
ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിന് ഇന്ന് തമിഴ്നാട്ടിൽ തുടക്കം
ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യ ഇന്ന് ചിലിക്കെതിരെ
ചെന്നൈ : 14-ാമത് ജൂനിയർ ലോകകപ്പ് ഹോക്കി ടൂർണമെന്റിന് ഇന്ന് ചെന്നൈയിലും മധുരയിലുമായി തുടക്കമാകും. മധുരയിൽ ഇന്ന് രാവിലെ ഒൻപതിന് നടക്കുന്ന ആദ്യ മത്സരത്തിൽ ജർമ്മനി ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ഇന്ന് വൈകിട്ട് 5.45ന് ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 10നാണ് ഫൈനൽ.
ആതിഥേയരായ ഇന്ത്യയ്ക്കൊപ്പം വിവിധ വൻകരകളിൽ നിന്നായി 23 ടീമുകളും ചേർന്നാണ് ലോകകപ്പിനായി പോരാടുന്നത്. നാലുടീമുകൾ അടങ്ങുന്ന ആറ് പൂളുകളായാണ് പ്രാഥമിക റൗണ്ട് പോരാട്ടം. ഓരോ പൂളിലേയും ഒന്നാംസ്ഥാനക്കാരും എല്ലാ പൂളുകളിൽ നിന്നുമായി മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലെത്തും. ഏഴ് തവണ കിരീടം നേടിയിട്ടുള്ള ജർമ്മനി എ പൂളിലാണ്. നിലവിലെ ചാമ്പ്യന്മാരും ജർമ്മനിയാണ്. കാനഡ, അയർലാൻഡ്,ദക്ഷിണാഫ്രിക്ക എന്നിവരും എ ഗ്രൂപ്പിലുണ്ട്. ചിലിയും സ്വിറ്റ്സർലാൻഡും ഒമാനും അടങ്ങുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ.
മുൻ ചാമ്പ്യന്മാരായ അർജന്റീനയാണ് സി പൂളിലെ കരുത്തർ. ലോകകപ്പിനായി ചെന്നൈയിൽ ആദ്യമെത്തിയ ടീമുകളിലൊന്നാണ് അർജന്റീന. ഏഷ്യൻ രാജ്യങ്ങളായ ചൈനയ്ക്കും ജപ്പാനുമൊപ്പം ന്യൂസിലാൻഡും സി പൂളിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ സ്പെയ്നാണ് ഡി പൂളിലെ ശക്തന്മാർ.യൂറോപ്യൻ കരുത്തന്മാരായ ബെൽജിയവും സ്പെയ്നിന് ഒപ്പമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ ഈജിപ്തും നമീബിയയുമാണ് ഡി പൂളിലെ മറ്റ് രണ്ട് ടീമുകൾ. ഇ പൂളിൽ മാറ്റുരയ്ക്കുന്നത് ഓസ്ട്രിയയും ഇംഗ്ളണ്ടും മലേഷ്യയും നെതർലാൻഡ്സുമാണ്. എഫ് പൂളിൽ നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസിനൊപ്പം ഓസ്ട്രിയ,ബംഗ്ളദേശ്,ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയ എന്നിവരുണ്ട്.
പാകിസ്ഥാൻ ഇല്ല
ഇന്ത്യയിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാൻ കളിക്കാനെത്തില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ടീം പിന്മാറുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരേ പൂളിലായാണ് ആദ്യം മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്നത്. പാകിസ്ഥാൻ പിന്മാറ്റം അറിയിച്ചതോടെ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പകരം ഒമാനെ ഇന്ത്യയുടെ പൂളിൽ ഉൾപ്പെടുത്തി.
ഇന്ത്യയിൽ
നാലാം തവണ
ഇത് നാലാം തവണയാണ് ഇന്ത്യ ജൂനിയർ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. 2013ൽ ഡൽഹിയിൽ വച്ചായിരുന്നു ആദ്യം. പിന്നീട് 2016ൽ ലക്നൗവും 2021ൽ ഭുവനേശ്വറും ലോകകപ്പ് വേദികളായി. രണ്ട് തവണ ലോകകപ്പ് ജേതാക്കളാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2001ൽ ഓസ്ട്രേലിയയിലെ ഹൊബാർട്ടിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി കിരീടം നേടുന്നത്. 2016ൽ ലക്നൗവിലും ഇന്ത്യയായിരുന്നു ജേതാക്കൾ.
ശ്രീജേഷിന്റെ വലിയ വെല്ലുവിളി
പാരീസ് ഒളിമ്പിക്സിന് ശേഷം കളിക്കുപ്പായം അഴിച്ചുവച്ച് ഇന്ത്യൻ ജൂനിയർ ടീമിന്റെ മുഖ്യ പരിശീലകനായ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ലോകകപ്പ്.സ്ഥാനമേറ്റശേഷം ജൂനിയർ ഏഷ്യാകപ്പിൽ സ്വർണവും സുൽത്താൻ ഒഫ് ജോഹർ കപ്പിൽ വെള്ളിയും നേടിക്കൊടുക്കാൻ ശ്രീജേഷിന് കഴിഞ്ഞിരുന്നു. എന്നാൽ ലോകകപ്പിലേക്ക് എത്തുമ്പോൾ എതിരാളികൾ കൂടുതൽ ശക്തരാണ്.ചിലിയും സ്വിറ്റ്സർലാൻഡും ഒമാനുമടങ്ങുന്ന ബി ഗ്രൂപ്പിൽ നിന്ന് മുന്നിലേക്ക് എത്തുമ്പോൾ വെല്ലുവിളി ശക്തമാകും. നവംബർ 28ന് ചിലിക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 29ന് ഒമാനെയും ഡിസംബർ രണ്ടിന് സ്വിറ്റ്സർലാൻഡിനെയും നേരിടും.
രോഹിത് നയിക്കുന്ന ഇന്ത്യൻ ടീം ലോകകപ്പിന് മുന്നൊരുക്കമായി ജർമ്മനിയിൽ നടന്ന ചതുരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. ജർമ്മനി, ബെൽജിയം,ഹോളണ്ട് ടീമുകൾക്കെതിരെയായിരുന്നു മത്സരങ്ങൾ. അതിനുശേഷം ബെംഗളുരുവിലെ പരിശീലനം കഴിഞ്ഞാണ് ശ്രീജേഷും സംഘവും ചെന്നൈയിലെത്തിയിരിക്കുന്നത്.
പൂൾ എ
ജർമ്മനി, കാനഡ, അയർലാൻഡ്,ദക്ഷിണാഫ്രിക്ക
പൂൾ ബി
ഇന്ത്യ, ചിലി,സ്വിറ്റ്സർലാൻഡ്, ഒമാൻ.
പൂൾ സി
അർജന്റീന, ചൈന,ജപ്പാൻ, ചൈന,ന്യൂസിലാൻഡ്.
പൂൾ ഡി
ബെൽജിയം, ഈജിപ്ത്, നമീബിയ, സ്പെയ്ൻ.
പൂൾ ഇ
ഓസ്ട്രിയ, ഇംഗ്ളണ്ട്, മലേഷ്യ, ഹോളണ്ട്.
പൂൾ എഫ്
ഓസ്ട്രേലിയ, ഇംഗ്ളണ്ട്, ഫ്രാൻസ്, ബംഗ്ളാദേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |