
വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ വിലയേറിയ താരമായി ദീപ്തി ശർമ്മ
ആശ 1.1കോടിക്ക് യു.പി വാരിയേഴ്സിൽ, സജന 75 ലക്ഷത്തിന് മുംബയ്‌യിൽ
മുംബയ് : വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി20 ക്രിക്കറ്റിന്റെ താരലേലത്തിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് വൻ ഡിമാൻഡ്. 3.2 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ ആൾറൗണ്ടർ ദീപ്തി ശർമയാണ് വിലയേറിയ താരം. ലേലത്തിന് മുന്നോടിയായി ദീപ്തിയെ ഒഴിവാക്കിയ യുപി, റൈറ്റ് ടു മാച്ച് മാർഗം വഴിയാണ് താരത്തെ തിരികെയെത്തിച്ചത്. 50 ലക്ഷം രൂപയ്ക്ക് ദീപ്തി ഡൽഹി വിളിച്ചപ്പോഴാണ് യു.പി വാരിയേഴ്സ് തങ്ങളുടെ മുൻതാരങ്ങളെ സ്വന്തമാക്കാനുള്ള റൈറ്റ് ടു മാച്ച് കാർഡ് പുറത്തെടുത്തത്. ഹർമൻപ്രീത് കൗർ, സ്മൃതി മാന്ഥന ഉൾപ്പടെയുള്ള താരങ്ങളെ ടീമുകൾ നേരത്തേ നിലനിറുത്തിയിരുന്നു.
മലയാളി താരം ആശ ശോഭനയെ യുപി വാരിയേഴ്സ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആശയെ ആർ.സി.ബി ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് യു.പി സ്വന്തമാക്കിയത്. മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് പഴയ ടീമായ മുംബയ് ഇന്ത്യൻസ് സ്വന്തമാക്കി. മലയാളി താരം മിന്നുമണിയെ 40ലക്ഷത്തിന് ഡൽഹി സ്വന്തമാക്കി. ആദ്യ ഘട്ടത്തിൽ മിന്നുമണിയെ ആരും ലേലത്തിലെടുത്തിരുന്നില്ല. രണ്ടാം ഘട്ടത്തിലാണ് മിന്നുവിനെ പഴയ ടീമായ ഡൽഹി കൂടെകൂട്ടിയത്.
ഇന്ത്യൻ ആൾറൗണ്ടർ ശിഖ പാണ്ഡ 2.4 കോടിരൂപയ്ക്ക് യു.പിയിലെത്തി.ഇന്ത്യയുടെ ലോകകപ്പ് താരമായ ശ്രീ ചരണിയെ 1.3 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസസ്സ്വന്തമാക്കി. ന്യൂസീലൻഡ് താരം അമേലിയ കെറിനാണ് ലേലവിലയിൽ രണ്ടാം സ്ഥാനം. മൂന്നു കോടി രൂപയ്ക്ക് മുംബയ് ഇന്ത്യൻസാണ് താരത്തെ ടീമിലെത്തിച്ചത്. ലേലത്തിന് മുൻപ് അമേലിയയെ നിലനിർത്താതിരുന്ന മുംബയ്, വമ്പൻ തുകയ്ക്ക് താരത്തെ തിരിച്ചു ടീമിലെത്തിക്കുകയായിരുന്നു.
ഓസ്ട്രേലിയൻ ക്യാപ്ടൻ അലീസ ഹീലിയെ ഒരുടീമും ലേലത്തിലെടുത്തില്ല. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ കളിച്ച ഉമ ഛേത്രി, പ്രതിക റാവൽ എന്നിവരെയും ആരും വാങ്ങിയില്ല.
മറ്റ് പ്രധാന താരങ്ങളും ടീമും ലേലത്തുകയും
മെഗ് ലാന്നിംഗ് - 1.9 കോടി -യു.പി വാരിയേഴ്സ്
സോഫി എക്ലെസ്റ്റൺ - 85 ലക്ഷം -യു.പി വാരിയേഴ്സ്
ഹർലീൻ ഡിയോൾ - 50 ലക്ഷം -യു.പി വാരിയേഴ്സ്
ക്രാന്തി ഗൗഡ് - 50 ലക്ഷം -യു.പി വാരിയേഴ്സ്
ലോറ വോൾവാട്ട് - 1.1 കോടി - ഡൽഹി ക്യാപ്പിറ്റൽസ്
ചിനെല്ലെ ഹെൻറി- 1.3 കോടി- - ഡൽഹി ക്യാപ്പിറ്റൽസ്
സ്നേഹ റാണ- 50 ലക്ഷം- ഡൽഹി ക്യാപിറ്റൽസ്
രാധ യാദവ് - 65 ലക്ഷം രൂപ-ആർ.സി.ബി
രേണുക സിംഗ് - 60 ലക്ഷം- ഗുജറാത്ത് ജയന്റ്സ്
സോഫി ഡിവൈൻ- 2 കോടി - ഗുജറാത്ത് ജയന്റ്സ്
ഹർമൻപ്രീത് കൗർ, സ്മൃതി മാന്ഥന ഉൾപ്പടെയുള്ള താരങ്ങളെ ടീമുകൾ നേരത്തേ നിലനിറുത്തിയിരുന്നു. സ്മൃതിയെ മൂന്നരക്കോടി രൂപയ്ക്ക് ആർ.സി.ബിയും ഹർമൻപ്രീതിനെ രണ്ടരക്കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസും ഷെഫാലി വെർമ്മയെ 2.20കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസുമാണ് നിലനിറുത്തിയത്.മൂന്നരക്കോടി വീതം നൽകി നാഷ് ഷീവർ ബ്രണ്ടിനെ മുംബയ് ഇന്ത്യൻസും ആഷ്‌ലി ഗാർഡ്നറെ മുംബയ് ഇന്ത്യൻസും ലേലത്തിനിറക്കാതെ നിലനിറുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |