടങ്ങിയിരുന്നു. നാലാംവിക്കറ്റിൽ അക്ഷയ് മനോഹറിനൊപ്പം 51 റൺസ് കൂട്ടിച്ചേർത്ത ഇമ്രാൻ 14-ാം ഓവറിൽ ടീമിനെ 117/5ലെത്തിച്ച ശേഷമാണ് മടങ്ങിയത്.40 പന്തുകളിൽ ഏഴു ഫോറും നാലു സിക്സുമടക്കമായിരുന്നു ഇമ്രാന്റെ അർദ്ധസെഞ്ച്വറി. തുടർന്ന് ക്രീസിലൊരുമിച്ച സിജോയും അർജുനും ചേർന്ന് വിജയിക്കാൻ 72 റൺസാണ് കൂട്ടിച്ചേർത്തത്.
ഈ സീസണിലെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ആദ്യ തോൽവിയാണിത്.കൊച്ചിക്കും തൃശൂരിനും ആറ് പോയിന്റ് വീതമായി.കൊച്ചി ഇന്ന് കാലിക്കറ്റിനേയും തൃശൂർ ട്രിവാൻഡ്രത്തേയും നേരിടും.
ഇന്നത്തെ മത്സരങ്ങൾ
കാലിക്കറ്റ് Vs കൊച്ചി
2.30 pm മുതൽ
തൃശൂർ Vs ട്രിവാൻഡ്രം
6.45 pm മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |